
അര്‍ജന്‍റീനയില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് യുഎസില്‍ ഫിലിംമേക്കിംഗ് പഠിച്ച സംവിധായകന്‍ മൈക്കിള്‍ ടൈലര്‍ ജാക്ലണ്‍ ഒരുക്കിയ ചിത്രമാണ് അണ്ടര്‍ ഗ്രൌണ്ട് ഓറഞ്ച്. 1975 മുതല്‍ 1983 വരെ നടന്ന യുഎസിന്‍റെ ലാറ്റനമേരിക്കന്‍ ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലായ ഓപ്പറേഷന്‍ കോന്‍ഡോറിനെ അടക്കം പരാമര്‍ശിക്കുന്ന ചിത്രം എന്നാല്‍ ഒരേ സമയം പ്രതിനിത്യത്തിന്‍റെയും, കലയുടെ സാമൂഹിക ജീവിത ഇടപെടുലുകളും പരിശോധിക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്.
കാലിഫോർണിയയില്‍ നിന്നുള്ള ഒരു സഞ്ചാരി അര്‍ജന്‍റീന സന്ദര്‍ശിക്കാന്‍ എത്തുന്നു 1818-ൽ തന്‍റെ സ്വദേശമായ മോണ്ടെറേ കൈവശപ്പെടുത്തിയ അര്‍ജന്‍റീനന്‍ കടൽക്കള്ളക്കാരനെ ആദരിക്കാനായി ഇയാള്‍ ബ്യൂണസ് അയേസിലൂടെ യാത്ര ചെയ്യുന്നത്. എന്നാൽ സംവിധായകന്‍ തന്നെ അവതരിപ്പിച്ച ഈ കഥാപാത്രം അര്‍ജന്‍റീന തെരുവില്‍ കൊള്ളയടിക്കപ്പെടു. അദ്ദേഹത്തിന്റെ രേഖകൾ മോഷണം പോയതോടെ ഇയാള്‍ ഒരു സ്വതന്ത്ര നാടക സംഘത്തിൽ ചേരുകയാണ്.
ഈ സംഘത്തോടൊപ്പം ജീവിക്കുമ്പോൾ, ഇയാളുടെ വിശ്വാസങ്ങളും മുൻവിധികളും ചോദ്യം ചെയ്യപ്പെടുകയും അവ പുനർനിർവചിക്കപ്പെടുകയും ചെയ്തു, അയാളുടെ ജീവിതം പിന്നിട് തനിക്കുചുറ്റുമുള്ളവരിൽ ഒരു ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.
സോഫിയ ഗാല കാസ്റ്റിഗ്ലിയോൺ, വേറാ സ്പിനെറ്റ, ബെൽ ഗട്ടി, ഗിയാൻലൂക്ക സോൺസിനി എന്നിവരാണ് നാടക സംഘം ഇവരുടെ നാടകങ്ങളിലെ വില്ലന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻറി കിസ്സിഞ്ചര്‍ ആയിരുന്നു. അര്‍ജന്‍റീനയില്‍ അടക്കം ഭരണകൂട അട്ടിമറി നടത്തിയ ഓപ്പറേഷൻ കൊൻഡോർ നിയന്ത്രിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി. ഇയാളെ അവതരിപ്പിക്കേണ്ടിവരുന്നുണ്ട് അമേരിക്കനായ സഞ്ചാരിക്ക്. അമേരിക്കാരെ ആന്‍റി ഇംപീരിയലിസ്റ്റുകള്‍ വിളിക്കുന്ന 'യാങ്കി' എന്ന പേരിലാണ് ഈ സഞ്ചാരിയെ ഈ നാടക സംഘം വിളിക്കുന്നത്.
കഥാപാത്രങ്ങൾ തമ്മിലുള്ള മുൻവിധികൾ കഥയുടെ സ്വഭാവം നിശ്ചയിക്കുന്നു. അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച് (2024) രാഷ്ട്രീയവും ലൈംഗിക തിരിച്ചറിവും ചരിത്രത്തിന്റെ വിമർശനപരമായ കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യുന്ന ഒരു നിര്‍മ്മിതിയാണ്. ഒരു അണ്ടർഗ്രൗണ്ട് തിയേറ്റർ സംഘത്തിന്റെ ഉത്സാഹഭരിതമായ പശ്ചാത്തലത്തിൽ ക്രമരഹിതമായ അവരുടെ ജീവിതരീതികളിലൂടെ സാമ്രജ്യത്വ ഇടപെടല്‍, പരിസ്ഥിതി സുസ്ഥിരത, പോളിഗാമി തുടങ്ങിയ വിഷയങ്ങൾ സിനിമയിലൂടെ പ്രതിപാദിക്കുന്നു.
പ്രതിനിത്യം എന്ന ആശയത്തെ മുന്നോട്ട് വച്ചാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അതിനൊപ്പം തന്നെ ഒരു ഭാഗത്ത്, നാടകപ്രവർത്തനം സമൂഹത്തിന്റെ കണ്ണാടിയായി പ്രവർത്തിക്കുന്നു എന്ന് കാണിക്കുമ്പോള്‍ മറുവശത്ത് കഠിനമായ യാഥാർത്ഥ്യങ്ങളിൽ നിന്ന് നമ്മെത്തന്നെ അകറ്റാനുള്ള ഒരു മാർഗമായി അത് പ്രവർത്തിക്കുന്നു എന്നും കാണിക്കുന്നു. യാഥാർത്ഥ്യത്തിന്റെയും സാങ്കൽപ്പികതയുടെയും ഈ കളിയിൽ, മൈക്കൽ ടെയ്‌ലർ ജാക്സൺ ഒരു വേറിട്ടതും കൃത്യമായ രാഷ്ട്രീയ ആശയങ്ങളും ഉൾക്കൊള്ളുന്ന ഒരു അഖ്യാനമാണ് മുന്നോട്ട് വയ്ക്കുന്നത്.
ഒരു വിദേശിയായി ഒരു നാട്ടിലെത്തി നാം പ്രകടിപ്പിക്കുന്ന വാക്കുകൾ, രീതികള്‍, സമീപനങ്ങൾ എന്നിവയുടെ അർത്ഥത്തെ സംവിധായകൻ വിമർശനാത്മകമായി തന്നെ സമീപിക്കുന്നുണ്ട് ചിത്രത്തില്‍. അമേരിക്കന്‍ അംഗിളിലുള്ള സ്ഥിരമായ കാഴ്ചപ്പാടുകൾ പുനർവ്യാഖ്യാനിക്കാനുള്ള ശ്രമം ചിത്രം നടത്തുന്നുണ്ട്.
മാമൂലുകളെ നിരാകരിക്കുന്നതിന്‍റെ സൌന്ദര്യത്മകതയും വിപ്ലവപരമായ സമീപനത്തിലൂടെയും അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച് ഒരു സാംസ്കാരിക പ്രതികാരത്തെ കുറിച്ചും വ്യക്തികളെ കൂടാതെ സമൂഹത്തെ രൂപപ്പെടുത്തുന്ന ഒരു സാമൂഹിക മാറ്റശക്തിയായ കല എങ്ങനെ മാറുന്നു എന്ന കാഴ്ചപ്പാടുമാണ് പരിചയപ്പെടുത്തുന്നത്.
ബ്യൂണസ് അയറസ് സംസ്കാരത്തിന് പുറത്ത് നിന്ന് നോക്കുന്ന ഒരു വ്യക്തിയാകുന്ന സംവിധായകൻ, യുഎസിന്‍റെയും അർജന്റീനയുടെയും സാമൂഹികരീതികളും ലൈംഗിക മുൻവിധികളും പുനർവ്യാഖ്യാനം ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അവസാനം യാങ്കി എന്ന ഒരു മുദ്രകുത്തല്‍ പേരില്‍ നിന്നും ചിറകുയര്‍ത്തി സ്വതന്ത്ര്യത്തിലേക്ക് പോകാന്‍ കൊതിക്കുന്ന പാരറ്റ് എന്ന പേരിലേക്ക് നായക നടന്‍ മാറുന്നയിടത്താണ് ചിത്രം അവസാനിക്കുന്നത്. ലോകത്ത് ഭൂരിപക്ഷ ശക്തികളുടെ മുന്‍വിധികളില്‍ അരികുവല്‍ക്കരണം ഒരു പതിവ് കാഴ്ചയാകുന്ന കാലത്ത് സര്‍വ്വലൌകികമായ ഒരു മാനം തന്നെ ചിത്രത്തിനുണ്ട്.
ശരീരം, മനുഷ്യന്‍, പാട്രിയാര്‍ക്കി; 'ബോഡി' റിവ്യൂ