'പെൺകൾ മനിതർകളാ ഇരുന്താൽ പോതും..'; 'ബാഡ് ഗേൾ' റിവ്യൂ

Published : Dec 15, 2025, 11:09 AM IST
IFFK 2025

Synopsis

രമ്യ തന്നോട് തന്നെ ചോദിക്കുന്ന ചോദ്യമുണ്ട്, ‘ഞാൻ എന്താ ഇങ്ങനെ ആയത്? എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?’

വർഷ ഭരത് രചനയും സംവിധാനവും നിർവ്വഹിച്ച് ഈ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് 'ബാഡ് ഗേൾ.'അനുരാഗ് കശ്യപിനൊപ്പം ഗ്രാസ് റൂട്ട് ഫിലിം കമ്പനിയുടെ ബാനറിൽ വെട്രിമാരനാണ് ചിത്രത്തിൻ്റെ നിർമ്മാണം. 2025 ഫെബ്രുവരി 7ന് റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത ചിത്രം സെപ്റ്റംബർ 5ന് തിയേറ്ററുകളിൽ എത്തി. ഒടിടിയിലും പ്രേക്ഷകരെ നേടി, പല ചർച്ചകൾക്കും വഴിവച്ചാണ് മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

അഞ്ജലി ശിവരാമൻ ആണ് പ്രൊട്ടഗോണിസ്റ്റ് ആയ 'ബാഡ് ഗേൾ'. ശാന്തിപ്രിയ, ഹൃദു ഹാരൂൺ, ശരണ്യ രവിചന്ദ്രൻ, തീജയ് അരുണാചലം, ശശാങ്ക് ബൊമ്മിറെഡ്ഡിപ്പള്ളി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. രമ്യയുടെ പ്ലസ് ടൂ കാലഘട്ടം മുതൽ മുപ്പതുകൾ വരെ നീളുന്ന കഥ അവളുടെ റിലീഷൻഷിപ്പുകളിലൂടെയാണ് അടയാളപ്പെടുത്തുന്നത്. രമ്യയുടെ കുടുംബബന്ധവും പ്രണയബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം കടന്ന് രമ്യ അവളെ സ്വയം കണ്ടെത്തുന്നതാണ് ബാഡ് ഗേളിൻ്റെ ഇതിവൃത്തം.

ബ്രാഹ്മിൺ കുടുംബ പശ്ചാത്തലത്തിലാണ് രമ്യ വളരുന്നത്. അമ്മ സുന്ദരി(ശാന്തിപ്രിയ) അവളുടെ സ്കുളിൽ അധ്യാപിക. നളനെ(ഹൃതു) പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും അവിടെനിന്നാണ്. കുടുംബവുമായുള്ള രമ്യയുടെയും സഹോദരിയുടെയും ഡയനാമിക്സ്, ഓർക്കൂട്ട് പ്രണയം, റൊമാൻ്റിക് ലൈഫ് എല്ലാം ഇവിടെ വിഷയങ്ങളാകുന്നു. രമ്യയുടെ കോളേജ്കാല പ്രണയമാണ് അർജുൻ(ശശാങ്ക്), അഡൽറ്റ്ഹുഡിൽ ഇർഫാൻ(തീജയ് അരുണാചലം). അങ്ങനെ ജീവിതത്തിൻ്റെ എല്ലാ കാലത്തിലും അവൾ ഒരു ഇണയെ കണ്ടെത്തുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനും ശരീരം കൊണ്ട് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താനും രമ്യക്കാകുന്നുണ്ട്.

കൗമാരത്തിലെ അമ്മ-മകൾ കോൺഫ്ലിക്റ്റിലൂടെയാണ് രമ്യയുടെ കഥയും തുടങ്ങുന്നത്. അമ്മയുടെ കരുതലും അവർ ഒരുക്കുന്ന പരിധിയും ഭേദിച്ചാണ് രമ്യ പറന്നു തുടങ്ങുന്നത്. പ്ലസ് ടൂ കഴിഞ്ഞാൽ വീടുവിട്ട് ഹോസ്റ്റലിലേയ്ക്ക് മാറണമെന്ന് ആഗ്രഹിക്കുന്ന, പ്രണയിക്കുന്ന, സെക്സിനെ ടാബൂവായി കാണാത്ത, വീട്ടുകാരുടെ ഇഷ്ടത്തിനു പുറത്ത് ജീവിക്കുന്ന, അവിവാഹിതയാണ് രമ്യ. ലേറ്റ് മില്ലേനിയൻ പെൺകുട്ടികളുടെ പ്രതിനിധിയാണവൾ. ബൈ ചോയ്സ് സിംഗിൾ ആയ, കുട്ടികളില്ലാത്ത, സ്ത്രീകളുടെ പ്രതിനിധി. വൺ ഡയമൻഷണൽ ആയല്ല വർഷ ഭരത് ബാഡ് ഗേളിനെ ട്രീറ്റ് ചെയ്യുന്നത്. വളരുന്ന പ്രായത്തിൻ്റെ എല്ലാ ആശയക്കുഴപ്പങ്ങളും ഉണ്ട്. രമ്യയെ അവളുടെ എല്ലാ കുറവുകളോടെയുമാണ് സംവിധായിക എഴുതിയുണ്ടാക്കിയിരിക്കുന്നത്. രമ്യയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ആരും രമ്യ തന്നെയും ശരിയോ തെറ്റോ ആയി അവതരിപ്പിക്കപ്പെടുന്നില്ല.

പ്രകടനങ്ങൾ തന്നെയാണ് സിനിമയുടെ ആദ്യത്തെ പ്ലസ്. സ്‌കൂൾ കാലം മുതൽ മുപ്പതുകൾ വരെയുള്ള രമ്യയെ അഞ്ജലി ശിവരാമൻ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നു. "ഷീ ഈസ് ജസ്റ്റ് എ ഗേൾ ട്രൈയിങ് ടു സർവൈവ്," എന്ന എഴുത്തുകാരിയുടെ ഭാവനയെ മാറുന്ന പ്രായത്തിനനുസരിച്ച് സ്വഭാവത്തിലും പെരുമാറ്റത്തിലും ശരീരഭാഷയിലും കൈയ്യടക്കത്തോടെ പ്രേക്ഷകരിലെത്തിച്ചിട്ടുണ്ട് അഞ്ജലി. അമ്മയായി എത്തിയ ശാന്തിപ്രിയയും പ്രേക്ഷകരുടെ മനസിലുടക്കും. സ്ത്രീ സൗഹൃദങ്ങളെയും കൗമാരത്തിൽ വഷളായി യൗവ്വനത്തിൽ സുന്ദരമാകുന്ന മകൾ- അമ്മ ബന്ധത്തെയും ബാഡ് ഗേൾ ഓർത്തിരിക്കുംപോലെ അടയാളപ്പെടുത്തുന്നുണ്ട്.

കൺവെൻഷണൽ ആയവയ്ക്ക് പകരം ചിലയിടത്ത് കോമിക് ബുക്കുകളെ അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകളും പ്രൊട്ടഗോണസ്റ്റിൻ്റെ ആന്തരിക ലോകത്തെ എക്സ്പ്ലോർ ചെയ്യുന്ന തരം വിഷ്വലുകളും കാണാം. ചിലയിടത്ത് ഫാസ്റ്റ് ആകുന്ന എഡിറ്റിങ് സ്റ്റൈൽ രമ്യയുടെ ജീവിതത്തിലെ അസന്തുലിതാവസ്ഥ പ്രേക്ഷകരിലേയ്ക്ക് കമ്മ്യൂണിക്ക്കേറ്റ് ചെയ്യുന്നുണ്ട്. പ്രീത ജയരാമൻ, ജഗദീഷ് രവി, പ്രിൻസ് ആൻഡേഴ്സൺ എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് രാധ ശ്രീധറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അമിത് ത്രിവേദി തമിഴിൽ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ബാഡ് ഗേളിനുണ്ട്.

രമ്യ തന്നോട് തന്നെ ചോദിക്കുന്ന ചോദ്യമുണ്ട്, 'ഞാൻ എന്താ ഇങ്ങനെ ആയത്? എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?'. സമൂഹം നൽകുന്ന 'ഗുഡ് ഗേൾ'- 'ബാഡ് ഗേൾ' നരേറ്റീവിനെ സ്വന്തം ശരീരത്തിന്മേലും ജീവിതത്തിന്മേലുമുള്ള രമ്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൊണ്ടാണ് 'ബാഡ് ഗേൾ' പൊളിക്കുന്നത്. സംവിധായിക തന്നെ പറഞ്ഞതു പോലെ "പെൺകൾ പുനിതർകളാക ഇരുക്ക വേണ്ടിയ ആവസ്യമില്ലൈ, മനിതർകളാ ഇരുന്താൽ പോതും!"ഒരു വിഭാഗം സ്ത്രീകൾക്കെങ്കിലും കംഫർട്ട് മൂവി പോലെ കണ്ടിരിക്കാവുന്ന 'ചിക്ക് ഫ്ലിക്ക്' ആണ് ബാഡ് ഗേൾ.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ 'സൈലൻ്റ് ട്രീറ്റ്മെൻ്റ്'; ഹോംബൗണ്ട് റിവ്യൂ
പ്രതീക്ഷയുടെ 'ഷാഡോബോക്സ്; മാനസികാരോഗ്യവും നിസ്സഹായരായ മനുഷ്യരും