ആഖ്യാനസാധ്യതകളുടെ പുതുരുചി; 'ബിരിയാണി' റിവ്യൂ

By Web TeamFirst Published Apr 25, 2021, 7:37 PM IST
Highlights

മുത്തലാഖും അമ്മായിയമ്മപ്പോരും പർദ്ദയും വിദ്യാഭ്യാസ നിഷേധവും ദാമ്പത്യത്തിലെ  പ്രണയരാഹിത്യവും പൗരോഹിത്യമതത്തിന്‍റെ ഇടപെടലുകളും  ഒക്കെ കടന്നു വരുന്നുണ്ടെങ്കിലും അതൊന്നുമല്ല ആത്യന്തികമായി 'ബിരിയാണി' പറയാൻ ശ്രമിക്കുന്നത്

'ബിരിയാണി' ആരംഭിക്കുന്നത് ഖദീജ എന്ന കഥാപാത്രവുമായി ആ പുലർച്ചയ്ക്ക് രതിയില്‍ ഏര്‍പ്പെട്ടതിനു ശേഷം ഭർത്താവായ നസീർ അവളോട് പറയുന്ന, മലയാളസിനിമയിൽ മുമ്പ് കടന്നു വന്നിട്ടില്ലാത്ത വാക്കുകളോടെയാണ്. സിനിമയുടെ രാഷ്ട്രീയത്തെ കൃത്യമായി ധ്വനിപ്പിക്കാൻ കഴിയുന്ന ഈ വാക്കുകൾ നസീർ പറയുന്നത് തനിക്ക് താഴെ നിർജീവയായി കിടന്നിരുന്ന ഖദീജ സ്വയംഭോഗത്തിലൂടെ തനിക്ക് കിട്ടേണ്ട സുഖം കിട്ടുമോ എന്ന് പരതി നോക്കുമ്പോഴാണ്. പെൺസുന്നത്തും ലൈംഗികാടിമയെ സൃഷ്‌ടിക്കലും ആൺകോയ്മ നിറഞ്ഞ സെക്സിലൂടെ അവളെ അപമാനവീകരിക്കലും ഒക്കെ ആ വാക്കുകളിലൂടെ കടന്നു വരുന്നു.

 

'ബിരിയാണി', മലയാളിപ്രേക്ഷകർ മുമ്പ് കടന്നു പോയ പ്രമേയപരിസരങ്ങളെ തന്നെയാണ് സ്പർശിച്ചു പോകുന്നത് എങ്കിലും ഒട്ടൊക്കെ സാധാരണവും പരിചിതവുമായ ആ  പ്രമേയത്തിന്മേൽ ആഖ്യാനം കൊണ്ട് അസാധാരണ മാനങ്ങൾ ചമച്ചിരിക്കുന്നു. ഈ അസാധാരണത്വം ഇന്നേവരെ മലയാള സിനിമ പിന്തുടരാത്ത കഥ പറച്ചിലിലും ആവിഷ്കാരത്തിലെ ധീരതയിലും വെട്ടിത്തുറന്നു പറയലിലും ആണ് പ്രത്യക്ഷമാകുന്നത്. മുസ്ലിം സ്ത്രീയുടെ പ്രശ്നങ്ങൾ, അവൾ കടന്നു പോയ, ഇപ്പോഴും അഭിമുഖീകരിക്കുന്നവ ഒക്കെ ഒട്ടേറെ സമകാലിക മലയാള സിനിമകൾക്ക് പ്രമേയമായിട്ടുണ്ട്. അതൊക്കെ തന്നെ മതപരവും രാഷ്ട്രീയവും ആയ അതിർത്തി രേഖകൾക്കുള്ളിൽ നിന്നു കൊണ്ടാണ് അവയുടെ കഥപറച്ചിൽ നടത്തിയിട്ടുള്ളത്. എന്നാൽ 'ബിരിയാണി' ആ അതിർത്തികളെ ധീരമായി  മറികടക്കുന്നത് കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങൾ കൊണ്ടും  മാധ്യമത്തിന്മേലുള്ള സൂക്ഷ്മവും ശക്തവുമായ നിയന്ത്രണം കൊണ്ടുമാണ്. 

മുത്തലാഖും അമ്മായിയമ്മപ്പോരും പർദ്ദയും വിദ്യാഭ്യാസ നിഷേധവും ദാമ്പത്യത്തിലെ  പ്രണയരാഹിത്യവും പൗരോഹിത്യമതത്തിന്‍റെ ഇടപെടലുകളും  ഒക്കെ കടന്നു വരുന്നുണ്ടെങ്കിലും അതൊന്നുമല്ല ആത്യന്തികമായി 'ബിരിയാണി' പറയാൻ ശ്രമിക്കുന്നത്. ഇപ്പറഞ്ഞവയൊക്കെ ആവിഷ്‌കരിച്ചിട്ടുള്ള മുൻകാല സിനിമകളിൽ നിന്ന് വ്യത്യസ്തമായി 'ബിരിയാണി'  അതൊക്കെ കടന്ന്, പെണ്ണിനെ ലൈംഗികവും മാനസികവും വൈകാരികവുമായി ഷണ്ഡീകരിക്കുന്ന, അവളെ വെറുമൊരു കിടപ്പറച്ചരക്കാക്കുന്ന, അതുവഴി അവളിലെ മനുഷ്യത്വത്തെ ചോർത്തിക്കളയുന്ന ദാമ്പത്യം എന്ന ടൂളിനെ,  കുടുംബം എന്ന സ്ഥാപനത്തെ, മതം എന്ന രാഷ്ട്രീയവ്യവസ്ഥയെ ഖദീജ എന്ന കേന്ദ്രകഥാപാത്രത്തിന്‍റെ  കടുത്ത പ്രതികരണത്തിനും കൊടിയ പ്രതികാരത്തിനും മുന്നിൽ നിരായുധമാക്കി നിർത്തിക്കൊണ്ടാണ് കടന്നാക്രമിക്കുന്നത്. സിനിമയുടെ ആദ്യ രംഗത്തിലെ സ്വയംഭോഗം ഖദീജയുടെ പ്രതിഷേധത്തിന്‍റെ ആദ്യ ചലനമാണെങ്കിൽ വരാനിരിക്കുന്നത് അതിലും ആഴത്തിൽ ഉള്ളതാണ്.

 

സ്വശരീരത്തിൽ ഖദീജ കണ്ടെത്തുന്ന പുതിയ സാധ്യതകളാണ് വീണ്ടും വീണ്ടും തന്നെ പരാജയപ്പെടുത്തി വേട്ടയാടുന്ന സമൂഹത്തോടുള്ള അവളുടെ പ്രതിഷേധത്തിനുള്ള, അവളുടെ പ്രതികാരത്തിനുള്ള സാമ്പത്തികവും വ്യക്തിത്വപരവുമായ സാമൂഹികവുമായ  കാരണമാകുന്നത്. എന്തിന് വേണ്ടിയാണോ പുരുഷൻ തന്നെ ഇരയാക്കി അടക്കി നിർത്തുന്നത് അത് ഉപയോഗിച്ചു തന്നെ ഖദീജ തിരിച്ചടിക്കുന്നു. ശരീരം എന്ന ടൂളിനെ ഫലപ്രദമായി , തനിക്ക് വേണ്ടിതന്നെ ഉപയോഗിക്കാൻ ഖദീജ പഠിക്കുന്നു. പുരുഷാധിപത്യ സമൂഹത്തിന്‍റെ മാരകരോഗത്തിന് 'ബിരിയാണി'യുടെ മരുന്ന് തൊലിപ്പുറമേയുള്ള ലേപനമല്ല, മറിച്ച് കീറിമുറിച്ചുള്ള ശസ്ത്രക്രിയയാണ്. ഏറെ മൂർച്ചയുള്ള, മരവിപ്പിക്കുന്ന, ജുഗുപ്സ പകരുന്ന ഒന്ന്. പുരുഷകേന്ദ്രീകൃതമതം എങ്ങിനെയാണ് പെണ്ണിനെ കുടിലസാമർഥ്യത്തോടെ അതിന്‍റെ  നാലതിരുകൾക്കുള്ളിൽ തളച്ചിടുന്നത്, കുതറാനുള്ള ഓരോ ശ്രമത്തെയും എങ്ങിനെയാണ് അത് പിന്നെയും പിന്നെയും പരാജയപ്പെടുത്തുന്നത്, എങ്ങനെയാണ് അവളുടെ ലൈംഗികാനുഭവത്തെ എടുത്തുകളഞ്ഞ് ജീവച്ഛവമാക്കുന്നത്‌ എന്നതിന്‍റെയൊക്കെ ഇതുവരെ കാണാത്ത കടുത്ത ആവിഷ്കാരമാണ് ഈ സിനിമ.

സിനിമയിൽ ഇതൊന്നും പറയാൻ പാടില്ല എന്ന് കരുതുന്ന ലോലചിത്തരും 'സദാചാര' തത്പരരുമായ കാണികളെ, സിനിമയിലെ ചാട്ടവാറടി പോലുള്ള സംഭാഷണങ്ങളും രംഗങ്ങളും ഞെട്ടിച്ചേക്കാം. പുരുഷന്‍റെ  രുചി-ലൈംഗിക മുകുളങ്ങളുടെ  ആസ്വാദനത്തിനായി, സംതൃപ്തിക്കായി തയ്യാറാക്കപെടുന്ന ബിരിയാണിയാണ് ഖദീജയെപ്പോലുള്ള ആയിരക്കണക്കിന് പെണ്ണുങ്ങളുടെ ജീവിതം. അവർ മസാലയും ഉപ്പും മുളകും ചേർത്ത്  സ്വാദോടെ കഴിക്കുന്നത് ഖദീജയുടെ ശരീരം, അവളുടെ ആഗ്രഹങ്ങൾ, ദാഹങ്ങൾ ഒക്കെത്തന്നെയാണ്. ഒടുവിൽ ഖദീജയുടെ പ്രതികാരം ബിരിയാണിയുടെ രൂപത്തിൽ തന്നെയാണ് കടന്നു വരുന്നത്. അവളത് തന്നെ കൊത്തിപ്പറിച്ച എല്ലാവർക്കുമായി വിളമ്പുന്നു, ഉള്ളിലടക്കിപ്പിടിച്ച ജുഗുപ്സയോടെ, വെറുപ്പോടെ. സിനിമ അവസാനിക്കുന്നതും ഒരു സുരത രംഗത്തിലൂടെയാണ്. ഇത്തവണ അത് ഒരു സ്വപ്നം പോലെ ഫാന്‍റസി നിറഞ്ഞതാണ്. ജീവനോടെയിരുന്ന സമയത്ത് ഖദീജയ്ക്ക്  സാധിക്കാതിരുന്ന ഒന്ന് അവൾക്ക്   സാധിക്കുന്നത് മരണത്തിലേക്ക് മടങ്ങിപ്പോകുന്ന ആ നിമിഷത്തിലാണ്. ഇപ്രാവശ്യം അവൾ പരമ്പരാഗത പൊസിഷനിൽ നിന്നു മാറി പുരുഷനെ തന്‍റെ ലൈംഗിക കർതൃത്വത്തിന് അടിയിലാക്കുന്നു.

 

കനി കുസൃതിയുടെ സൂക്ഷ്മവും ഗംഭീരവുമായ പ്രകടനം സിനിമയ്ക്ക് പകരുന്നത് വലിയൊരു സാധ്യതയാണ്. മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലാത്ത സ്ത്രീ കഥാപാത്രമായ ഖദീജയെന്ന സാധ്യത. മതപരവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെട്ടു പോകുമായിരുന്നെങ്കിൽ പതിവു പോലെ ഒരു  തണുത്ത പടക്കം ആകുമായിരുന്ന ഒരു പ്രമേയത്തെ വലിയ സ്ഫോടനങ്ങൾ കൊണ്ട് കാണിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്ന സജിൻ ബാബുവിന്‍റെ സംവിധാനമികവും എടുത്തു പറയണം. മലയാളിയുടെ രാഷ്ട്രീയ, ധാർമ്മിക ബോധ്യങ്ങളുടെ ഉരക്കല്ലു കൂടിയായി ഈ സിനിമ മാറുന്നത് അതിന്‍റെ  പ്രദർശനം സംബന്ധിച്ച പ്രശ്നങ്ങൾ കൊണ്ടു കൂടിയാണ്. തിയറ്ററിൽ റിലീസ് ചെയ്ത സിനിമയെ തമസ്കരിക്കാനും പരാജയപ്പെടുത്താനും അപ്രഖ്യാപിത സെൻസറിംഗ് നടത്താനും തുനിഞ്ഞവരിൽ നിന്ന് വിട്ടുമാറി 'കേവ്' (Cave) എന്ന സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തെങ്കിലും അതിനെ പിന്നെയും പരാജയപ്പെടുത്താൻ ആണ് പൈറസിയിലൂടെ പങ്കു വെക്കപ്പെട്ട് കാണുന്നതിലൂടെ കാണികളില്‍ പലരും ശ്രമിക്കുന്നത്. വാക്സിന്റെ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്ന ധാർമ്മികത സിനിമ കാണുന്നതിലും വേണ്ടതല്ലേ എന്നൊരു ചോദ്യമാണ് ചിന്തിക്കുന്നവരിൽ നിന്ന് ഉയരുന്നത്. 

click me!