വീണ്ടും കൈയടി വാങ്ങുന്ന ആസിഫ്; 'ആഭ്യന്തര കുറ്റവാളി' റിവ്യൂ

Published : Jun 06, 2025, 02:33 PM IST
Aabhyanthara Kuttavaali movie review asif ali Sethunath Padmakumar

Synopsis

സേതുനാഥ് പത്മകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍

കെട്ടിലോ മട്ടിലോ വലിപ്പത്തിലോ അല്ല, പറയുന്ന ഉള്ളടക്കം കൊണ്ടും അതിന്‍റെ അവതരണം കൊണ്ടുമാണ് സമീപകാലത്ത് ആസിഫ് അലിയുടെ പല ചിത്രങ്ങളും പ്രേക്ഷകരുടെ കൈയടി നേടിയത്. ആ വഴിയിലെ വേറിട്ട ശ്രമമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തിന്‍റെ ട്രെയ്ലറില്‍ അടക്കം നല്‍കിയിരുന്ന സൂചന പോലെ സ്ത്രീസംരക്ഷണത്തിന് വേണ്ടിയുള്ള നിയമം ചിലപ്പോഴെങ്കിലും ദുരുപയോഗം ചെയ്യപ്പെടുന്നത് ചൂണ്ടിക്കാട്ടുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി.

ഒരു സഹകരണ ബാങ്കില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരനാണ് സഹദേവന്‍. മിഡില്‍ ക്ലാസ് കുടരുംബത്തില്‍ പെട്ട സഹദേവന്‍ വിവാഹിതനാവുകയാണ്. നയനയാണ് വധു. എന്നാല്‍ വിവാഹത്തിന് മുന്‍പ് മനസില്‍ കണ്ടിരുന്നതുപോലെ ഒരു ജീവിതമല്ല അവര്‍ക്കിടയില്‍ സംഭവിക്കുന്നത്. സാധാരണമെന്ന് കരുതി ആദ്യമാദ്യം ഒഴിവാക്കി വിട്ടിരുന്ന പൊരുത്തക്കേടുകള്‍ പോകെപ്പോകെ വലിയ പൊട്ടിത്തെറികളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കുമൊക്കെ എത്തുകയാണ്. പ്ലോട്ട് എന്തെന്ന് ഏകദേശം സൂചിപ്പിച്ചിരുന്ന പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഇറക്കിക്കൊണ്ടുതന്നെയാണ് ചിത്രം കാണാന്‍ അണിയറക്കാര്‍ പ്രേക്ഷകരെ ക്ഷണിച്ചത്. അതിനാല്‍ത്തന്നെ അതിന്‍റെ അവതരണം എങ്ങനെയാവുമെന്നും ഇത്തരം ചിത്രങ്ങളില്‍ പലപ്പോഴും പ്രകടനം കൊണ്ട് ഞെട്ടിച്ചിട്ടുള്ള ആസിഫ് അലി ഇത്തവണ എങ്ങനെയുണ്ടാവുമെന്നുമൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക് അറിയാനുള്ള കൗതുകങ്ങള്‍.

പ്രമേയപരമായി ആസിഫിന്‍റെ തന്നെ കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് നേര്‍ വിപരീത ധ്രുവത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ലളിതമായ കഥ, എന്നാല്‍ മലയാള സിനിമ ഒരു മുഴുവന്‍ സിനിമയ്ക്കുള്ള വിഷയമായി അങ്ങനെ സ്പര്‍ശിക്കാത്ത ഒരു സംഗതിയെ മുന്‍നിര്‍ത്തി ഏറെ എന്‍ഗേജ്ഡ് ആയി കാണാവുന്ന ഒരു ഫാമിലി ഡ്രാമ സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകനായ സേതുനാഥ് പത്മകുമാര്‍. പറയുന്ന വിഷയത്തില്‍ ആശയക്കുഴപ്പമൊന്നുമില്ലാതെ എഴുതപ്പെട്ടിട്ടുള്ള ക്ലീന്‍ ആയ തിരക്കഥയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഒപ്പം ആസിഫ് അടക്കമുള്ളവരുടെ പ്രകടനങ്ങളും.

ഇമോഷണല്‍ രംഗങ്ങളില്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള ആസിഫ് അലിയുടെ ഒതുക്കമുള്ളതും അതേസമയം ഗംഭീരമായതുമായ പ്രകടനം ആഭ്യന്തര കുറ്റവാളിയില്‍ കാണാം. ആഖ്യാനത്തിന്‍റെ ആദ്യാവസാന വൈകാരികമായ വേലിയേറ്റങ്ങളില്‍ പെട്ട് ഉഴലുന്ന കഥാപാത്രങ്ങളെ ആസിഫ് മുന്‍പും മികവുറ്റതാക്കിയിട്ടുണ്ട്. ആ നിരയിലേക്ക് ചേര്‍ത്ത് വെക്കാന്‍ പറ്റിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളിയും. എത്ര വിവരിച്ചാലും അടുത്ത സുഹൃത്തുക്കള്‍ക്കോ വീട്ടുകാര്‍ക്കോ പോലും മനസിലാവാത്ത വൈകാരിക പ്രതിസന്ധിയില്‍ ഉഴലുന്ന നായകനായി എണ്ണംപറഞ്ഞ പ്രകടനമാണ് ആസിഫിന്‍റേത്. തുളസിയാണ് നയന എന്ന, ഏറെ അഭിനയപ്രാധാന്യമുള്ള നായികാവേഷത്തില്‍ എത്തിയിരിക്കുന്നത്. ആസിഫിന്‍റെ പ്രകടനത്തെ ജസ്റ്റിഫൈ ചെയ്യേണ്ട, ചിത്രത്തിലെ പ്ലോട്ടിന്‍റെ വിശ്വസനീയത പോലും ഷോള്‍ഡര്‍ ചെയ്യേണ്ട ഈ കഥാപാത്രത്തെ തുളസി മികവുറ്റതാക്കി. ഗാര്‍ഹിക പീഡന നിരോധന നിയമം പോലെയുള്ള ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രം ഒരു സ്റ്റഡി ക്ലാസ് പോലെ ഡ്രൈ ആയി അവതരിപ്പിച്ചില്ല എന്നതിനാണ് സംവിധായകനുള്ള മാര്‍ക്ക്. ആസിഫ് അവതരിപ്പിച്ച സഹദേവന്‍റെ സുഹൃത്തുക്കളായെത്തിയ അസീസ് നെടുമങ്ങാടിനും ആനന്ദ് മന്മഥനും കൂടി പോകുന്ന ക്രെഡ‍ിറ്റ് ആണ് അതിന്.

ബാലചന്ദ്രന്‍ ചുള്ളിക്കാട് ആണ് ചിത്രത്തില്‍ ആസിഫ് അലിയുടെ അച്ഛനായി എത്തിയിരിക്കുന്നത്. അമ്മയായി നീരജ രാജേന്ദ്രനും. വൈകാരികമായി വേലിയേറ്റങ്ങള്‍ തന്നെ സൃഷ്ക്കാന്‍ സ്കോപ്പ് ഉള്ള ഒരു വിഷയത്തെ കാര്യമാത്രപ്രസക്തമായും ലളിതമായും അതേസമയം ഗൗരവം ചോരാതെയും അവതരിപ്പിച്ചു എന്നതാണ് ആഭ്യന്തര കുറ്റവാളിയുടെ മേന്മ. സമീപകാലത്ത് കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ബിഗ് സ്ക്രീനില്‍ എത്തുന്ന വേറിട്ട കാഴ്ച കൂടിയാണ് ഈ ചിത്രം. ആസിഫ് അലിക്കുള്ള കൈയടി കൈയടക്കമുള്ള പ്രകടനത്തിന് മാത്രമല്ല, മറിച്ച് ഇത്തരം തിരക്കഥകള്‍ കണ്ടി തിരിച്ചറിയുന്ന മികവിന് കൂടിയാണ്.

PREV
Read more Articles on
click me!

Recommended Stories

സംഭാഷണങ്ങളിലേക്കുള്ള എത്തിനോട്ടം; 'വാട്ട് ഡസ്‌ നേച്ചർ സേ ടു യു' റിവ്യു
മാന്ത്രികയാഥാർത്ഥ്യങ്ങൾ പേറുന്ന തലമുറകളുടെ കഥ