Twenty One Gms review : അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും ക്ലൈമാക്സും, '21 ഗ്രാംസ്' റിവ്യു

By Web TeamFirst Published Mar 18, 2022, 6:27 PM IST
Highlights

അനൂപ് മേനോൻ ചിത്രം 'ട്വന്റി വണ്‍ ഗ്രാംസ്' റിവ്യു  (Twenty One Gms review).
 

ഒരു സസ്‍പെൻസ് ത്രില്ലര്‍ ചിത്രം കാണാൻ പോകുമ്പോള്‍ നാം പ്രതീക്ഷിക്കുന്നത് എന്തൊക്കെയാകും?. സ്വാഭാവികയും അതില്‍ ഒരു പ്രധാന കാര്യം ട്വിസ്റ്റുകള്‍ തന്നെ. മര്‍ഡര്‍ ത്രില്ലര്‍ ചിത്രമായി വരുമ്പോള്‍ കൊലപാതകിയിലേക്കുള്ള അന്വേഷണമാണ് ആകാംക്ഷയുണ്ടാക്കുക. ആരായിരിക്കും കൊലപാതകി എന്ന 'ഗസ് ഗെയിം' നടത്താൻ  പ്രേക്ഷകനെ കൂടി  പ്രേരിപ്പിക്കുകയും ഒടുവില്‍ അതില്‍ നിന്ന് വേറിട്ട കഥാന്ത്യം നല്‍കി അമ്പരപ്പിക്കുകയും ചെയ്‍താല്‍  സസ്‍പെൻസ് മര്‍ഡര്‍ ത്രില്ലര്‍ ലക്ഷ്യം കണ്ടുവെന്ന് പറയാം. അങ്ങനെയൊരു ആഖ്യാനത്തിലെത്തിയിരിക്കുന്ന ചിത്രമാണ് '21 ഗ്രാംസ്'. അമ്പരിപ്പിക്കുന്ന ട്വിസ്റ്റും ചേര്‍ന്നപ്പോള്‍ ചിത്രം പ്രേക്ഷകനെ തിയറ്റര്‍ വിട്ടിറങ്ങിയാലും ആലോചിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായി മാറുകയും ചെയ്‍തിരിക്കുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ എന്ന ഴോണറില്‍  കയ്യടക്കത്തോടെ കഥ പറഞ്ഞ് ബിബിൻ കൃഷ്‍ണ എന്ന സംവിധായകൻ വരവറിയിച്ചിരിക്കുകയാണ് (Twenty One Gms review).

ക്യാമറ ഗിമ്മിക്കുകളടക്കമുള്ള സഹായത്താലല്ല ബിബിൻ കൃഷ്‍ണൻ '21 ഗ്രാംസി'ല്‍ ആകാംക്ഷകള്‍ നിറച്ചിരിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകത. 'ട്വന്റി വണ്‍ ഗ്രാംസി'ന് തിരക്കഥ തന്നെയാണ് അടിത്തറ. കഥയുടെ ഓരോ വഴിത്തിരിവും വിശ്വസനീയമാം വിധമാക്കി മാറ്റാൻ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകന്റെ ഊഹങ്ങള്‍ക്കൊപ്പമാണ് കാര്യങ്ങളെന്ന് തോന്നിപ്പിക്കുകയും വളരെ പെട്ടെന്ന് കുതറിമാറുകയും വീണ്ടും  ആ തോന്നല്‍ സൃഷ്‍ടിക്കുകയും  ഒടുവില്‍ വൻ അമ്പരപ്പ് ഉണ്ടാക്കാനും' 21 ഗ്രാംസി'ന് കഴിഞ്ഞിരിക്കുന്നത് തിരക്കഥയുടെ പ്രത്യേകത കൊണ്ടുതന്നെയാണ്. പ്രേക്ഷകനെയും ഒപ്പം ചേര്‍ക്കുന്ന  ആഖ്യാനം സ്വീകരിക്കുന്നതില്‍ നവാഗത സംവിധായകനായ ബിബിൻ കൃഷ്‍ണ വിജയിച്ചിരിക്കുന്നു. 

സഹോദരിയും സഹോദനും അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെടുന്നു. ക്രൈം ബ്രാഞ്ച് 'ഡിവൈഎസ്‍പി നന്ദകിഷോര്‍' അത് അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാചുരുക്കം. 'നന്ദകിഷോര്‍' എങ്ങനെയാണ് കേസ് അന്വേഷിക്കുന്നത് എന്നതല്ല ചിത്രത്തിന്റെ ആകര്‍ഷണം. കൊലപാതകി ആരെന്ന ആശയക്കുഴപ്പത്തില്‍ പ്രേക്ഷകനെ കുടുക്കുന്ന കഥാഗതികളും ആഖ്യാനവുമാണ് ചിത്രത്തിന്റെ പ്രത്യേകത. ആ പസില്‍ ഒടുവില്‍ പൂരിപ്പിക്കുന്നയിടത്താണ് ചിത്രം ഒരു തുടര്‍ച്ചയിലേക്കുള്ള സാധ്യതയും മുന്നിലിട്ട് തല്‍ക്കാലം അവസാനിക്കുന്നത്. കൊലപാതകയെ തിരിച്ചറിയുകയും ഇനിയെന്ത് എന്ന് ആലോചിക്കാനുള്ള അവകാശം  പ്രേക്ഷകനു വിട്ടുകൊടുത്താണ് റിനീഷ് കെ എൻ നിര്‍മിച്ച 21 ഗ്രാംസ് അവസാനിക്കുന്നത്. 

അനൂപ് മേനോനാണ് ചിത്രത്തില്‍ 'നന്ദ കിഷോര്‍' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കുടുംബത്തിലുണ്ടായ ഒരു ദാരുണ സംഭവത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കാര്യക്ഷമമായ ചടുലതയോടെ അന്വേഷണം നീക്കുന്ന പൊലീസ് ഓഫീസറിന്റെ ഭാവത്തില്‍ അനൂപ് മേനോൻ മികവ് കാട്ടുന്നു. അനു മോഹനാണ് ചിത്രത്തില്‍ അനൂപ് മേനോനൊപ്പം നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു കഥാപാത്രം. ജീവ, ലെന, രഞ്‍ജിത്, ശങ്കര്‍ രാമകൃഷ്‍ണൻ, ലിയോണ ഷേണായി തുടങ്ങിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു.

'ട്വന്റി വണ്‍ ഗ്രാംസി'നെ ഒരു സസ്‍പെൻസ് ത്രില്ലറാക്കി മാറ്റിയതില്‍ ജിത്തു ദാമോദറിന്റെ ക്യാമറക്കാഴ്‍ചയ്‍ക്കും വലിയൊരു പങ്കുണ്ട്. ദീപക് ദേവിന്റെ സംഗീതവും ത്രില്ലര്‍ അനുഭവം പ്രേക്ഷനിലേക്ക് എത്തിക്കുന്നതില്‍ 'ട്വന്റി വണ്‍ ഗ്രാംസി'ന് സഹായകരമാകുന്നു. ആദ്യാന്തം ആകാംക്ഷ സൃഷ്‍ടിക്കാൻ അപ്പു എൻ ഭട്ടതിരി കട്ടുകള്‍  കൃത്യമായി ഉപയോഗിച്ചിരിക്കുന്നു. 'ട്വിന്റി വണ്‍ ഗ്രാംസ്' എന്തായാലും അടുത്ത കാലത്ത് മലയാളത്തില്‍ എത്തിയ മികച്ചൊരു സസ്‍പെൻസ് ത്രില്ലര്‍ തന്നെയായി മാറിയിരിക്കുകയാണ്.

Read More : എന്തുകൊണ്ട് '21 ഗ്രാംസ്' ? സംവിധായകൻ ബിബിൻ കൃഷ്‍ണ പറയുന്നു
 

click me!