ദാവോസ് ഉച്ചകോടിയില്‍ മോദി പങ്കെടുത്തേക്കും:ഒപ്പം ഷാറൂഖ് ഖാനും നൂറോളം കമ്പനി മേധാവികളും

By Web DeskFirst Published Dec 24, 2017, 8:31 PM IST
Highlights

ദില്ലി; ലോകസാമ്പത്തിക ഫോറത്തിന്റെ വാര്‍ഷികഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയേക്കും. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ദാവോസില്‍ വച്ച് ജനുവരി 22-നാണ് ഉച്ചകോടി ആരംഭിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിക്കിടയില്‍  സമ്മേളനത്തെ അഭിസംബോധന ചെയ്തും അദ്ദേഹം സംസാരിക്കും. 

ആഗോളതലത്തില്‍ പ്രശസ്തമായ ലോകസാമ്പത്തികഫോറത്തിന്റെ ഉച്ചകോടിയില്‍ ഇക്കുറി കാര്യമായ ഇന്ത്യന്‍ സാന്നിധ്യമുണ്ടാക്കുമെന്നാണ് സൂചന
. മുകേഷ് അംബാനി, ചന്ദാ കൊച്ചാര്‍, ഉദയ് കൊട്ടക്ക് തുടങ്ങിയ വ്യവസായികളും ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാനും സംവിധായകന്‍ കരണ്‍ ജോഹറും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടൊപ്പം നൂറോളം കമ്പനി മേധാവികളും ഇന്ത്യയില്‍ നിന്നും ദാവോസിലേക്ക് വരുന്നുണ്ട്. 

പ്രധാനമന്ത്രിയ്‌ക്കൊപ്പം ചില കേന്ദ്രമന്ത്രിമാരും ദാവോസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റലി, വാണിജ്യകാര്യമന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്രപ്രദാന്‍ എന്നിവരില്‍ ചിലരും ദാവോസിലെത്തും എന്നാണ് പുറത്തു വരുന്ന സൂചന. 1997-ല്‍ ദേവഗൗഡ പങ്കെടുത്ത ശേഷം മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയും സാമ്പത്തികഫോറത്തിന്റെ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല.
 

click me!