Night Drive review : ത്രില്ലടിപ്പിച്ച് 'ഒരു രാത്രി സവാരി', 'നൈറ്റ് ഡ്രൈവി'ന്റെ റിവ്യു

Web Desk   | Asianet News
Published : Mar 11, 2022, 09:27 PM ISTUpdated : Mar 11, 2022, 09:37 PM IST
Night Drive review :  ത്രില്ലടിപ്പിച്ച് 'ഒരു രാത്രി സവാരി', 'നൈറ്റ് ഡ്രൈവി'ന്റെ റിവ്യു

Synopsis

പുതുതലമുറയില്‍ വേറിട്ട അഭിനേതാക്കളാണ് തങ്ങളെന്ന് വീണ്ടും അടിവരയിടുകയാണ് റോഷനും അന്നയും- 'നൈറ്റ് ഡ്രൈവ്' റിവ്യു (Night Drive review).  

ഒരു രാത്രി സവാരി. അത് സങ്കീര്‍ണമായ ചില പ്രശ്‍നങ്ങളിലേക്ക് അവരെ എത്തിക്കുന്നു. ചില വഴിത്തിരുവകള്‍. 'വേട്ടയാടപ്പെടുന്നവര്‍ വേട്ടക്കാരാകുന്നു' എന്ന് ഒരു അടിവരയും. ഇങ്ങനെ ലളിതമായ കഥാചുരുക്കം. 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയെ കുറിച്ചുള്ള പ്രമോഷണല്‍ മെറ്റീരിയലുകളായി പുറത്തുവന്നത് ഇതൊക്കെയായിരുന്നു. തിയറ്ററുകളില്‍ കാത്തിരിക്കുന്നതാകട്ടെ അമ്പരിപ്പിക്കുന്ന സിനിമാനുഭവമാണ്. ത്രില്ലടിപ്പിക്കുന്ന തിരക്കഥയും അതിനൊത്ത ആഖ്യാനവും റിലയലിസ്റ്റിക് പ്രകടനങ്ങളും കൊണ്ട് വിസ്‍മയിപ്പിക്കുകയാണ് 'നൈറ്റ് ഡ്രൈവ്' (Night Drive review).

തിരക്കഥയിലെ ഇഴമുറുക്കത്താലാണ് 'നൈറ്റ് ഡ്രൈവ്' വിസ്‍മയമായി മാറുന്നത്. എഴുത്ത് തെല്ലൊന്നു മാറിയാല്‍ ചിലപ്പോള്‍ സങ്കീര്‍ണവും പ്രേക്ഷകനില്‍ നിന്ന് അകന്നുനിന്നേക്കാവുന്നതും ആവര്‍ത്തനമായേക്കാവുന്നതുമായിരുന്നു കഥാചുരുക്കം. പക്ഷേ തിരക്കഥയെഴുത്തിലെ ജാഗ്രതയും കണിശതയുമാണ് സിനിമയ്‍ക്ക് കരുത്താകുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.

ബ്രഹ്‍മാണ്ഡ സിനിമകളാണ് വൈശാഖിന്റെ സംവിധാനത്തില്‍ മിക്കവരും പ്രതീക്ഷിക്കുക. ട്രോളുകളിലും വൈശാഖിന്റെ പേര് അങ്ങനെ നിറഞ്ഞിട്ടുണ്ട്. ആഘോഷത്തിന്റെ ആറാട്ടായി മാറിയ സിനിമകള്‍ വൈശാഖിന്റെ സംവിധാനത്തില്‍ പലതവണ വൻ ഹിറ്റായതിന്റെ ഉദാഹരങ്ങളാണ് അങ്ങനെയൊരു മുൻ പ്രതീക്ഷകളിലേക്ക് പ്രേക്ഷകനെ നയിക്കുന്നത്. വഴിമാറി 'വിശുദ്ധൻ' എന്ന സിനിമയും വൈശാഖ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. പക്ഷേ വൈശാഖിന്റെ മുൻ സിനിമകളില്‍ നിന്ന് അകലം പാലിക്കുന്നുവെന്നതാണ് 'നൈറ്റ് ഡ്രൈവി'ന്റെ കാഴ്‍ചാനുഭവം. വൈശാഖിന്റെ മറ്റ്  ഹിറ്റ് സിനിമകളില്‍ നിന്ന് വേറിട്ടുള്ള അസ്‍തിത്വത്തിലാണ് 'നൈറ്റ് ഡ്രൈവി'ന്റെ പോക്ക്. സങ്കീര്‍ണമായ കഥാഗതികള്‍ പോലും ദുര്‍ഗ്രഹതകളില്ലാതെ തന്നെ ത്രില്ലടിപ്പിച്ച് വിശ്വസനീയമായി പ്രേക്ഷകന്റെ ആകാംക്ഷകളോട് ചേര്‍ത്തുവയ്‍ക്കുന്ന ആഖ്യാനമാണ് വൈശാഖ് 'നൈറ്റ് ഡ്രൈവി'നായി സ്വീകരിച്ചിരിക്കുന്നത്. 'നൈറ്റ് ഡ്രൈവ്' ഒരു കൊച്ചു സിനിമയായി തോന്നുമ്പോള്‍ തന്നെ മികച്ചൊരു ത്രില്ലര്‍ അനുഭവമായി മാറുന്നതിനും സഹായകരമാകുന്നത് വൈശാഖിന്റെ ക്രാഫ്റ്റാണ്.

അഭിനേതാക്കളില്‍ അന്ന ബെന്നും റോഷൻ മാത്യുവുമാണ് കേന്ദ്ര സ്ഥാനത്ത്. സമാന്തരമായി ഇന്ദ്രജിത്തും. യൂബര്‍ ഡ്രൈവറാണ് റോഷൻ മാത്യുവിന്റെ 'ജോര്‍ജി'. അന്ന ബെന്നിന്റെ 'റിയ' ആകട്ടെ പ്രമുഖ മാധ്യമപ്രവര്‍ത്തകയും. ഇരുവരും പ്രണയിതാക്കളും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നവരുമാണ്. ഉറച്ച നിലപാടുകളാണ് 'റിയ'യുടേത്. 'ജോര്‍ജി'യയെ പക്ഷേ അയഞ്ഞ സ്വഭാവക്കാരനായിട്ടാണ് 'നൈറ്റ് ഡ്രൈവി'ന്റെ തുടക്കത്തില്‍ കാണുന്നതെങ്കിലും വേറിട്ട മുഖത്തിലേക്കുള്ള ഒരു പരിവര്‍ത്തനവുമുണ്ട്. മറ്റൊരു കഥാപാത്രം പറയും പോലെ ഒറ്റ ബുദ്ധിക്കാരനായ പൊലീസ് ഓഫീസര്‍ 'ബെന്നി മൂപ്പനാ'ണ് ഇന്ദ്രജിത്തിന്റേത്. കോഴിക്കോടൻ സംസാരത്തില്‍ മന്ത്രിയായി സിദ്ധിഖും ചിത്രത്തിലുണ്ട്. 'കപ്പേള'യ്‍ക്ക് ശേഷം റോഷൻ മാത്യുവും അന്ന ബെന്നും വെള്ളിത്തിരിയില്‍ ഒന്നിക്കാൻ എടുത്ത തീരുമാനം വെറുതേയായില്ല. ഇവരുടെ കെമിസ്‍ട്രി മറ്റ് സംവിധായകരുടെയും ശ്രദ്ധ ക്ഷണിക്കും. പുതുതലമുറയില്‍ വേറിട്ട അഭിനേതാക്കളാണ് തങ്ങളെന്ന് വീണ്ടും അടിവരയിടുകയാണ് റോഷനും അന്നയും. റിയലിസ്റ്റിക്കാണ് ഇവരുടെ പ്രകടനങ്ങള്‍ എന്നതിനാല്‍ കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷന് വിശ്വസനീയമാകുന്നു. പക്വതയുള്ള പ്രകടനമാണ്  ഇന്ദ്രജിത്ത് ഇത്തവണയും കാഴ്‍ചവച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെയാണ് എഴുത്തുകാരനും സംവിധായകനും 'നൈറ്റ് ഡ്രൈവി'ല്‍ ആവേശം ചേര്‍ക്കാനും വഴിത്തിരുവുകള്‍ സൃഷ്‍ടിക്കാനും ഉപയോഗിച്ചതും. അത് കൃത്യമായി നടപ്പില്‍ വരുത്തിയിരിക്കുന്നു ഇന്ദ്രജിത്ത്. കൈലാഷിന്റെ കാസ്റ്റിംഗാണ് എടുത്തു പറയേണ്ട മറ്റൊന്ന്. 'ബാലു'വിന്റെ നിഷ്‍കളങ്കതയ്‍ക്ക് കൈലാഷിന്റെ മുഖം കൃത്യമായി ചേരുന്നു. കലാഭാവൻ ഷാജോണിന്റെ അടക്കിപ്പിടിച്ച ക്രൗര്യം വേറിട്ടൊരു ഭാവത്തില്‍ കാണാം. സന്തോഷ് കീഴാറ്റൂരിനെ മധ്യവയസ്‍കനായ ഒരു പൊലീസ് ഉദ്യോഗസ്ഥനായി കാണുന്നതിന്റെ കൗതുകവുമുണ്ട്.

ഷാജികുമാറിന്റ ക്യാമറ സംവിധായകൻ വൈശാഖിന്റെ ആഖ്യാന ചാരുതയെ കൃത്യമായി പകര്‍ത്തിയിരിക്കുന്നു. 'രാത്രി ദൃശ്യ'ങ്ങളിലടക്കം അത് തെളിഞ്ഞു കാണാം. 'നൈറ്റ് ഡ്രൈവ്' എന്ന സിനിമയ്‍ക്ക് ത്രില്ലര്‍ അനുഭവം നല്‍കുന്നതിന് രഞ്‍ജിൻ രാജിന്റെ പശ്ചാത്തല ശബ്‍ദം വൈശാഖിന് തുണയാകുന്നു. സിനിമയുടെ തുടക്കം മുതല്‍ കൃത്യമായ പശ്ചാലത്തല ശബ്‍ദത്തെ വിന്ന്യസിച്ചിട്ടുണ്ട് രഞ്‍ജിൻ രാജ്. സുനില്‍ സി പിള്ളയുടെ കട്ടുകളും 'നൈറ്റ് ഡ്രൈവി'നെ പ്രേക്ഷകാനുഭവമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ