വോള്‍വോ എക്‌സ് സി 90 ടി 8; വൈദ്യുതിയിലും കുതിക്കുന്ന ഇരട്ടച്ചങ്കന്‍

By Web DeskFirst Published Sep 16, 2016, 11:29 AM IST
Highlights

സ്വീഡിഷ് ആഡംബര കാർ നിർമാതാക്കളായ വോള്‍വോയുടെ എക്‌സ്.സി 90 ടി 8 പുറത്തിറങ്ങി. നിലവിൽ ഇന്ത്യക്കായി പ്രത്യേകം ഒരുക്കിയ ഡീസൽ എൻജിനിൽ ഓടുന്ന വാഹനത്തിന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലാണ് പുറത്തിറങ്ങിയത്. ഇരട്ട എഞ്ചിനുകളോടു കൂടിയ എക്സ് സി 90 ടി 8 വൈദ്യുതിയിലും കുതിക്കും. വോൾവോ ഇന്ത്യയിൽ ഇറക്കുന്ന ഇത്തരത്തിലുള്ള ആദ്യ വാഹനമാണിത്.

ടി 8 പെട്രോൾ ട്വിൻ എൻജിനുമായി സഹകരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് എക്സ് സി 90 ടി 8 പ്ലഗ് ഇൻ ഹൈബ്രിഡിന്‍റെ പ്രത്യേകത. 2.0 ലിറ്റർ പെട്രോൾ യൂണിറ്റും ഇലക്ട്രിക് മോട്ടോറും ചേരുമ്പോൾ 400 പി.എസ്. ഊർജം ലഭിക്കും. നിലവിലെ എക്സ് സി 90 നിൽ ഉള്ള 8 -സ്പീഡ് ഐസിൻ ഗിയർ ബോക്സ് തന്നെയാണ് പുതിയതിലും.

എ ഡബ്ല്യു ഡി, സേവ്, ഓഫ്റോഡ്, പ്യുവർ, ഹൈബ്രിഡ് ആൻഡ് പവർ എന്നിങ്ങനെ ആറ് ഡ്രൈവിങ് മോഡുകളുണ്ട് പുതിയ വാഹനത്തിന്. സാഹചര്യത്തിനനുസരിച്ച് പെട്രോൾ എൻജിനിലോ, ഇലക്ട്രിക് മോട്ടോറിലോ അല്ലെങ്കിൽ രണ്ടിലും കൂടിയോ ഓടാൻ പാകത്തിലാണ് എക്സ് സി 90 ടി 8 പ്ലഗ് ഇൻ ഹൈബ്രിഡിനെ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഷാംഗ്ഹായ് മോട്ടോര്‍ ഷോയിലാണ് വോള്‍വോ എസ് സി അവതരിപ്പിക്കുന്നത്. സ്‌കെയിലബിള്‍ പ്രോഡക്റ്റ് ആര്‍ക്കിടെക്ചര്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിര്‍മ്മാണം.

ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സീറ്റുകള്‍ തുടങ്ങിയവ പുതിയ വോള്‍വോയുടെ സവിശേഷതയാണ്. ആവശ്യത്തിന് ലെഗ്‌സ്‌പേസും പുതിയ വോള്‍വോയില്‍ ലഭ്യമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ മാതൃകയിലുള്ള ടച്ച്‌സ്‌ക്രീനും റെഫ്രിജറേറ്ററും ഫോള്‍ഡ് ചെയ്യാവുന്ന ടേബിളുകളും  ബോവേഴ്‌സ് വില്‍ക്കിന്‍സ് ഓഡിയോ സിസ്റ്റവും വോള്‍വോയിലുള്ളത്.

സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കുന്ന നിര്‍മ്മാതാക്കളാണ് വോള്‍വോ. പിരേലി നോയിസ് ക്യന്‍സലിംഗ് സിസ്റ്റവും വാഹനത്തിന്റെ മികവ് വര്‍ധിപ്പിക്കുന്നു.  9.2kWh  ലിഥിയം ബാറ്ററിയാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 1.25 കോടി രൂപയാണ് പുതിയ വോള്‍വോയുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

 

click me!