ബ്രേക്ക് ഡാൻസിന്റെ ചടുലത നിറച്ച് മൂണ്‍വാക്ക്- റിവ്യു

Published : May 30, 2025, 02:21 PM ISTUpdated : May 30, 2025, 03:02 PM IST
ബ്രേക്ക് ഡാൻസിന്റെ ചടുലത നിറച്ച് മൂണ്‍വാക്ക്- റിവ്യു

Synopsis

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്കിന്റെ റിവ്യു.

ലോകത്തെ അള്‍ട്ടിമേറ്റ് എന്റര്‍ടെയ്‍നറായ മൈക്കിള്‍ ജാക്സണിന് സമര്‍പ്പിച്ച മലയാള ചിത്രമാണ് മൂണ്‍വാക്ക്. ആ സമര്‍പ്പണത്തില്‍ തുടങ്ങുന്നു മൂണ്‍വാക്ക് സിനിമയുടെ ആകെത്തുക. ബ്രേക്ക് ഡാൻസ് നിറയുന്ന മലയാള ചിത്രമാണ് മൂണ്‍വാക്ക്. നൃത്തച്ചുവടുകളാല്‍ സമ്പന്നമായ മൂണ്‍വാക്ക് അക്ഷരാര്‍ഥത്തില്‍ തിയറ്റര്‍ കാഴ്‍ചാനുഭവമാണ്.

നാട്ടില്‍ ഒരു പ്രമുഖ ഡാൻസ് ടീം വന്ന ബ്രേക്ക് ഡാൻസ് കളിക്കുന്നു. ആളാരവങ്ങളുടെ നിറുകയില്‍ നില്‍ക്കുന്ന അവരെ കണ്ട് കൊതിച്ച് ബ്രേക്ക് ഡാൻസിലേക്ക് ആകൃഷ്‍ടരാകുന്ന ഒരു കൂട്ടം കൗമാരക്കാരക്കാരുടെ കഥ പറയുന്ന ചിത്രമാണ് മൂണ്‍വാക്ക്. ബ്രേക്ക് ഡാൻസിന്റെ ആവേശം ചിത്രത്തിലുടനീളമുണ്ട്. കൗമാര പ്രണയവും ഡാൻസും പാട്ടുമെല്ലാം നിറയുന്ന ചിത്രം ആവേശത്തോടെ കണ്ടുതീര്‍ക്കാവുന്ന ഒന്നാണ്.

ജേക്ക്, ഷാജി, കുര്യാക്കോസ്, വരുണ്‍, ഷിബു, അര്‍ജുൻ എന്നീ കൗമാരക്കാരുടെയും സുദീപ്, സുര എന്ന കൂട്ടുകാരുടെയും കഥയാണ് മൂണ്‍വാക്ക് പ്രമേയമമാക്കുന്നത്. ഇവര്‍ ഒരു ബ്രേക്ക് ഡാൻസ് ടീമുണ്ടാക്കാൻ ശ്രമിക്കുന്നു. സിംഗപ്പൂരില്‍ പ്രവാസിയായി സുദീപിന്റെ സഹായത്തോടെ ബ്രേക്ക് ഡാൻസിന്റെ നൃത്തച്ചലനങ്ങള്‍ പഠിച്ചെടുക്കുകയാണ് വിദ്യാര്‍ഥികളായ ജേക്കും വരുണും ഷിബുവുമൊക്കെ. ചെറിയ ചെറിയ പ്രോഗ്രാമുകളില്‍ പങ്കെടുത്ത് പേരെടുക്കുന്ന അവര്‍ നിര്‍ണായക മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും മറ്റും സിനിമയെ ഉദ്വേഗജനകമാക്കുന്നു.

പ്രകടനത്തില്‍ പ്രമേയത്തിന്റെ സന്ദര്‍ഭങ്ങളനുസിച്ച് ചേരുന്ന പ്രധാന അഭിനേതാക്കളാണ് ചിത്രത്തിന്റെ ഒരു ആകര്‍ഷണം. അരുണ്‍നാഥ്, ഋഷി കൈനിക്കര, സിദ്ധാര്‍ഥ് ബി, സുജിത്ത് പ്രഭാകര്‍, അര്‍ജുൻ മണിലാല്‍, മനോജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൗമാരക്കാരുടെ പ്രണയവും ചടുലതയും വീറും വാശിയുമെല്ലാം കഥ ആവശ്യപ്പെടുംവിധം കൃത്യമായി പകര്‍ത്തിയിരിക്കുന്നു ഇവര്‍. മലയാളത്തിന്റെ പുതു വാഗ്‍ദാനങ്ങളെന്ന് വിളിച്ചറിയിക്കുന്നുണ്ട് ചിത്രത്തിലെ അഭിനേതാക്കളെല്ലാം.

വിനോദ് എ കെയാണ് സംവിധായകൻ. പ്രമേയത്തിനൊത്ത ആഖ്യാനം ഒരുക്കാൻ മൂണ്‍വാക്കില്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ബ്രേക്ക് ഡാൻസിന്റെ ചടുലത നിറഞ്ഞതാണ് ചിത്രത്തിന്റെ ആഖ്യാനം. നിരവധി പ്രധാന താരങ്ങളുണ്ടെങ്കിലും ചിത്രത്തില്‍ എല്ലാവര്‍ക്കും സ്വന്തമായ വ്യക്തിത്വം ഒരുക്കിയെടുക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ടെന്നതും പ്രകടമാണ്.

സുനില്‍ ഗോപാലകൃഷ്‍ണൻ, വിനോദ് കെ, മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് മൂണ്‍വാക്കിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 1992കളുടെ പശ്ചാത്തലത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രസകരവും ചടുലവുമായ മുഹൂര്‍ത്തങ്ങളിലൂടെ കഥാ സന്ദര്‍ഭങ്ങള്‍ ഒരുക്കിയെടുക്കുന്നതില്‍ തിരക്കഥാകൃത്തുക്കള്‍ സാമര്‍ഥ്യം കാട്ടിയിരിക്കുന്നു. ബ്രേക്ക് ഡാൻസിനൊപ്പം ഇമോഷണനും കണക്റ്റാവുന്നുണ്ട് തിരക്കഥയില്‍ എന്നതാണ് പ്രധാനം.

മൂണ്‍വാക്കില്‍ പശ്ചാത്തല സംഗീതത്തിനും കൃത്യമായ ഒരു റോളുണ്ട്. പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതം ചിത്രത്തില്‍ ചടുലത നിറയ്‍ക്കാൻ പോന്നതാണെന്ന് വ്യക്തം. സിനിമാറ്റോഗ്രാഫിയും പ്രമേയത്തിനൊത്ത് ചേരുംപടി ചേരുന്നതാണ്. അൻസര്‍ ഷായാണ് ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു
പ്രതികാരത്തിൽ കൊത്തിയെടുത്ത വിചിത്ര കഥ; 'പൊങ്കാല' റിവ്യു