
അതത് ഭാഷാ സിനിമാ പ്രേമികളെ സംബന്ധിച്ച് അവരുടേതെന്ന് തോന്നുന്ന മറ്റൊരു മലയാളി താരമില്ല, ദുല്‍ഖര്‍ സല്‍മാനെപ്പോലെ. അത്രയും സൂക്ഷ്മമായി സിനിമകള്‍ തെരഞ്ഞെടുത്തതിലൂടെയും കരിയര്‍ പ്ലാന്‍ ചെയ്തതിലൂടെയും ഇക്കാലം കൊണ്ട് ദുല്‍ഖര്‍ സ്വന്തമാക്കിയ നേട്ടമാണ് അത്. വന്‍ വിജയം നേടിയ ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന ചിത്രം തമിഴില്‍ നിന്നാണ്. ദ ഹണ്ട് ഫോർ വീരപ്പൻ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജിന്‍റെ സംവിധാനത്തിലെത്തുന്ന ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണ് കാന്താ. ദുല്‍ഖറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റാണ ദഗുബാട്ടിയുമൊക്കെ തങ്ങളുടെ സമീപകാല കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രമായി കരുതുന്ന കാന്തയുടെ കാഴ്ചാനുഭവം എങ്ങനെയെന്ന് നോക്കാം.
1950 കളിലെ കോളിവുഡ് ആണ് സിനിമയുടെ പശ്ചാത്തലം. വിഖ്യാത സ്റ്റുഡിയോകള്‍ അടക്കിവാഴുന്ന, സിനിമയല്ലാതെ മറ്റ് വിനോദോപാധികള്‍ ഇല്ലാതിരുന്ന, തിരശ്ശീലയിലെ ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം. അവിടെ ടി കെ മഹാദേവന്‍ എന്ന യുവസൂപ്പര്‍താരമാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. തുടര്‍ വിജയങ്ങളിലും ചുറ്റിലും കൂടിവരുന്ന ആള്‍ക്കൂട്ടത്തിലും അല്‍പമൊക്കെ മതിമറന്ന്, ആരാധകരുടെ കൈയടികള്‍ക്കുവേണ്ടി സിനിമകള്‍ തെരഞ്ഞെടുക്കുന്ന ഒരു ഘട്ടത്തിലാണ് സിനിമ തുടങ്ങുമ്പോള്‍ മഹാദേവന്‍. മഹാദേവന്‍റെ ഏറ്റവും പുതിയ ചിത്രം ഒരുക്കുന്നതോ അയാളുടെ വഴികാട്ടി ആയിരുന്ന, എല്ലാവരും ബഹുമാനത്തോടെ അയ്യാ എന്ന് സംബോധന ചെയ്യുന്ന തലമുതിര്‍ന്ന സംവിധായകനും. എന്നാല്‍ ഈ പ്രോജക്റ്റ് അയാള്‍ വെറുതെ പ്ലാന്‍ ചെയ്ത ഒന്നല്ല. മറിച്ച് വ്യക്തിപരമായ ചില കണക്കുകള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ളതാണ്. സിനിമകള്‍ സ്റ്റുഡിയോകളില്‍ പൂര്‍ണ്ണമായും ഒരുങ്ങിയിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഒരു സിനിമയുടെ ചിത്രീകരണഘട്ടം പശ്ചാത്തലമാക്കി ഒരു പുതിയ സിനിമാനുഭവം പകരുകയാണ് കാന്താ.
ടി കെ മഹാദേവന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മോഡേണ്‍ സ്റ്റുഡിയോസിന്‍റെ ഒരു മഴദിവസത്തെ പുറം കാഴ്ചയിലൂടെ നമ്മെ സിനിമയിലേക്ക് ക്ഷണിക്കുന്ന സെല്‍വമണി സെല്‍വരാജിന്‍റേത് വേറിട്ട അപ്രോച്ച് ആണ്. അന്‍പതുകളിലെ ഒരു തമിഴ് സിനിമാ സ്റ്റുഡിയോ ലൊക്കേഷനെ യഥാതഥമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍, പഴയ ചെന്നൈയുടെ ഔട്ട്ഡോര്‍ കാഴ്ചകളിലെ വിഷ്വല്‍ എഫക്റ്റ്സ്, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്‍റുകളുടെ മികവ് പ്രേക്ഷകരെ നിഷ്പ്രയാസം കഥ നടക്കുന്ന കാലഘട്ടത്തിലേക്ക് എത്തിക്കുന്നുണ്ട്. നേരം ഒട്ടും കളയാതെ ടി കെ മഹാദേവനെയും അയ്യയെയും ഒപ്പം അവര്‍ക്കിടയിലുള്ള സങ്കീര്‍ണ്ണമായ ഈഗോ ക്ലാഷിനെയും അവതരിപ്പിക്കുകയാണ് സംവിധായകന്‍. ദുല്‍ഖറിന്‍റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ടി കെ മഹാദേവന്‍. പല തരത്തിലുള്ള പ്രകടനം നടത്തേണ്ടതായ കഥാപാത്രമാണ്. ടി കെ മഹാദേവനായി ഫിലിം ക്യാമറയ്ക്ക് മുന്നിലും അതല്ലാതെ ജീവിതത്തിലും രണ്ട് തരം പെര്‍ഫോമന്‍സുകള്‍ ദുല്‍ഖര്‍ നല്‍കേണ്ടതുണ്ട്. ഒപ്പം അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയും അയാളുടെ വ്യക്തിജീവിതവും ഇഴചേരുന്ന ചില നിമിഷങ്ങളും ചിത്രത്തിലുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമയുടെ അതിഭാവുകത്വം കലര്‍ന്ന പ്രകടനമാണ് അയാള്‍ ഫിലിം ക്യാമറയ്ക്ക് മുന്നില്‍ നടത്തുന്നത്. ക്യാമറയ്ക്ക് പുറത്ത് മാധവനായി മറ്റൊരു പെരുമാറ്റവും. ഈ സ്വിച്ചിംഗ് അനായാസമായി നടത്തിയിട്ടുണ്ട് ദുല്‍ഖര്‍. ഒപ്പം വൈകാരികമായ വേലിയേറ്റങ്ങളിലൂടെത്തന്നെ കടന്നുപോകുന്ന ഈ കഥാപാത്രത്തെ പ്രകടനം കൊണ്ട് തന്‍റേതാക്കിയിട്ടുമുണ്ട് ദുല്‍ഖര്‍.
ദുല്‍ഖറിന് മികച്ച പങ്കാളിയാണ് ഈഗോ ക്ലാഷിന്‍റെ അപ്പുറത്തെ വശത്ത് നില്‍ക്കുന്ന കഥാപാത്രമായി സമുദ്രക്കനിയുടേത്. തന്‍റ കഴിവില്‍ അങ്ങയേറ്റം ആത്മവിശ്വാസമുള്ള പ്രതിഭയുടേതായ അഹങ്കാരമൊക്കെയുള്ള അയ്യയായി ആഴമുള്ള പ്രകടനമാണ് അദ്ദേഹത്തിന്‍റേത്. എന്നാല്‍ ചിത്രത്തിലെ സര്‍പ്രൈസ് നായിക ഭാഗ്യശ്രീ ബോര്‍സെ ആണ്. സിനിമയുടെ നട്ടെല്ലായ, അഭിനയപ്രാധാന്യമുള്ള, കുമാരിയെന്ന പുതുമുഖ നായികയെ ഗംഭീരമാക്കിയിട്ടുണ്ട് ഭാഗ്യശ്രീ. ഇന്‍റര്‍വെല്ലോടെ ജോണര്‍ ഷിഫ്റ്റ് സംഭവിക്കുന്ന ചിത്രം കൂടിയാണ് കാന്താ. ഇടവേള വരെ ഒരു പിരീഡ് ഡ്രാമ എന്ന തരത്തിലാണ് ചിത്രമെങ്കില്‍ ഇടവേളയ്ക്ക് ശേഷം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിലേക്കും ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നു ചിത്രം. റാണ ദഗുബാട്ടിയുടെ പൊലീസ് ഓഫീസര്‍ ആ ജോണര്‍ ഷിഫ്റ്റിന്‍റെ ഭാഗമായാണ് ചിത്രത്തില്‍ എത്തുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ ഡാര്‍ക് ഹ്യൂമറിന്‍റെ അംശങ്ങളും സംവിധായകന്‍ വിതറിയിട്ടുണ്ട്.
ഒരു ഛായാഗ്രാഹകനെ സംബന്ധിച്ച് ഹെവി വര്‍ക്ക് ആണ് കാന്താ. ഒരു പഴയ കാലത്തെ സിനിമാ ചിത്രീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥപറച്ചില്‍ എന്നതുതന്നെ കാരണം. എന്നാല്‍ മുന്നിലുണ്ടായിരുന്ന ആ വെല്ലുവിളി അതിസമര്‍ഥമായി മറികടന്നിട്ടുണ്ട് ഡാനി സാഞ്ചസ് ലോപ്പസ് എന്ന ഛായാഗ്രാഹകന്‍. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഝാനു ചന്ദര്‍ ആണ്. പശ്ചാത്തല സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിയോയ്‍യും. ജേക്സ് ബിജോയ്‍യുടെ സാന്നിധ്യം ചിത്രത്തിനെ വേണ്ട സ്ഥലങ്ങളില്‍ ലിഫ്റ്റ് ചെയ്തിട്ടുണ്ട്. മറുഭാഷകളില്‍ വലിയ കാന്‍വാസില്‍ എന്നാല്‍ വേറിട്ട ആഖ്യാനങ്ങളുമായി എത്തുന്ന ദുല്‍ഖറിന്‍റെ ഫിലിമോഗ്രഫിയുടെ തുടര്‍ച്ചയാണ് കാന്താ. പതിവുപോലെ പുതിയ അനുഭവത്തിനായാണ് ഇത്തവണയും ആ ക്ഷണം.