സമര ജീവിതത്തിന്റെ താളവുമായി 'ജാക്സണ്‍ ബസാര്‍ യൂത്ത്'- റിവ്യു

By Web TeamFirst Published May 19, 2023, 4:22 PM IST
Highlights

'ജാക്സണ്‍ ബസാര്‍ യൂത്ത്' എന്ന സിനിമയുടെ റിവ്യു.

ബാൻഡാണ് അവരുടെ ജീവിത താളം. സിനിമയുടെ മൊത്തം താളവും ആ സംഗീതം തന്നെ. ജീവിതം പക്ഷേ സമരങ്ങളുടെ തീച്ചൂളയിലും. അങ്ങനെ ഒരു പ്രദേശത്തിന്റെ കഥ പറയുകയാണ് 'ജാക്സണ്‍ ബസാര്‍ യൂത്ത്'.

'പാപ്പൻ' എന്ന് വിളിക്കുന്ന 'ജാക്സണും' അദ്ദേഹത്തിന്റെ ബാൻഡ് സംഘാംഗങ്ങളും നിറഞ്ഞാടുന്ന ആന്തം കാണിച്ചാണ് തുടക്കം തന്നെ. 'ജാക്സണ്‍ ബസാര്‍ യൂത്ത്' വളരെ പെട്ടെന്ന് തന്നെ കഥയിലേക്ക് ലാൻഡ് ചെയ്യുകയും ചെയ്യുന്നു. മകള്‍ വിളിച്ച ഫോണ്‍ കോളിലെ സങ്കടം 'ജാക്സണെ' കൂട്ടുകാരൻ അറിയിക്കുന്നതോടെയാണ് ബാൻഡ് സംഘത്തിന്റെ വാഹനം കഥയിലേക്ക് പൊടുന്നനേ യൂടേണ്‍ തിരിയുന്നത്. 'ജാക്സണ്‍ ബസാറെ'ന്ന കോളനിയെ കീറിമുറിച്ച് റോഡ് വരുന്നതിന്റെയും വെള്ളം കിട്ടാത്തതിന്റെയും പരിഭവം പൊലീസ് സ്റ്റേഷനില്‍ ചെന്ന് പങ്കുവയ്‍ക്കുകയാണ് ജാക്സണും' കൂട്ടരും.

പഴയ പട്ടാളക്കാരനെന്ന പരിഗണന പോലും 'ജാക്സണോ'ട് പൊലീസുകാര്‍ കാട്ടുന്നില്ല. കോളനിക്കാര്‍ എന്ന് പരിഹസിക്കുകയാണ് പൊലീസുകാര്‍. തുടര്‍ന്ന് സമരരംഗത്തേയ്‍ക്കിറങ്ങുകയാണ് അന്നാട്ടിലെ ജനങ്ങള്‍. ആ സമരത്തിന്റ തലേന്ന് 'ജാക്സണെ' പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നു. ആ സംഭവമാണ് സിനിമയിലെ വഴിത്തിരിവാകുന്നതും. 'പാപ്പനൊ'പ്പം എന്തിനും ഒപ്പമുള്ള 'അപ്പു'വെന്ന യുവാവും മറ്റുള്ളവരും പകരം വീട്ടുന്നു. 'സിഐ സദാശിവം' ആ സംഭവങ്ങളെ എതിരിടാൻ എത്തുന്നതോടെ 'ജാക്സണ്‍ ബസാര്‍ യൂത്തി'ന്റെ കഥ പറച്ചിലില്‍ മറ്റൊരു മാനമുണ്ടാകുന്നു.

ബാൻഡ് മേളത്തിന്റെ സംഗീതത്തിനൊപ്പം സഞ്ചരിക്കുമ്പോഴും വളരെ ആകാംക്ഷഭരിതമായ ത്രില്ലിംഗ് അനുഭവവും സമ്മാനിക്കുന്ന തരത്തിലാണ് സംവിധായകൻ ഷമല്‍ സുലൈമാൻ 'ജാക്സണ്‍ ബസാര്‍ യൂത്തി'ന്റെ കഥ പറയുന്നത്. നവാഗതനായ ഷമാല്‍ സുലൈമാന് ആദ്യ സിനിമയിലൂടെ വരവറിയിക്കാനായിട്ടുണ്ട്. കയ്യൊതുക്കത്തോടെയാണ് ഗൗരവമാര്‍ന്ന വിഷയം ഷമാല്‍ സുലൈമാൻ കൈകാര്യം ചെയ്‍തിരിക്കുന്നത്. സംസാരിക്കുന്ന വിഷയത്തിന് അനുസരിച്ചുള്ള സൂചകങ്ങള്‍ ചിത്രത്തില്‍ കൃത്യമായി ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുന്നുണ്ട് 'ജാക്സണ്‍ ബസാര്‍ യൂത്തി'ന്റെ സംവിധായകൻ ഷമല്‍ സുലൈമാനും എഴുത്തുകാരൻ ഉസ്‍മാനും,

'ജാക്സണ്‍' എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ പകര്‍ന്നാടിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. തഴക്കവും പഴക്കവും വന്ന ബാൻഡ് മേളക്കാരന്റെയും പട്ടാളക്കാരന്റെയും സമരക്കാരന്റെയും ശൗര്യവുമൊക്കെ പാകത്തില്‍ പകരാൻ ജാഫര്‍ ഇടുക്കിക്ക് സാധിച്ചിരിക്കുന്നു. 'അപ്പു'വായി എത്തി ലുക്‍മാനും ജാഫറിനൊപ്പം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സംഘട്ടരംഗങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്നു ലുക്‍മാൻ.

സിനിമയുടെ ആഖ്യാനത്തില്‍ ഉദ്വേഗത്തിന്റെ ചടുലത വരുന്നത് 'സിഐ സദാശിവ'ത്തിന്റെ കുപ്പായമണിഞ്ഞ് ഇന്ദ്രൻസ് എത്തുമ്പോഴാണ്. വില്ലനായും നായകനായും പ്രേക്ഷനെ മാറിമാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇന്ദ്രൻസിന്റെ മാനറിസങ്ങള്‍. 'എസ് ഐ ഷഫ്‍ന'യായി ചിന്നുവും ചിത്രത്തിന്റെ കഥാഗതിയിലെ പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. അപ്പു എൻ ഭട്ടതിരിയുടെ ചിത്രസംയോജനവും 'ജാക്സണ്‍ ബസാര്‍ യൂത്തി'ന്റെ പ്രമേയത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. കണ്ണൻ പട്ടേരിയുടെ ഛായാഗ്രാഹണവും മിഴിവാകുന്നു. ഗോവിന്ദ് വസന്തയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും 'ജാക്സണ്‍ ബസാര്‍ യൂത്തി'ന്റെ പ്രമേയത്തിന് അടിവരയിടുന്ന തരത്തിലുള്ളതാണ്.

Read More: 'നിന്നെ കണ്ട ഷോക്കിലാണ് ഞാൻ ദേഷ്യപ്പെട്ടത്', റോബിനോട് രജിത് വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്

click me!