വരു കാണൂ, വീണ്ടും പാണ്ടോറയിലെ അത്ഭുത കാഴ്ചകള്‍ - അവതാര്‍ വേ ഓഫ് വാട്ടര്‍ റിവ്യൂ

By Web TeamFirst Published Dec 16, 2022, 3:16 PM IST
Highlights

ഇത്രയും കഥാപാത്രങ്ങളുമായി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സള്ളി കുടുംബം നേരിടുന്ന പ്രതിസന്ധികളും അതിലെ അതിജീവനവുമാണ് ചിത്രത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക.

ഒരോ ഫിലിംമേക്കറുടെയും സ്വപ്ന പദ്ധതിയായി ഒരു ചിത്രം ഉണ്ടാകും. ജെയിംസ് കാമറൂണ്‍ എന്ന സംവിധായകന്‍റെ എല്ലാ ചിത്രവും സ്വപ്ന പദ്ധതികള്‍ ആണ്. 2009 ന് ശേഷം പതിമൂന്ന് വര്‍ഷം എടുത്തു അവതാര്‍ വേ ഓഫ് വാട്ടര്‍ എന്ന അവതാര്‍ സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് ജെയിംസ് കാമറൂണിന് എത്താന്‍. അതിനിടയില്‍ ലോകത്തിലെ ഏറ്റവും ആഴമുള്ള കടല്‍ ഭാഗമായ മറിയാന ട്രെഞ്ചില്‍ അടക്കം ജെയിംസ് കാമറൂണ്‍ നടത്തിയ സാഹസിക യാത്രകള്‍ ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. അതിനാല്‍ സിനിമ പ്രേമികളുടെ ആകാംക്ഷയെ പരമാവധി ഉയര്‍ത്തിയാണ് അവതാര്‍ വേ ഓഫ് വാട്ടര്‍ തീയറ്ററില്‍ എത്തിയതും. 

അവതാര്‍ അവസാനിക്കുന്നയിടത്ത് നിന്നാണ് അവതാര്‍ വേ ഓഫ് വാട്ടര്‍ എന്ന ചലച്ചിത്രം ആരംഭിക്കുന്നത്. മനുഷ്യരെ പാണ്ടോറയില്‍ നിന്നും കെട്ടുകെട്ടിച്ച ജേക്ക് സള്ളി (സാം വർത്തിംഗ്ടൺ) അയാളുടെ അവതാര രൂപത്തില്‍ നാവി ഗോത്രത്തിന്‍റെ നേതാവായി നെയ്ത്തിരി (സോ സൽദാന)യെ വിവാഹം കഴിച്ച് കുടുംബ ജീവിതം തുടങ്ങുന്നു. അവര്‍ക്ക് നാല് മക്കളാണ് നെതേയം (ജാമി ഫ്ലാറ്റേഴ്സ്), ലോക്ക് (ബ്രിട്ടൻ ഡാൾട്ടൺ), തുക് (ട്രിനിറ്റി ജോ-ലി ബ്ലിസ്), ഒരു ദത്തുപുത്രി കിരി (സിഗോർണി വീവർ). ഇതില്‍ ദത്തുപുത്രി മുന്‍ ചിത്രത്തിലെ ഡോ. ഗ്രേസ് അഗസ്റ്റിന്‍റെ (സിഗോർണി വീവർ) മകളാണ്. അവളുടെ പിതാവ് ആരാണെന്നത് അജ്ഞാതമാണ്. അതേ സമയം മനുഷ്യകുട്ടിയായ സ്പൈഡറും ഇവര്‍ക്കൊപ്പം വളരുന്നുണ്ട് അവന്‍റെ പിതാവ് കഴിഞ്ഞ ചിത്രത്തിലെ ക്രൂരനായ വില്ലനായ കേണൽ മൈൽസ് ക്വാറിച്ചാണ്. അന്ന് മനുഷ്യര്‍ മടങ്ങിയപ്പോള്‍ അവനെ കൊണ്ടുപോകാന്‍ സാധിച്ചില്ല.

ഇത്രയും കഥാപാത്രങ്ങളുമായി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സള്ളി കുടുംബം നേരിടുന്ന പ്രതിസന്ധികളും അതിലെ അതിജീവനവുമാണ് ചിത്രത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ കഴിയുക. അതില്‍ തന്നെ നാവി വംശവും പാണ്ടോറയിലെ പ്രകൃതിയും എല്ലാം തുരത്തി വിട്ട 'സ്കൈപീപ്പിള്‍' വീണ്ടും തിരിച്ചെത്തുന്നു എന്നതാണ് വലിയ പ്രതിസന്ധി. അത് സള്ളിക്ക് സാമൂഹ്യപരവും കുടുംബപരവുമായി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. 

192 മിനിറ്റാണ് (3 മണിക്കൂർ 12 മിനിറ്റ്)  അവതാർ: ദി വേ ഓഫ് വാട്ടർ എന്ന ചലച്ചിത്രം ജെയിംസ് കാമറൂണിന്‍റെ ചിന്തയില്‍ വിരിഞ്ഞ പണ്ടോറയിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. അതിനായി ജെയിംസ് കാമറൂണ്‍ സ്വീകരിച്ച കഥ പറച്ചില്‍ രീതി ചിലപ്പോള്‍ ഒരു ആക്ഷന്‍ ഫ്ലിക്ക് പടം പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തണം എന്നില്ല. വളരെ പതിഞ്ഞ താളത്തില്‍ കാഴ്ചകള്‍ക്കും ഇമോഷണലുകള്‍ക്കും പ്രധാന്യം നല്‍കി കഥ മുന്നോട്ട് പോകുന്നു. അതിനാല്‍ തന്നെ ട്വിസ്റ്റുകളെക്കാള്‍ ഏറെ കാഴ്ചയുടെ വിസ്മയം ആയിരിക്കും ഒരു പ്രക്ഷേകനെ ഈ ചിത്രത്തോട് അടുപ്പിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. 

ജേക്ക് സള്ളിയുടെ നാവി ഗ്രോത്രത്തിനും ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള സമാധാന ജീവിതത്തിന്‍റെ അന്ത്യം കേണൽ മൈൽസ് ക്വാറിച്ചിന്റെ പുതിയ അവതാരത്തിന്‍റെ നേതൃത്വത്തില്‍ ആകാശത്തെ ഒരു കൂട്ടം ആളുകളെ തിരികെ വരുന്നതോടെ അവസാനിക്കുന്നുണ്ട്. ഇത്തവണ കേണലിന്‍റെ മനസ്സിൽ പ്രതികാരം ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ്. ജെയ്‌ക്ക് തകരുന്നത് കാണുക എന്നത് മാത്രമാണ് കേണലിന്‍റെ ലക്ഷ്യം. 

അവരുടെ ഏറ്റുമുട്ടൽ ജെയ്ക്കിനെയും നെയ്‌തിരിയെയും മക്കളെയും അവരുടെ സ്വന്തം ഇടം വിട്ട് ക്ലിഫ് കർട്ടിസിന്റെ ടൊനോവാരിയും കേറ്റ് വിൻസ്‌ലെറ്റിന്റെ റോണലും നയിക്കുന്ന സമുദ്രത്തില്‍ ജീവിക്കുന്ന മെറ്റ്‌കൈന നാവി ഗോത്രത്തിൽ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നു. കാടിന്‍റെ മക്കളായ ജെയ്ക്കും നെയ്‌തിരിയും മക്കളും ജലത്തിന്‍റെ വഴികള്‍ പഠിക്കുന്ന കാഴ്ചകളിലൂടെ വലിയ സംഘര്‍ഷങ്ങളും കാഴ്ചകളും ജെയിംസ് കാമറൂണ്‍ പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നു.  

ഇതുവരെ കാണാത്ത കരയും വെള്ളവും നിറഞ്ഞ ഒരു യാത്രയിലേക്ക് പ്രേക്ഷകനെ മൂന്നു മണിക്കൂറോളം ഒപ്പം കൂട്ടാനുള്ള പ്രതിഭ സമ്പത്ത് തന്നെ ചിത്രത്തില്‍ ജെയിംസ് കാമറൂണ്‍ കാണിക്കുന്നുണ്ട്. കാടുകളിൽ നിന്ന് ജലലോകത്തിലേക്ക് സിനിമ വികസിക്കാന്‍ വേണ്ട സമയം കൃത്യമായി എടുത്ത് തന്നെയാണ് സംവിധായകന്‍ കഥ പറയുന്നത്.  അവസാന ആക്ഷന്‍ സീക്വന്‍സുകളിലേക്ക് എത്തും മുന്‍പ് പ്രേക്ഷനോട് പണ്ടോറയിലെ ജല ലോകത്തിലെ അത്ഭുതങ്ങള്‍ കാണുവാന്‍ ക്ഷണിക്കുകയാണ് കാമറൂണ്‍. ദൃശ്യ സമ്പന്നമാണ് ഈ കാഴ്ചകള്‍. ഒപ്പം അത് ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കേണ്ടതുമാണ്. 

ക്ലൈമാക്‌സ് രംഗങ്ങള്‍ കാമറൂണിന്‍റെ ഒരു മുന്‍ സിനിമയുടെ ഓര്‍മ്മ ഉണര്‍ത്തുന്നു എന്ന് കാണികളില്‍ ചിലര്‍ വാദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും വരുന്ന അവതാറിലേക്ക് പ്രക്ഷേകന്‍റെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുക എന്നത് തന്നെയായിരിക്കാം കാമറൂണ്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. അതാണ് കഥാപാത്രങ്ങളുടെ പല ഷെയിഡുകളും ബാക്കിവച്ച് കഥ അവസാനിപ്പിക്കുന്നത്. ചിത്രത്തിലെ പല വൈകാരിക രംഗങ്ങളുടെ വിശദീകരണങ്ങളും അടുത്ത ചിത്രത്തിലേക്ക് സംശയത്തിന്‍റെ ആനുകൂല്യത്തില്‍ അടുത്ത ചിത്രത്തില്‍ മറുപടി പ്രതീക്ഷിക്കാം. 

അവതാർ: ദി വേ ഓഫ് വാട്ടറിന്റെ രചന ചിലപ്പോള്‍ ഇതിലും നന്നാക്കാമായിരുന്നു എന്ന് തോന്നിയേക്കാം. ഇതിവൃത്തം വലിയ പുതുമ സമ്മാനിക്കുന്നില്ല.  സംതൃപ്തമായ ഒരു ദൃശ്യാനുഭവം നൽകുമ്പോൾ, പ്രേക്ഷകനെക്കൊണ്ട് സമയം നോക്കിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ചിലപ്പോള്‍ ചിത്രം ഉണ്ടാക്കിയേക്കാം. 

അവതാർ: ദി വേ ഓഫ് വാട്ടർ എന്ന ചിത്രം പ്രേക്ഷകന് അനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. ഛായാഗ്രഹണം, വിഎഫ്എക്‌സ്, സംഗീതം. അഭിനേതാക്കൾ പ്രത്യേകിച്ച് - സാം വർത്തിംഗ്‌ടണും സോ സൽദാനയും മികച്ച അഭിനയം കാഴ്ചവയ്ക്കുന്നു. കേറ്റ് വിൻസ്‌ലെറ്റ് അവതരിപ്പിച്ച റോണലിനെ വേണ്ടത്ര ഉപയോഗിച്ചില്ലെന്നും തോന്നി.  ലോക ചലച്ചിത്ര ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം വാരിയ പടമാണ് അവതാര്‍ 2019 അതിന്‍റെ കടുത്ത ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ട ചേരുവകള്‍ എല്ലമുള്ള ചിത്രമായി തന്നെ അവതാര്‍ വേ ഓഫ് വാട്ടര്‍ ഒരുക്കിയെന്ന് പറയാം. 

റിലീസ് ചെയ്‍തിട്ട് മണിക്കൂറുകള്‍ മാത്രം; 'അവതാര്‍' 2 വ്യാജ പതിപ്പ് ഓണ്‍ലൈനില്‍

അഡ്വാന്‍ഡ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ ഇന്ത്യയില്‍ 'അവതാര്‍ 2'; റിലീസിനു മുന്‍പ് നേടിയത്

click me!