
കമല്‍ഹാസനും മണിരത്നവും നായകന്‍ എന്ന ചിത്രം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലേറെ കഴിഞ്ഞ് ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് 'തഗ് ലൈഫ്'. പേര് പോലെ തന്നെ ജീവിതത്തില്‍ ജനിച്ച് വീഴുന്ന സമയം മുതല്‍ തഗായി ജീവിക്കേണ്ടി വരുന്ന രങ്കരായ ശക്തിവേല്‍ എന്ന ഗ്യാങ്സ്റ്ററിന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
രങ്കരായ ശക്തിവേലിന്‍റെ ജീവിതത്തിലേക്ക് അമര്‍ എന്ന കുട്ടി എങ്ങനെ വന്നു എന്ന ഒരു വലിയ സീക്വന്‍സിലാണ് ചിത്രം ആരംഭിക്കുന്നത്. അമറിന് ആ രംഗത്തില്‍ സ്വന്തം പിതാവിനെ നഷ്ടപ്പെടുന്നു, അനിയത്തി ചന്ദ്രയെ കൈവിട്ടുപോകുന്നു. അവിടെ നിന്ന് അമറും ശക്തിവേലും ഒന്നിച്ച് യാത്ര തുടങ്ങുന്നു. ഇതേ യാത്ര അവസാനം എവിടെ തുടങ്ങിയോ അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ തിരക്കഥ എന്ന് പറയാം.
കൃത്യമായ ഇമോഷണല്‍ ഹുക്കുകളോടെ, കഥാപാത്രങ്ങളുടെ അഭിനയ ചാരുതയിലും ഫ്രൈമുകളിലും പ്രേക്ഷക ഹൃദയം കീഴടക്കുന്ന പതിവ് മണിരത്നം ശൈലിയിലാണ് ഈ ഗ്യാങ്സ്റ്റര്‍ പടം ഒരുക്കിയിരിക്കുന്നത്. കമല്‍ഹാസന്‍ എന്ന ഉലഗനായകനെ, വിന്‍വിളി നായകനായി അവതരിപ്പിക്കുന്ന ചാരുത പലയിടത്തും കാണാനുണ്ട്. ഗ്യാങ്സ്റ്റര്‍ എന്ന വിശേഷണത്തില്‍ തന്നെ അപ്പോളജിറ്റിക്കലായ റിലേഷന്‍സ് അയാള്‍ക്ക് ലൈഫിലുണ്ടെന്ന് സ്ഥാപിക്കുന്നുണ്ട്, രചിതാവ് കൂടിയായ സംവിധായകന്‍. അത്തരത്തില്‍ ഒന്നാണ് തൃഷയുടെ ഇന്ദ്രാണി രങ്കരായ ശക്തിവേല്‍ ബന്ധം.
വലിയൊരു താരനിരയുണ്ടെങ്കിലും കമലിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന ക്യാരക്ടര്‍ ടിആര്‍ സിലമ്പരസന്‍റെ അമര്‍ എന്ന ക്യാരക്ടറാണ്, ഒരു കൈയ്യാള്‍ എന്ന നിലയില്‍ നിന്നും രണ്ടാം പകുതിയില്‍ മറ്റൊരു ലൈഫ് ഈ കഥാപാത്രത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. സ്ക്രീന്‍ സ്പേസ് ചിലപ്പോള്‍ വലിയ രീതിയില്‍ ഇല്ലെങ്കിലും മലയാളത്തിന്‍റെ ജോജു കാഞ്ഞിരപ്പള്ളിക്കാരന്‍ പത്രോസ് എന്ന വേഷത്തില്‍ ഗംഭീരമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കമലുമായി നടത്തുന്ന ഫൈറ്റ് സീന്‍.
രങ്കരായ ശക്തിവേലിന്‍റെ ഭാര്യ ജീവയായി അഭിരാമി മികച്ച രീതിയില്‍ തന്‍റെ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കമലുമായുള്ള അടുക്കള രംഗത്തില്‍ അടക്കം അഭിരമി നന്നായി പെര്‍ഫോം ചെയ്യുന്നു. നാസര്‍, അശോക് സെല്‍വന്‍, അലി ഫൈസല്‍ ഇങ്ങനെ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
എആര്‍ റഹ്മാന്‍റെ സംഗീതം പതിവ് പോലെ മണിരത്നം ചിത്രത്തിന്‍റെ പ്രധാന രസക്കൂട്ട എന്നത് പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാനങ്ങളുടെ ഉപയോഗം പലപ്പോഴും കഥയ്ക്കൊപ്പം ചേര്‍ന്ന രീതിയിലാണ്. ഒന്‍പതോളം പാട്ടുകള്‍ പ്ലേ ലിസ്റ്റില്‍ ഉണ്ടെങ്കിലും ചിത്രത്തില്‍ ആവശ്യത്തിന് അനുസരിച്ച് മാത്രമാണ് അവയുടെ ഉപയോഗം. ചിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഇന്‍റര്‍വെല്‍ ബ്ലോക്കില്‍ ഉപയോഗിക്കുന്ന പാശ്ചത്തല സംഗീതം നന്നായി വന്നിട്ടുണ്ട്.
രവി കെ ചന്ദ്രന്‍റെ ക്യാമറ, ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിംഗ്, അന്‍പ് അറിവിന്‍റെ സ്റ്റണ്ട് കൊറിയോഗ്രാഫി എന്നിവയെല്ലാം ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്. പുതുമകള്‍ അവതരണത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കുന്നതിനപ്പുറം പലവട്ടം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയില്‍ നാം കണ്ടുമറന്ന രീതികള്‍ തഗ് ലൈഫിലും ഉണ്ട്. അതിനാല്‍ തന്നെ എല്ലാവരുടെയും മാസ് സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്തുമോ എന്ന് പറയാന്‍ സാധിക്കില്ല.