നൈജീരിയന്‍ രാഷ്‌ട്രീയ പ്രതിസന്ധി, ഒരു പിതാവിന്‍റെയും മക്കളുടെയും അനിശ്ചിതത്വം; മൈ ഫാദേര്‍സ് ഷാഡോ- റിവ്യൂ

Published : Dec 16, 2025, 10:07 AM ISTUpdated : Dec 16, 2025, 10:24 AM IST
My-Father’s-Shadow

Synopsis

ബ്രിട്ടീഷ്-നൈജീരിയന്‍ ഫിലിം മേക്കറായ അകിനോള ഡേവിസ് ജൂനിയര്‍ സംവിധാനം ചെയ്‌ത കന്നി ഫീച്ചര്‍ സിനിമയാണ് മുപ്പതാം ഐഎഫ്എഫ്‌കെയില്‍ (IFFK 2025) പ്രദര്‍ശിപ്പിച്ച മൈ ഫാദേര്‍സ് ഷാഡോ.

1993-ലെ നൈജീരിയൻ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അകിനോള ഡേവിസ് ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് 'മൈ ഫാദേഴ്‌സ് ഷാഡോ'. ഏറെക്കാലത്തിനുശേഷം ലാഗോസിൽ കണ്ടുമുട്ടുന്ന ഒരച്ഛന്‍റെയും രണ്ട് മക്കളുടെയും ഒരു ദിവസത്തെ യാത്രയാണ് സിനിമയുടെ ഇതിവൃത്തം. രാഷ്ട്രീയ അനിശ്ചിതത്വം അവരുടെ കൂടിച്ചേരലിനെയും യാത്രയെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചിത്രം വരച്ചുകാട്ടുന്നു.

എണ്ണിയാലൊടുങ്ങാത്ത രാഷ്‌ട്രീയ അസ്ഥിരതകള്‍ അഭിമുഖീകരിച്ചിട്ടുണ്ട് സ്വാതന്ത്ര്യാനന്തര നൈജീരിയ. നൈജീരിയ 1993 ജൂണില്‍ ജനാധിപത്യ രീതിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. എസ്‌ഡിപി നേതാവ് മൊഷൂദ് അബിയോള വിജയിച്ചുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് പട്ടാള ഭരണാധികാരി ജനറല്‍ ഇബ്രാഹിം ബാബംഗിഡ ഉത്തരവിടുന്നു. അതോടെ, നൈജീരിയ അതിന്‍റെ ചരിത്രത്തിലെ മറ്റൊരു രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നൈജീരിയന്‍ രാഷ്‌ട്രീയം കൂടുതല്‍ കലങ്ങിമറിയുന്ന ആ വിധി ദിനം തന്‍റെ രണ്ട് ചെറു മക്കളുമായി ലാഗോസിലൂടെ പ്രയാണം നടത്തുന്ന ഒരു പിതാവിന്‍റെ കഥയാണ് ബ്രിട്ടീഷ്-നൈജീരിയന്‍ ഫിലിം മേക്കറായ അകിനോള ഡേവിസ് ജൂനിയര്‍ സംവിധാനം ചെയ്‌ത കന്നി ഫീച്ചര്‍ സിനിമയായ മൈ ഫാദേര്‍സ് ഷാഡോ (My Father’s Shadow). 93 മിനിറ്റാണ് നൈജീരിയ-യുകെ പ്രൊഡക്ഷനിലുള്ള ഈ സിനിമയുടെ ദൈര്‍ഘ്യം. മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമ വിഭാഗത്തിലാണ് മൈ ഫാദേര്‍സ് ഷാഡോ പ്രദര്‍ശിപ്പിച്ചത്.

കലങ്ങിമറിയുന്ന നൈജീരിയ, ജീവിതം

1993-ലെ നൈജീരിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഉദ്യോഗജനകമായ ദിനം. ലാഗോസില്‍ ജോലിക്കായി പോയി ദീര്‍ഘകാലത്തിന് ശേഷം തിരിച്ചുവരുന്ന ഫോളാരിനുമായി ഒത്തുചേരുകയാണ് ആണ്‍ മക്കളായ റെമിയും അകിയും. തുടര്‍ന്ന് നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസിലൂടെ ബീച്ചിലും ഭക്ഷണശാലകളിലും സുഹൃത്തുക്കളുടെ ബൈക്കുകളിലൂടെയും മൂവരും ഒരു ദിവസം നടത്തുന്ന യാത്രയാണ് മൈ ഫാദേര്‍സ് ഷാഡോ എന്ന സിനിമ. സിനിമ പൂര്‍ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഈ പിതാവിലും രണ്ട് മക്കളിലുമാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതോടെ ഉടലെടുക്കുന്ന അടുത്ത പ്രതിസന്ധി വീട്ടിലേക്കുള്ള ഇവരുടെ മടക്കത്തെ പിടിച്ചുലയ്‌ക്കുന്നു. പിതാവായി സോപ് ദിരിസുവും മക്കളായി ദോഡ്‌വിന്‍ ചീമിരീ എഗ്‌ബോയും ചിബ്യൂക് മാര്‍വലസ് എഗ്‌ബോയും വേഷമിട്ടിരിക്കുന്നു.

ഒരു കുടുംബത്തിന്‍റെ ഏറെക്കാലത്തിന് ശേഷമുള്ള കൂടിച്ചേരല്‍ നൈജീരിയയിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് മൈ ഫാദേഴ്‌സ് ഷാഡോ എന്ന ചലച്ചിത്രം. രാഷ്‌ട്രീയ അസ്വസ്‌തകള്‍ക്കൊപ്പം കുടുംബബന്ധങ്ങളും സാംസ്‌കാരിക സ്വത്വവും വിശ്വാസങ്ങളും മൈ ഫാദേഴ്‌സ് ഷാഡോ പരിശോധിക്കുന്നു. എന്തുകൊണ്ടാണ് ഏറെ നാളായി ആ പിതാവ് മക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ ദൂരെ ഗ്രാമത്തിലുള്ള വീട്ടിലേക്ക് വരാതിരിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം നൈജീരിയയിലെ മഹാനഗരമെന്ന് അറിയപ്പെടുന്ന ലാഗോസില്‍ പോലും പട്ടിണിയും പ്രാരാബ്‌ധങ്ങളും തൊഴില്‍ അനിശ്ചിതത്വങ്ങളും രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളുമാണ് എന്നാണ്. രാഷ്‌ട്രീയ അട്ടിമറികള്‍ തകര്‍ത്തെറിഞ്ഞ നൈജീരിയന്‍ ജീവിതങ്ങളുടെ എല്ലാ അര്‍ഥങ്ങളും പേറുന്ന കഥാപാത്രമാണ് സോപ് ദിരിസുവിന്‍റേത്. അതേസമയം, അയാളുടെ ആണ്‍ മക്കളും സിനിമയിലെ മറ്റ് കഥാപാത്രങ്ങളും സരസവും ശുഭാപ്‌തിവിശ്വാസികളുമാണ്. 1993-ല്‍ ജനാധിപത്യത്തിലേക്കുള്ള നൈജീരിയയുടെ ഹ്രസ്വവും പരാജയപ്പെട്ടതുമായ പരിവർത്തനത്തെ സിനിമ അടയാളപ്പെടുത്തുന്നു. രാഷ്‌ട്രീയ പ്രതിസന്ധികള്‍ മാറ്റിമറിക്കുന്ന നൈജീരിയന്‍ മനുഷ്യബന്ധങ്ങളുടെ ആഴവും പരിശോധിക്കുന്നു മൈ ഫാദേഴ്‌സ് ഷാഡോ.

സാധാരണമായ സിനിമ, അസാധാരണമായ അനുഭവം

വളരെ ലൗഡായ കഥാപാത്രങ്ങളെങ്കിലും ലളിതമായ പരിചരണ രീതിയാണ് മൈ ഫാദേഴ്‌സ് ഷാഡോയില്‍ സംവിധായകന്‍ അകിനോള ഡേവിസ് ജൂനിയര്‍ അവലംബിച്ചിരിക്കുന്നത്. കെട്ടുകാഴ്‌ചകളില്ലാതെ വളരെ സാധാരണമായി ചിത്രീകരിച്ച സിനിമ കൂടിയാണിത്. 93 മിനിറ്റും ഒരു യാത്ര പോലെ തുടങ്ങിയ അവസാനിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യരുടെ സ്വാഭാവിക പ്രതികരണങ്ങളില്‍ ഊന്നിയാണ് കഥാപാത്രങ്ങളെയെല്ലാം സിനിമയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ഫോളാരിന്‍ എന്ന പിതാവിന്‍റെ കഥാപാത്രത്തിന് അല്‍പം നിഗൂഢതകള്‍ നല്‍കിയിട്ടുമുണ്ട് രചയിതാക്കള്‍. നൈജീരിയന്‍ സുരക്ഷാ സേനയുടെ നോട്ടപ്പുള്ളിയാണ് ഫോളാരിന്‍ എന്ന ധ്വനി സിനിമയില്‍ പലയിടത്തും തെളിഞ്ഞുകാണാം. വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ സെലക്ഷന്‍ ലഭിച്ച ആദ്യ നൈജീരിയന്‍ സിനിമ കൂടിയാണ് മൈ ഫാദേഴ്‌സ് ഷാഡോ.

 

PREV
Read more Articles on
click me!

Recommended Stories

കൊമേഴ്‍സ്യല്‍ വഴിയില്‍ ഒരു ഫെസ്റ്റിവല്‍ സിനിമ- കിസ്സിംഗ് ബഗ് റിവ്യു
വര്‍ക്കിംഗ് ക്ലാസ് ജീവിതം, യാഥാര്‍ഥ്യബോധമുള്ള സൃഷ്‌ടി; ദി സെറ്റില്‍മെന്‍റ്- റിവ്യൂ