വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വിമാനം വൈകിയാലും ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം

Web Desk |  
Published : May 25, 2018, 02:59 PM ISTUpdated : Oct 02, 2018, 06:34 AM IST
വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വിമാനം വൈകിയാലും ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം

Synopsis

പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ കാരണം വിമാനം വൈകുമ്പോള്‍ അര്‍ദ്ധരാത്രിക്ക് ശേഷം മാത്രമേ പുറപ്പെടുവെങ്കില്‍ യാത്രക്കാരെ ഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും തിരികെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും വേണം.

യാത്രയ്ക്കിടെ വിമാനം വൈകുകയോ ലഗേജ് നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം രൂപം നല്‍കി. വിമാനം നാല് മണിക്കൂറിലധികം വൈകുമെന്ന് യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് വിമാനക്കമ്പനി അറിക്കുകയാണെങ്കില്‍ യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ വാങ്ങാം. പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ കാരണം വിമാനം വൈകുമ്പോള്‍ അര്‍ദ്ധരാത്രിക്ക് ശേഷം മാത്രമേ പുറപ്പെടുവെങ്കില്‍ യാത്രക്കാരെ ഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിക്കുകയും തിരികെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും വേണം.

കണക്ഷന്‍ വിമാനങ്ങള്‍ വൈകുകയാണെങ്കിലും യാത്രക്കാരന് നഷ്ടപരിഹാരം കിട്ടും. മൂന്ന് മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ 5000 രൂപയും നാല് മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാല്‍ 10,000 രൂപയും 12 മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 20,000 രൂപയും യാത്രക്കാരന് വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം. റണ്‍വേയില്‍ എത്തിച്ച ശേഷം വിമാനം പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കണം. യാത്രക്കാര്‍ വിമാനത്തില്‍ കയറിയ ശേഷം 90 മിനിറ്റ് വൈകുകയും അടുത്ത അര മണിക്കൂറിനുള്ളില്‍ വിമാനം പുറപ്പെടാന്‍ സാധ്യതയില്ലാതെയും വരികയാണെങ്കില്‍ യാത്രക്കാരെ പുറത്തിറക്കിയിരിക്കണം.

യാത്രാ തീയ്യതിയുടെ ഒരു ദിവസം മുന്‍പ് മുതല്‍ രണ്ടാഴ്ച മുന്‍പ് വരെയുള്ള സമയത്ത് വിമാനം റദ്ദാക്കിയതായുള്ള അറിയിപ്പ് നല്‍കിയാല്‍ യാത്രാ സമയത്തിന്റെ രണ്ട് മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനം സജ്ജീകരിക്കുകയോ മുഴുവന്‍ ടിക്കറ്റ് തുകയും തിരിച്ച് നല്‍കുകയോ വേണം. പുറപ്പെടേണ്ട സമയത്തിന് 24 മണിക്കൂറിനുള്ളില്‍ വിമാനം റദ്ദാക്കുകയാണെങ്കില്‍ പണം മുഴുവനായി യാത്രക്കാരന് തിരികെ നല്‍കണം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി എല്ലാ വിമാനങ്ങളിലും സീറ്റുകള്‍ നീക്കിവെയ്ക്കണം. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള സമയം വരെ ഈ സീറ്റുകള്‍ ഒഴിച്ചിടുകയും വേണം. യാത്രയ്ക്കിടയില്‍ യാത്രക്കാരന്‍ മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താലും വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണം.

ലഗേജുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ 3000 രൂപയാണ് യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുക. വിമാനം വൈകിയാല്‍ ഒരോ കിലോഗ്രാമിനും 1000 രൂപ വീതം നല്‍കണം. ലഗേജിന് തകരാറ് സംഭവിച്ചാലും 1000 രൂപ നഷ്ടപരിഹാരമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തശേഷം അത് ക്യാന്‍സല്‍ ചെയ്യാനോ മറ്റൊരു തീയ്യതിയിലേക്ക് മാറ്റാനോ 24 മണിക്കൂര്‍ സമയം യാത്രക്കാരന് നല്‍കണം. ഈ സമയത്തെ മാറ്റങ്ങള്‍ക്കോ ക്യാന്‍സലേഷനോ പണം ഈടാക്കാന്‍ പാടില്ല. വ്യോമയാന മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ ഇവ പ്രാബല്യത്തില്‍ വരും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി