ഇത് ലോക്കലല്ല, വെസ്റ്റേണുമാണ്, ത്രസിപ്പിക്കുന്ന അഞ്ചക്കള്ളകോക്കാൻ, റിവ്യു

By Web TeamFirst Published Mar 15, 2024, 8:33 PM IST
Highlights

ലുക്‍മാന്റെ അഞ്ചക്കള്ളകോക്കാന്റെ റിവ്യു വായിക്കാം.

'അഞ്ചക്കള്ളകോക്കാൻ'. പേരിലെ വേറിടലാണ് ഇന്നിറങ്ങിയ അഞ്ചക്കള്ളകോക്കാനിലേക്ക് ആദ്യം പ്രേക്ഷകന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടാകുക. 'പഴമ' പ്രതിഫലിപ്പിക്കുന്ന ആ 'പുതുമ' ചിത്രത്തിന്റെ പേരില്‍ മാത്രമല്ല കാഴ്‍ചയിലും കേള്‍വിയിലും ഉടനീളം നിറയുന്നതാണ് അഞ്ചക്കള്ളകോക്കാന്റെ തിയറ്റര്‍ കാഴ്‍ചയും. നാട്ടുത്തനിമയുടെ പശ്ചാത്തലത്തില്‍ വേര് പടര്‍ത്തുന്ന സിനിമാ കാഴ്‍ച പുതുകാലത്തിലെ ആഖ്യാന കൗശലത്തോടെ യഥാര്‍ഥമെന്ന് അനുഭവിപ്പിക്കുന്ന ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെയും അന്നാട്ടുകാരുടെയും നിഗൂഢവും ഉദ്വേഗജനകവുമായ കഥയാണ്  ഇതള്‍ വിരിയിച്ചെടുക്കുന്നത്.

കഥാ പശ്ചാത്തലം കാളഹസ്‍തിയാണ്. കന്നഡയും മലയാളം ഇഴചേര്‍ന്ന ഭാഷാ പറച്ചിലുകളാണ് നാട്ടുകാരുടേത്. വരത്തൻമാരും അന്നാട്ടില്‍ ചുവടുറപ്പിച്ച് തുടങ്ങിയിരിക്കുന്നു. അന്നാട്ടിലെ പ്രമാണിയാണ് ചാപ്ര. രാഷ്ട്രീയക്കാരെയും പൊലീസുകാരെയുമൊക്കെ പ്രലോഭനത്താല്‍ ചേര്‍ത്തുനിര്‍ത്തുന്നയാള്‍. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ ചാപ്ര കൊല്ലപ്പെടുന്നു. ചാപ്ര കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ആദ്യം പുറംലോകത്തിലേക്ക് എത്തുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, ചാപ്രയുടെ കൊലപാതകിയെ പെട്ടെന്ന് കണ്ടെത്തേണ്ടത് പൊലീസുകാര്‍ക്കും രാഷ്‍ട്രീയക്കാര്‍ക്കും അനിവാര്യമായ ഒന്നാകുന്നു. തുടര്‍ന്നുള്ള അന്വേഷണവും സമാന്തരമായ വിവിധ കഥകളുടെ അടരുകളും അത്യന്തം ആകാംക്ഷഭരിതവും പിരിമുറുക്കവും നിറഞ്ഞതാക്കുകയും ചെയ്യുകയാണ് അഞ്ചക്കള്ളകോക്കാനില്‍.

കേരളത്തിന്റെയും കര്‍ണാടകത്തിന്റെ അതിര്‍ പ്രദേശത്താണ് കഥ നടക്കുന്നത്. കാളഹസ്‍തി പൊലീസ് സ്റ്റേഷനാണ് സിനിമയുടെ കഥയില്‍ കേന്ദ്ര പശ്ചാത്തലം. സ്റ്റേഷന്റെ തലവനേക്കാളും നടവരമ്പൻ പീറ്ററാണ് കേസുകളില്‍ നിര്‍ണായക തീരുമാനത്തിലേക്ക് എത്തിക്കുന്നത്. അവിടേക്കാണ് വാസുദേവൻ ട്രെയിനിംഗിന് ശേഷം ആദ്യമായി പൊലീസായി ജോയിൻ ചെയ്യാൻ എത്തുന്നത്. പരുക്കൻമാരായ പൊലീസുകാരുടെ കൂട്ടത്തിലേക്കാണ് വാസുദേവനെത്തുന്നത്. പേടിത്തൊണ്ടനായ വാസുദേവൻ നടവരമ്പൻ പീറ്ററടക്കമുള്ളവര്‍ക്കൊപ്പം കേസ് അന്വേഷണമുള്‍പ്പടെയുള്ള പൊലീസ് നടപടികളില്‍ നിര്‍ണായകമായ ഭാഗമാകുന്നുണ്ടെങ്കിലും മാറ്റിനിര്‍ത്തലും നേരിടേണ്ടി വരുന്നു. ഒടുവില്‍ അന്വേഷണം എത്തിനില്‍ക്കുന്നതാകട്ടെ തുടര്‍ കഥാ ഗതിയിലെ ഒരു നിര്‍ണായക ട്വിസ്റ്റിലും എന്നതാണ് അഞ്ചക്കള്ളകോക്കാനെ ഉദ്വേഗജനകമാക്കുന്നത്.

സംവിധാനം നടൻ ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പനാണ്. അരേങ്ങേറ്റത്തിലേ ഉല്ലാസ് ചെമ്പൻ വരവറിയിരിച്ചിരിക്കുന്നു. ആഖ്യാനത്തിലെ ചടുലതയും കൗശലവും മാത്രമല്ല കഥാ അവതരണത്തിലെ വിശ്വസനീയതയും ലാളിത്യമെങ്കിലും ഗൗരവമാര്‍ന്ന സമീപനവുമെല്ലാം ഉല്ലാസ് ചെമ്പനെ അഞ്ചക്കള്ളകോക്കാനിലൂടെ ഭാവിയിലും പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധായകനായി മാറ്റിയിരിക്കുന്നു. കേരളത്തിന്റെ വേരുകളില്‍ നിന്നുള്ള കഥ സിനിമയാക്കുമ്പോഴും പുതുമ അനുഭവിപ്പിക്കാനാകുന്നു എന്നതാണ് ഉല്ലാസ് ചെമ്പന്റെ ആഖ്യാനത്തിലെ പ്രധാന പ്രത്യേകതയും.

തിരക്കഥ എഴുതിയിരിക്കുന്നതും ഉല്ലാസ് ചെമ്പനാണ്. നാടോടി കലാരൂപമായ പൊറാട്ട് നാടകമാണ് കഥയുടെ അടിസ്ഥാന തന്തുവായി ഉല്ലാസ് ചെമ്പൻ സ്വീകരിച്ചിരിക്കുന്നത്. പണ്ട് കുട്ടികളെ പേടിപ്പിക്കാൻ അഞ്ചക്കള്ളകോക്കാൻ കഥാപാത്രത്തെ മുതിര്‍ന്നവര്‍ ഉപയോഗിക്കാറുണ്ട്. സിനിമയിലും അതാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ പാലക്കാട്ടെ പാണ സമുദായക്കാരുടെ കഥാ അവതരണമാണ് പൊറാട്ട് നാടകം എന്ന പേരിലുള്ള നാടോടി രംഗ കലയായി വിശേഷിപ്പിക്കപ്പെടുന്നത്. പൊറാട്ടുനാടകം സമര്‍ഥമായി സന്നിവേശിപ്പിക്കുമ്പോള്‍ അഞ്ചക്കള്ളകോക്കാൻ സിനിമ സ്വത്വ രാഷ്‍ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നത്, പാണ സമുദായത്തില്‍ നിന്നുള്ള വാസുദേവൻ എന്ന കഥാപാത്രം നിര്‍ണായകമായി ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല കഥയുടെ വിവിധ അടരുകളില്‍ നേര്‍ത്ത ചരടിലെന്ന പോലെ ആകെയും നിറയുന്നു എന്നതിനാലാണ്. കഥയില്‍ നാട്ടില്‍ വേരുറപ്പിക്കുമ്പോഴും പാശ്ചാത്യ സിനിമകളുടെ അവതരണ ശൈലി തെല്ലൊന്നു പിന്തുടരുകയും ചെയ്യുന്നുണ്ട് അഞ്ചക്കള്ളകോക്കാൻ ആഖ്യാനത്തിലും തിരക്കഥയിലും രംഗ സന്നിവേശങ്ങളിലും.

അഞ്ചക്കള്ളകോക്കാനില്‍ നിറഞ്ഞാടുന്നത് ചെമ്പൻ വിനോദാണ്. വിവിധ തലങ്ങളുള്ള നടവരമ്പൻ പീറ്ററെന്ന കഥാപാത്രത്തിന്റെ മാനസികവും ശാരീരികവുമായ രൂപ ഭാവങ്ങളിലേക്ക് ചെമ്പൻ വിനോദ് തന്നെ അനായാസേന ചേര്‍ത്തിരിക്കുന്നു. ശബ്‍ദഘോഷങ്ങളുള്ള ഒരു നായക കഥാപാത്രമല്ലാഞ്ഞിട്ടും സിനിമയില്‍ ലുക്‍മാൻ ഒരു നടൻ എന്ന നിലയില്‍ നിര്‍ണായകമാകുന്നത് പേടിത്തൊണ്ടനായ വാസുദേവനായി പക്വതയാര്‍ന്ന സ്വാഭാവിക പ്രകടനത്തിലൂടെയാണ്. മണികണ്ഠൻ ആര്‍ ആചാരിക്ക് പുറമേ ചിത്രത്തില്‍ സെന്തില്‍ കൃഷ്‍ണ, മെറിൻ ജോസ്, മേഘ തോമസ്, ശ്രീജിത്ത് രവി, മെറിൻ ഫിലിപ്പ് എന്നിവരും പ്രമേയത്തിന്റെ സ്വഭാവത്തിനൊത്ത പ്രകടനത്തോടെ മികച്ച് നില്‍ക്കുന്നു.

അഞ്ചക്കള്ളകോക്കാന്റെ താളം മണികണ്ഠൻ അയ്യപ്പന്റെ സംഗീതത്തില്‍ ഭദ്രം. ഒരു ഇൻവെസ്റ്റിഗേറ്റീവ് റിവഞ്ച് ഴോണര്‍ സിനിമയില്‍ നാടോടി സംസ്‍കാരത്തിന്റെ തനിമയും പശ്ചാത്ത്യ ശൈലിയുടെ ഇഴകിച്ചേരലുമെല്ലാം ത്രില്ലിംഗായും കഥ പറച്ചലിന്റെ അടിവരയിടലായും അനുഭവഭേദ്യമാക്കുന്നതില്‍ മണികണ്ഠൻ അയ്യപ്പന്റെ പശ്ചാത്തല സംഗീതം നിര്‍ണായക പങ്കു വഹിച്ചിരിക്കുന്നു. ആക്ഷനിലും മികവ് പുലര്‍ത്തുന്ന അഞ്ചക്കള്ളകോക്കാനിലെ ദൃശ്യ ഭംഗി കേവലം പ്രകൃതി സൗന്ദര്യത്തിന്റെ പകര്‍ത്തലുകള്‍ക്കുപരിയായി നിറങ്ങളും വെളിച്ചത്തിന്റെ ഇടകലരുകളുമെല്ലാം സമര്‍ഥമായി ഉപയോഗിച്ച അരുണ്‍ മോഹന്റെ സമര്‍ഥമായ ഛായാഗ്രാഹണമാണ്. രോഹിത് വി എസ് വാര്യരുടെ കട്ടിംഗും നിര്‍ണായകമാണ്.

Read More: മാസ്റ്റർപീസ്, മമ്മൂട്ടി സാർ രാക്ഷസനടികർ: സോഷ്യൽ മീഡിയ ഭരിച്ച് 'ഭ്രമയു​ഗം', പുകഴ്ത്തി ഇതര ഭാഷക്കാരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!