ആര്‍ത്തി നിറയുന്ന അന്ധകാര- റിവ്യു

By Web TeamFirst Published Feb 16, 2024, 6:47 PM IST
Highlights

സത്യം തുറന്നുകാട്ടുന്ന അന്ധകാര.

അന്ധകാരയെന്ന പേരിന്റെ ആകെത്തുകയാകുന്നു സിനിമയും. ദിവ്യ പിള്ള കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രമായ അന്ധകാര സമൂഹത്തിലെ ഇരുട്ടു നിറഞ്ഞ ഒരു ലോകത്തേയ്‍ക്കാണ് പ്രേക്ഷകന്റെ കാഴ്‍ചകളെ ക്ഷണിക്കുന്നത്. സമൂഹത്തിന് രോഗുതരമായി തീര്‍ന്നിരിക്കിരിക്കുന്ന അവയവ മാഫിയുടെ ക്രൂരത നിറഞ്ഞ ആര്‍ത്തിയാണ് അന്ധാകരയില്‍ നിറയുന്നതും. എ സര്‍ട്ടിഫിക്കറ്റുമായി എത്തിയ അന്ധകാര സിനിമ കേവലം വിനോദ കാഴ്‍ച എന്നതിലുപരിയായി സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒന്നാക്കി മാറ്റാണ് സംവിധായകൻ വസുദേവ് സനല്‍ ശ്രമിച്ചിട്ടുള്ളത്.

ഡോ. ഫിദയാണ് കേന്ദ്ര കഥാപാത്രം. ഡോ. ഫിദയും അവയവ മാഫിയില്‍പെട്ടതാണെന്ന് തുടക്കത്തിലെ വെളിപ്പെടുത്തുന്നുണ്ട്. എത്രമാത്രം ഫിദ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് സിനിമയുടെ പിന്നീടുള്ള സഞ്ചാരങ്ങളില്‍ ഓരോ പടിപടിയായി തെളിയുന്ന തരത്തിലാണ് അന്ധകാരയുടെ ആഖ്യാനം. അരവിന്ദൻ എന്ന ടാക്സി ഡ്രൈവര്‍ സിനിമയുടെ സമാന്തര പാതയിലും ഡോ. ഫിദയുടെ കഥയ്‍ക്കൊപ്പവും അന്ധകാരത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വ്യത്യസ്‍ത അടരുകളിലെ ജീവിതങ്ങളാണ് ഇരുവരുടേതെങ്കിലും സിനിമയുടെ ഒരു ഗതിയില്‍ ഡോ. ഫിദയ്‍ക്കൊപ്പം അരവിന്ദനും ഉണ്ടാകുന്നു എന്നത് അന്ധകാരയുടെ ഇമോഷണല്‍ വശംകൂടിയാണ്.

ഡോ. ഫിദയുടെ പങ്കാളിയാണ് ജോര്‍ജ്. ഫിദ ഓസ്‍ട്രേലിയല്‍ സെറ്റില്‍ഡാകാൻ തീരുമാനിക്കുകയും ജോര്‍ജ് നാട്ടില്‍ ആ ജോലിയില്‍ കുറച്ചുകാലം തുടരാനും ഉറപ്പിച്ചിരിക്കുകയാണ്. എന്തുകൊണ്ട് ഡോ ഫിദ ഓസ്‍ട്രേലിയയിലേക്ക് ജോര്‍ജിനെ കൊണ്ടുപോകുന്നില്ല എന്നത് സസ്‍പെൻസ് ഘടകമാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് അന്ധകാരയുടെ വഴിത്തിരിവും.

അവയവക്കടത്ത് മാത്രമല്ല മനുഷ്യ മനസ്സിലെ ഇരുട്ടും അന്ധകാര പകര്‍ത്തുന്നു. ചോര തീര്‍ക്കുന്ന വയലൻസും അപ്പാടെയുണ്ട്.  സിനിമ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസ്യതയില്‍ ചോദ്യമുയര്‍ത്തു, പണത്തോടുള്ള ആര്‍ത്തിയും തുറന്നു കാട്ടപ്പെടുന്നു. 

ചടുലതയോടുള്ള ആഖ്യാനമാണ് സംവിധായകൻ വസുദേവ് സനലിന്റേത്. ഗിമ്മിക്കുകള്‍ക്ക് ശ്രമിക്കാതെ പ്രേക്ഷകന് മനസിലാകുന്ന സിനിമാ ഭാഷ സ്വീകരിക്കാനും വസുദേവ് സനല്‍ ജാഗ്രത കാട്ടിയിട്ടുണ്ട്. അന്ധകാരയിലെ ഓരോ അടരും അടയാളപ്പെടുത്തുന്നതില്‍ സംവിധായകൻ വിജയിച്ചിരിക്കുന്നു. അര്‍ജുൻ ശങ്കറിന്റെയും  പ്രശാന്ത് നടേശന്റെയും തിരക്കഥയും അന്ധകാരയുടെ പ്രമയേത്തിന്റെ പ്രസക്‍തി വ്യക്തമായി പ്രതിഫലിപ്പിക്കുന്ന ഗൌരവത്തോടെയാണ്.

ഡോ. ഫിദയായിരിക്കും ദിവ്യാ പിള്ളയാണ്. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് ദിവ്യ പിള്ള.  ക്രൂരതയില്‍ നില തെറ്റുന്ന ഫിദയുടെ രംഗം അതീവ തീവ്രതയോടെയാണ് ദിവ്യാ പിള്ള പകര്‍ത്തിയിരിക്കുന്നത്. ജോര്‍ജായി ചന്തുവും മികവ് കാട്ടിയിരിക്കുന്നു.

അരവിന്ദനെ അവതരിപ്പിച്ച നടൻ ആ കഥാപാത്രത്തിന്റെ പലകുറി മാറ്റപ്പെടുന്ന ഭാവങ്ങളത്രയും സ്വാഭാവികതയോടെ അവതരിപ്പിച്ചിരിക്കുന്നു. ധീരജ് ഡെന്നി, സുധീര്‍ കരമന തുടങ്ങിയവര്‍ക്കൊപ്പം വിനോദ് സാഗറും അന്ധാകരയിലുണ്ട്. മനോ വി നാരായണിന്റെ ഛായാഗ്രാഹണം ചിത്രത്തിന്റെ പ്രമേയത്തിനൊത്താണ്. അസ്വസ്ഥതയും ഭീതിയും ജനിപ്പിക്കുന്ന അരുണിന്റെ സംഗീതം അന്ധകാരയുടെ വിവിധ അടരുകള്‍ക്ക് അടിവരയിടുന്നു.

Read More: മണിച്ചിത്രത്താഴിലെ ആ കാരണവര്‍ പോറ്റിയായിരുന്നെങ്കില്‍?, വീഡിയോ അമ്പരപ്പിക്കും, എജ്ജാതി മിക്സിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!