കെട്ടുകഥയിലൂടെ പറയുന്ന രാഷ്ട്രീയം; 'ഈസ്റ്റ് ഓഫ് നൂണ്‍' റിവ്യൂ

Published : Dec 16, 2024, 10:58 AM IST
കെട്ടുകഥയിലൂടെ പറയുന്ന രാഷ്ട്രീയം; 'ഈസ്റ്റ് ഓഫ് നൂണ്‍' റിവ്യൂ

Synopsis

ഹല എല്‍കൗസി സംവിധാനം ചെയ്ത അറബിക് ചിത്രം. ഐഎഫ്എഫ്‍കെ മത്സരവിഭാഗത്തില്‍

ഐഎഫ്എഫ്‍കെ അന്തര്‍ദേശീയ മത്സര വിഭാ​ഗത്തിലെ ചിത്രങ്ങളിലൊന്നാണ് ഈസ്റ്റ് ഓഫ് നൂണ്‍. ഈജിപ്റ്റ്, നെതര്‍ലാന്‍ഡ്സ് കോ-പ്രൊഡക്ഷനായ ചിത്രത്തിന്‍റെ രചനയും സംവിധാനവും ഹല എല്‍കൗസിയാണ്. ഒരു സാങ്കല്‍പിക ഭൂമിക സൃഷ്ടിച്ചുകൊണ്ട് മനുഷ്യന്‍ ഉള്ള കാലത്തോളം പ്രസക്തമായ ​ഗൗരവമുള്ള ചില രാഷ്ട്രീയ വിചാരങ്ങള്‍ സരസമായി അവതരിപ്പിച്ചിരിക്കുകയാണഅ എല്‍കൗസി. 

അബ്ദോ എന്ന പത്തൊന്‍പതുകാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സ്വേച്ഛാധിപത്യമുള്ള ഒരിടത്ത് ഒട്ടും തൃപ്തിയില്ലാത്ത ഒരു ജീവിതമാണ് അബ്ദോയും അവന്‍റെ സുഹൃത്തുക്കളും ജീവിക്കുന്നത്. കറന്‍സിക്ക് പകരം ഷു​ഗര്‍ ക്യൂബും ലോട്ടറി ടിക്കറ്റുകളും വിനിമയോപാധികളായ സ്ഥലത്ത് അത് സമ്പാദിക്കാനായി പല പല ജോലികള്‍ ചെയ്യുന്നുണ്ട് അവന്‍. സ്വപ്നവും ലക്ഷ്യവും ഒന്ന് മാത്രം. ഈ ഇടുങ്ങിയ ലോകത്തുനിന്ന് പുതിയ തുറസുകളിലേക്ക് പോകണം. അങ്ങനെ പോയാല്‍ മുന്നോട്ടുള്ള ജീവിതം തീര്‍ത്തും മറ്റൊന്നായിരിക്കുമെന്ന് അവന് ഉറപ്പുണ്ട്. എന്നാല്‍ അതിന് നിലവിലുള്ള പല വെല്ലുവിളികളെയും മറികടന്ന് പോകേണ്ടതുണ്ട്. അതിനായി ഒപ്പമുള്ള കൈമുതല്‍ അബ്ദോയെ സംബന്ധിച്ച് കലയാണ്. സം​ഗീതവും അനുകരണകലയും ഒപ്പം ഒരു സദസ്സിലെ രസിപ്പിക്കാനുള്ള പൊടിക്കൈകളും അവന് വശമുണ്ട്. അതിനാല്‍ത്തന്നെ മെച്ചപ്പെട്ടൊരു നാളെയെക്കുറിച്ച് പ്രണയിനി നുന്നയ്ക്കും പ്രതീക്ഷ പകരുന്നുണ്ട് അബ്ദോ. 

സാങ്കല്‍പിക ഭൂമികയിലെ സ്വേച്ഛാധിപത്യത്തിന്‍റെ മുഖങ്ങളായി രണ്ട് കഥാപാത്രങ്ങളാണ് പ്രധാനമായും ചിത്രത്തിലുള്ളത്. സ്ഥലത്തെ പേരെടുത്ത സ്റ്റേജ് പെര്‍ഫോര്‍മറായ ഷാവ്കി ദി ഷോമാനും ആളുകളെ അടിച്ചമര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മജിസ്ട്രേറ്റ് ബൊറായി‍യും. എന്നാല്‍ കലയിലൂടെ തന്‍റെ അഭിലാഷങ്ങളുടെ പ്രഖ്യാപനം നടത്താന്‍ ശ്രമിക്കുന്ന അബ്ദോ ഷാവ്‍കിയെ ഒരു വേദിയില്‍ത്തന്നെ അനുകരിച്ച് കൈയടി വാങ്ങുന്നുണ്ട്. 

ഒരിടത്തൊരിടത്ത് എന്ന മട്ടില്‍ ആരംഭിക്കുന്ന ഒരു കെട്ടുകഥയുടെ ഭം​ഗിയിലാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള ഈ ചിത്രം സംവിധായകന്‍ നരേറ്റ് ചെയ്തിരിക്കുന്നത്. വെളുത്ത നിറത്തിന് പ്രാധാന്യമുള്ള രീതിയില്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം 16 എംഎം ഫോര്‍മാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കണ്ടിരിക്കുമ്പോള്‍ രസം തോന്നുന്ന ഫ്രെയ്മുകളെങ്കിലും അബ്ദോ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ തളച്ചിടപ്പെട്ട ഇടത്തിന്‍റെ ഞെരുക്കം പലപ്പോഴും അനുഭവിപ്പിക്കുന്നുണ്ട് ഈ 16 എംഎം ഫോര്‍മാറ്റ്. കലയിലൂടെ ജനത്തെ രസിപ്പിക്കുന്നവനെങ്കിലും അധികാരി വര്‍ഗത്തിനൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്നതിനൊപ്പം ആളുകളിലേക്ക് ഭയം ചെലുത്തുന്ന ആളാണ് ഷാവ്കി. ഷാവ്കി, അബ്ദോ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നവരടക്കം ഒരുപറ്റം മികച്ച അഭിനേതാക്കളുടെ പ്രകടനങ്ങള്‍ ഉള്ള ചിത്രമാണിത്. സാങ്കല്‍പിക ഭൂമിയിലെ കഥ പറയുന്ന ഒരു ചിത്രത്തിന്‍റെ വേള്‍ഡ് ബില്‍ഡിംഗിനെ വിശ്വസനീയമാക്കിയിരിക്കുന്നതില്‍ ഇവരുടെ പ്രകടനങ്ങള്‍ക്കൊപ്പം മനോഹരമായ പ്രൊഡക്ഷന്‍ ഡിസൈനിംഗും പങ്ക് വഹിച്ചിട്ടുണ്ട്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഡയറക്ടേഴ്സ് ഫോര്‍ട്‍നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രവുമാണ് ഇത്. 

ALSO READ : ശരീരം, മനുഷ്യന്‍, പാട്രിയാര്‍ക്കി; 'ബോഡി' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ