Radhe Shyam review : ഇത് മറ്റൊരു പ്രഭാസ്, തിളങ്ങി പൂജ ഹെഗ്‌ഡെ; വിഷ്വല്‍ ട്രീറ്റായി രാധേ ശ്യാം റിവ്യൂ

By Web TeamFirst Published Mar 11, 2022, 1:00 PM IST
Highlights

പ്രഭാസ് എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഓര്‍മ്മ വരുന്നത് ആക്ഷന്‍ ചിത്രങ്ങളായിരിക്കും. എന്നാല്‍ വ്യത്യസ്‌തമാണ് രാധേ ശ്യാം. 

ഹൈദരാബാദ്: രാധ കൃഷ്‌ണ കുമാര്‍ (Radha Krishna Kumar) തിരക്കഥയൊരുക്കി സംവിധാനം ചെയ്‌ത രണ്ടാം ചിത്രമാണ് രാധേ ശ്യാം (Radhe Shyam). തെലുഗു സിനിമയിലെ സൂപ്പര്‍ഹീറോമാരില്‍ ഒരാളായ പ്രഭാസും (Prabhas) പൂജ ഹെഗ്‌ഡെയും (Pooja Hegde) ഒന്നിക്കുന്ന പീരിയോഡിക് ഡ്രാമ സിനിമയെന്ന നിലയിലാണ് രാധേ ശ്യാം വാര്‍ത്തകളില്‍ നിറഞ്ഞത്. ആക്ഷന്‍ ചിത്രങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ച പ്രഭാസിന് ഏതുതരം വേഷവും വഴങ്ങും എന്ന് തെളിയിക്കുകയാണ് രാധേ ശ്യം. ഒപ്പം പൂജ ഹെഗ്‌ഡെയ്‌ക്കും ഏറെ പ്രത്യേകതകള്‍ അവകാശപ്പെടാനുണ്ട് ചിത്രത്തിലൂടെ. കൊവിഡ് പ്രതിസന്ധി കാരണം ഏറെത്തവണ റിലീസ് മാറ്റിവച്ച ചിത്രം തിയറ്ററിലെത്തിയപ്പോള്‍ പ്രതീക്ഷ മാഞ്ഞില്ല. 

പ്രഭാസ് എന്ന പേര് കേള്‍ക്കുമ്പോള്‍ ചലച്ചിത്ര പ്രേമികള്‍ക്ക് ഓര്‍മ്മ വരുന്നത് ബാഹുബലി എന്ന ചിത്രമായിരിക്കും. പ്രഭാസിന്‍റെ ആരാധകവ്യൂഹം ഭാഷകള്‍ക്ക് അപ്പുറത്തേക്ക് വര്‍ധിപ്പിച്ച ചിത്രം കൂടിയാണത്. പീരിയോഡിക് റൊമാന്‍റിക് ഡ്രാമ സിനിമയായ രാധേ ശ്യാമിലേക്കെത്തുമ്പോള്‍ ആരാധകരെ പ്രണയം കൊണ്ട് കൂടുതല്‍ ആകര്‍ഷിക്കുകയാണ് പ്രഭാസ്. തന്‍റെ പതിവ് കംഫര്‍ട്ട് സോണിന് പുറത്ത് ആക്ഷന്‍ അധികമില്ലാതെ തകര്‍ക്കുകയാണ് തെന്നിന്ത്യന്‍ താരം. ഇതില്‍ പ്രഭാസിന് വിജയം അവകാശപ്പെടാം. 

ടെയ്‌ലറില്‍ നല്‍കിയ പ്രണയ സൂചനയുടെ ആഘോഷമാകുന്നുണ്ടോ രാധേ ശ്യാം എന്ന ചോദ്യം തിയറ്ററില്‍ ഉയരുന്നുണ്ട്. വലിയ സസ്‌പെന്‍സുകളും ട്വിസ്റ്റുകളുമില്ലെങ്കിലും പ്രഭാസ് ആരാധകരെ പിടിച്ചിരുത്താനുള്ള വിഷ്യല്‍ ട്രീറ്റ് രാധേ ശ്യാം ഒരുക്കുന്നുണ്ട്. ഹസ്‍തരേഖ വിദഗ്‍ധന്‍റെ  വേഷമാണ് പ്രഭാസിന്. ഹീറോ, ഹീറോയിന്‍, വില്ലന്‍ എന്നീ പതിവ് ത്രികോണ രസതന്ത്രത്തിന് പുറത്ത് പ്രണയത്തെ പ്രതിഷ്‌ഠിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതാണ് പുതുമ. ഒപ്പം പൂജ ഹെഗ്‌ഡെ കൂടിച്ചേരുമ്പോള്‍ രാധേ ശ്യാം ആരാധകരുടെ പ്രതീക്ഷ കാക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്‍റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന പൂജയ്‌ക്ക് കരിയര്‍ ബ്രേക്ക് നല്‍കുന്ന ചിത്രമാകും രാധേ ശ്യാം എന്നാണ് പറയാനുള്ളത്. 

ഭാഗ്യശ്രീ, കൃഷ്‌ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയ താരങ്ങളും പ്രകടനം കൊണ്ട് ശ്രദ്ധേയം. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് കുറച്ചുകൂടി ആഴവും പരപ്പും തിരക്കഥയില്‍ നല്‍കാമായിരുന്നു. 

തെലുഗുവിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് രാധേ ശ്യാം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ഏറ്റവും വലിയ സവിശേഷത ദൃശ്യങ്ങള്‍ തന്നെ. 350 കോടി രൂപയോളം മുടക്കി നിര്‍മ്മിച്ച സിനിമയില്‍ മിഴിവാര്‍ന്ന വിഎഫ്‌എക്‌സ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയടക്കമുള്ള വിദേശ ലൊക്കേഷനുകളും സിനിമയുടെ ദൃശ്യഭാഷയ്‌ക്ക് കൂടുതല്‍ മിഴിവേകുന്നു. മനോജ് പരമഹംസ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് പൂര്‍ണത പ്രകടം. രാധേ ശ്യാമിന്‍റെ രംഗങ്ങള്‍ക്ക് പ്രണയ താളം നല്‍കാന്‍ കോത്തഗിരി വെങ്കടേശ്വര റാവുവിന്‍റെ എഡിറ്റിംഗിന് കഴിഞ്ഞു. മലയാളിയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടിയുടെ ശബ്‍ദ രൂപകല്‍പനയും ഗംഭീരം. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

നിഗൂഢതകളും ആക്ഷനും നിറഞ്ഞ പ്രണയ ത്രില്ലര്‍ ഇഷ്‌ടപ്പെടുന്ന ചലച്ചിത്ര പ്രേമികള്‍ക്ക് തീര്‍ച്ചയായും കണ്ടിരിക്കാവുന്ന സിനിമയാണ് രാധേ ശ്യാം. തന്‍റെ രണ്ടാം സിനിമ എന്ന നിലയ്‌ക്ക് സംവിധായകന്‍ രാധ കൃഷ്‌ണ കുമാറിനും നേട്ടമാകും രാധേ ശ്യാം. മുന്‍ ചിത്രം ജില്‍ ആക്ഷന്‍ സിനിമയായിരുന്നെങ്കില്‍ രണ്ടാം ചിത്രത്തിലൂടെ മറ്റൊരു പാത തുറക്കുകയാണ് രാധ കൃഷ്‌ണ കുമാര്‍. പ്രഭാസിന്‍റെ പ്രണയ സിനിമയും യൂറോപ്പിന്‍റെ മനോഹാരിത പകര്‍ത്തിയ വിഷ്വല്‍ പാക്കേജും എന്ന നിലയിലാവും രാധേ ശ്യാം ശ്രദ്ധിക്കപ്പെടുക. 

Radhe Shyam Audience response : സ്‌ക്രീനില്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും; പ്രതീക്ഷ കാത്തോ രാധേ ശ്യാം?

click me!