ഒരു മരണം, മാനസിക സംഘര്‍ഷങ്ങള്‍; ഫോറസ്റ്റേറ- റിവ്യൂ

Published : Dec 17, 2025, 01:35 PM ISTUpdated : Dec 17, 2025, 02:21 PM IST
Forastera

Synopsis

ലൂസിയ അലീനാർ ഇഗ്ലേഷ്യസ് സംവിധാന ചെയ്‌ത കറ്റാലിയന്‍ ഇമോഷണല്‍ ഡ്രാമയാണ് മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫോറസ്റ്റേറ എന്ന സിനിമ

ഐഎഫ്എഫ്‌കെ 2025-ൽ പ്രദർശിപ്പിച്ച 'ഫോറസ്റ്റേറ' എന്ന കറ്റാലിയൻ ചിത്രം, മുത്തശ്ശിയുടെ മരണശേഷം ഒരു കുടുംബം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ആവിഷ്കരിക്കുന്നു. പേരക്കുട്ടിയായ കറ്റ, മുത്തശ്ശിയുടെ സാമീപ്യം വിശ്വസിച്ച് അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നു. ഇത്, ഭാര്യ മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന മുത്തച്ഛനുമായി കറ്റയ്‌ക്ക് അവിശ്വസനീയവും നാടകീയവുമായ ബന്ധം സൃഷ്ടിക്കുകയും കുടുംബത്തിൽ കൂടുതൽ പിരിമുറുക്കങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

വേദനയും സൗഖ്യവും, അതിനിടയിലെ നാടകീയതകളും... ലൂസിയ അലീനാർ ഇഗ്ലേഷ്യസ് (Lucía Aleñar Iglesias) സംവിധാന ചെയ്‌ത കറ്റാലിയന്‍ ഇമോഷണല്‍ ഡ്രാമയാണ് മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ 2025) ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫോറസ്റ്റേറ (Forastera). ലൂസിയയുടെ ആദ്യ ഫീച്ചര്‍ സിനിമയായ ഫോറസ്റ്റേറ അമ്മൂമ്മയുടെ മരണത്തെ തുടര്‍ന്ന് തകര്‍ന്നടിയുന്ന ഒരു കൗമാരക്കാരിയുടേയും കുടുംബത്തിന്‍റെയും മാനസിക സംഘര്‍ഷങ്ങളെ ആവിഷ്‌ക്കരിച്ചിരിക്കുന്നു. പരിചരണത്തില്‍ സ്ലോ-പേസ് എന്ന് പറയാവുന്ന ശൈലിയിലെങ്കിലും വൈകാരികതകളുടെ തിരയേറ്റത്തോടെയാണ് ഫോറസ്റ്റേറയെ ലൂസിയ അലീനാർ ഇഗ്ലേഷ്യസ് സ്‌ക്രീനില്‍ എത്തിച്ചത്. ലൂസിയയുടെ തന്നെ ഒരു ഹ്രസ്വ ചിത്രത്തിന്‍റെ വിശാല പതിപ്പാണ് 97 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോറസ്റ്റേറ.

ഒരു കുടുംബം, അവരുടെ മാനസികവ്യാപാരങ്ങള്‍

എല്ലാ വര്‍ഷത്തേയും പോലെ, സ്‌പെയിനിലെ മയ്യോര്‍ക്കയിലെ കടല്‍ത്തീരത്തിനരികെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം വേനലവധി ആഘോഷിക്കാനെത്തിയതാണ് കറ്റ (Zoe Stein) എന്ന കൗമാരക്കാരിയും സഹോദരിയായ ഇവയും (Martina García). മുത്തശ്ശിയായ കറ്റാലിനയോടുള്ള (Marta Angelat) ആദരമായാണ് കൊച്ചുമകള്‍ക്ക് കറ്റ എന്ന മനോഹര പേര് നല്‍കിയത്. ഒരു രാത്രിയില്‍ പുറത്തുപോയി തിരിച്ചുവരുമ്പോള്‍ വിട്ടുപടിക്കല്‍ മുത്തശ്ശി മരിച്ചുകിടക്കുന്നതായി കറ്റ കാണുന്നു. ഫോറസ്റ്റേറയിലെ വൈകാരിക വേലിയേറ്റം ആ നിമിഷം ആരംഭിക്കുന്നു. മുത്തശ്ശി മരണപ്പെട്ടതായി ആദ്യ കാണുന്ന കറ്റ ഭയാനകമെന്നോളം ആ വേര്‍പാട് അനുഭവിക്കുന്നു. കറ്റാലിനയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കറ്റയുടെയും ഇവയുടെയും അമ്മയായ പെപ്പ (Núria Prims) അവിടേക്ക് എത്തുകയാണ്. മുത്തച്ഛനായ ടോമിക്ക് (Lluís Homar) തന്‍റെ സഹധര്‍മ്മിണിയുടെ വേര്‍പാട് വിശ്വസിക്കാനാവുന്നില്ല. ടോമി അതുമായി പൊരുത്തപ്പെട്ടാന്‍ പാടുപെടുന്നു.

ആ നശിച്ച ദിവസത്തിന് ശേഷം പിന്നീടൊരിക്കലും കറ്റ കരയുന്നില്ല. മരണപ്പെട്ട മുത്തശ്ശിയുടെ സാമീപ്യം തനിക്കുണ്ടെന്നാണ് കറ്റയുടെ വിശ്വാസം. അവള്‍ ആ വിശ്വാസത്തോടെ തന്‍റെ മാനസിക സംഘര്‍ഷത്തെ മറികടക്കാന്‍ ശ്രമിക്കുന്നു, ഒപ്പം മുത്തച്ഛനെ തെറ്റിദ്ധരിപ്പിക്കുന്നു. മുത്തശ്ശിയുടെ ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിച്ച് കറ്റ അങ്ങനെ ഉടലിലും ഉള്ളിലും പ്രച്ഛന്നം കെട്ടുകയാണ്. മുത്തച്ഛനാവട്ടേ, അതുകണ്ട് കറ്റയുമായി താതാത്മ്യപ്പെടുന്നു. എല്ലാം ഒരു കെട്ടുകഥയാണ്, സഹധര്‍മ്മിണി മരണപ്പെട്ടിട്ടില്ലെന്ന് തന്നെയാണ് അപ്പോഴും ടോമിയുടെ വിശ്വാസം. തന്‍റെ പഴയ കോട്ട് ധരിച്ച് കറ്റാലിനയുമായുള്ള ഭൂതകാലം ടോമിയും അയവിറക്കുന്നു. എന്നാല്‍ ഈ നാടകീയതകള്‍ക്കിടയില്‍ കറ്റയുടെ സഹോദരിയും അമ്മയും വീര്‍പ്പുമുട്ടുകയാണ്.

മനസില്‍ തറയ്ക്കുന്ന കറ്റ

ആദ്യാവസാനം വൈകാരികതകളുടെ ജ്വാലയാണ് ഫോറസ്റ്റേറ എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചലച്ചിത്രം. മൗനത്തിന് പോലും തീഷ്‌ണത എഴുത്തുകാരിയും സംവിധായകയുമായ ലൂസിയ അലീനാർ ഇഗ്ലേഷ്യസ് നല്‍കിയിരിക്കുന്നു. സ്‌പാനിഷ്, കറ്റാലിയന്‍, ഇംഗ്ലീഷ് ഭാഷകളിലുള്ള ഈ സിനിമ കറ്റയുടെ കുടുംബത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണ്. സിനിമയുടെ ഭൂരിഭാഗം സമയവും ഇടവും അവരുടെ വീടിനുള്ളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കറ്റയുടെ ഒരു ആണ്‍സുഹൃത്തിനെ ഇതിനിടയ്‌ക്ക് പരിചയപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ ബന്ധത്തിലേക്ക് സംവിധായിക പരന്ന ആഖ്യാനത്തിന് മുതിരുന്നില്ല. സംഭാഷണങ്ങളില്‍ കേന്ദ്രീകൃതമായ ഫോറസ്റ്റേറ എന്ന സിനിമ പ്രേക്ഷകന് ചിലപ്പോള്‍ ഇഴച്ചിലായി അനുഭവപ്പെട്ടേക്കാമെങ്കിലും കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെയുള്ള ആഴത്തിലുള്ള സഞ്ചാരം മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട് ലൂസിയ അലീനാർ ഇഗ്ലേഷ്യസ്. സിനിമയുടെ ഹൈലൈറ്റ് കറ്റയായി അഭിനയിച്ച Zoe Stein-യുടെ പ്രകടനം തന്നെ.

 

PREV
Read more Articles on
click me!

Recommended Stories

പ്രതീക്ഷയുടെ, പ്രണയത്തിന്റെ, ജീവിതമൊരുക്കുന്ന മാജിക്കുകളുടെ സിനിമ, ആത്മാവിന്റെ സംഗീതം പോലെ കാലെ മലാഗ
ഒരു തിരക്കഥാകൃത്തിന്റെ മാനസിക സഞ്ചാരങ്ങള്‍