
മലയാള സിനിമ കാലങ്ങളായി കണ്ടു ശീലിച്ച ഹൊറർ ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. അതുകൊണ്ട് തന്നെ ഹൊറർ ചിത്രങ്ങളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ചെറുതല്ലാത്ത ഒരു ഹൈപ്പ് സിനിമാപ്രേമികൾക്കിടയിൽ ഡീയസ് ഈറെയ്ക്കും ഉണ്ടായിരുന്നു.. അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം തന്നെയായിരുന്നു രാഹുൽ സദാശിവൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 'ഡീയസ് ഈറെ'. ക്രോധത്തിന്റെ ദിനം എന്നർത്ഥം വരുന്ന ഡീയസ് ഈറെ എന്ന ലാറ്റിൻ വാക്ക് പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന ഒന്നായിരുന്നു. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറെ. ക്രോധത്തിന്റെ ദിനമെന്ന് അർത്ഥം വരുന്ന ഡീയസ് ഈറെ ഗ്രിഗോറിയൻ കത്തോലിക്ക വൈദികർ രൂപപ്പെടുത്തിയ പ്രാർത്ഥന ഗീതത്തിന്റെ പേരാണ്.
അമേരിക്കയിൽ അച്ഛന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്ന ആർക്കിടെക്റ്റ് ആയ രോഹൻ (പ്രണവ് മോഹൻലാൽ) കുറച്ച് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരുന്നതും, തുടർന്ന് കോളേജിൽ അവന്റെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു എലീറ്റ് കുടുംബത്തിൽ നിന്നും വരുന്ന, ജീവിതം എപ്പോഴും ആഘോഷമാക്കുന്ന രോഹൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തോടും സാഹചര്യങ്ങളോടുമുള്ള സമീപനം ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ സംവിധായകൻ വ്യക്തമാക്കുന്നുണ്ട്. ഭയമെന്ന വികാരം ഒരു മനുഷ്യനിൽ അവൻ നേരിടുന്ന സാഹചര്യങ്ങളോടുള്ള പ്രതികരണത്തിന്റെ പ്രതിഫലനമാണ് എന്നൊരു ചിന്ത സിനിമ മുന്നോട്ട് വെക്കുന്നുണ്ട്.
പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കേറി ക്ലൈമാക്സിൽ എത്തുമ്പോഴേക്ക് മരവിപ്പിന്റെയും ഭയത്തിന്റെയും ഏറ്റവും ഉയർന്ന തലത്തിലേക്ക് സിനിമ പ്രേക്ഷകനെ കൊണ്ടുപോവുന്നുണ്ട്. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗതമായ ഹൊറർ എലമെന്റുകൾ ഡീയസ് ഈറെയിൽ രാഹുൽ സദാശിവൻ ഉപയോഗിച്ചിരിക്കുന്നത് കാണാൻ സാധിക്കും. ദുഃർമരണം, പ്രതികാരം, ആഭിചാരം, മോക്ഷം ലഭിക്കാത്ത ആത്മാവ് തുടങ്ങീ സമൂഹത്തിൽ നിലനിൽക്കുന്ന, നമ്മൾ കണ്ടും കേട്ടും പറഞ്ഞും ശീലിച്ച നിരവധി ഘടകങ്ങൾ സിനിമയിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം. എന്നാൽ അവയെ എങ്ങനെയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത് എന്നതാണ് ഡീയസ് ഈറെയുടെ വിജയം.
പ്രധാനമായും രണ്ട് കഥാപാത്രങ്ങളാണ് സിനിമ മുന്നോട്ട് നയിക്കുന്നതെങ്കിലും, അവരോട് ചേർന്ന് നിൽക്കുന്ന മറ്റ് കഥാപാത്രങ്ങളും അവരുടെ വികാരങ്ങളും സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു മരണം, കുടുംബത്തിലും മരണപ്പെട്ട വ്യക്തിയോട് ചേർന്ന് നിൽക്കുന്ന മറ്റ് വ്യക്തികളിലും എങ്ങനെയാണ് ആഘാതം സൃഷിടിച്ചത് എന്നത് സിനിമ പറയുന്നുണ്ട്. അരുൺ അജികുമാർ അവതരിപ്പിച്ച അനിയന്റെ കഥാപാത്രത്തെ മരണം വേട്ടയാടുന്നത് പോലെയല്ല രോഹനെയും അയൽവാസിയായ മധു എന്ന കഥാപാത്രത്തെയും വേട്ടയാടുന്നത്. മൂന്ന് പേർക്കും മൂന്ന് വ്യത്യസ്‍തമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോവേണ്ടിവരുന്നത്.
എന്നാൽ സിനിമയുടെ ഒരു ഘട്ടത്തിൽ ഇവരിൽ പലരുടെയും വികാരങ്ങൾ ഒരേ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രണവ് മോഹൻലാലിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്. ഏറ്റവും സൂക്ഷമമായ പല വികാരങ്ങളും പ്രണവിൽ മിന്നിമായുന്നത് ഗംഭീരമായാണ്. ഭയമെന്നത് അഭിനയിച്ചു ഫലിപ്പിക്കുന്നതിലൂടെ മാത്രമേ അത് പ്രേക്ഷകരിലേക്കും പ്രതിഫലിക്കുകയുള്ളൂ, അക്കാര്യത്തിൽ പ്രണവ് തീർച്ചയായും കയ്യടി അർഹിക്കുന്നുണ്ട്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയും തന്നെയാണ് ഡീയസ് ഈറെ എന്നതിൽ സംശയമില്ല. അത്രയ്ക്കും ഗംഭീരമായാണ് പ്രണവ് ഈ ചിത്രത്തിൽ രോഹൻ എന്ന കഥാപാത്രമായി മാറിയിരിക്കുന്നത്. പ്രണവിനൊപ്പം തന്നെ എടുത്ത് പറയേണ്ട പ്രകടനമായിരുന്നു കോൺട്രാക്റ്റർ ആയി എത്തിയ മധുസൂദനൻ പോറ്റി എന്ന കഥാപാത്രത്തിന്റേത്. സിനിമയുടെ ഗ്രാഫ് ഉയർത്തുന്നത്തിൽ ഈ കഥാപാത്രം വഹിച്ച പങ്ക് ചെറുതല്ല. ജീവിതത്തിൽ സ്വത്വ പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന മധുവിന്റെ ക്യാരക്ടർ ആർക്ക് ഗംഭീരമാണ്. അയാളുടെ തിരിച്ചറിവുകളും, തീരുമാനങ്ങളും സിനിമയിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിട്ടുള്ളത്. കുറഞ്ഞ സ്‌ക്രീൻ ടൈമിൽ വന്നുപോയ അർജുൻ അജിലാലും തന്റെ ഭാഗങ്ങൾ ഗംഭീരമാക്കി.
ഒരു കണ്ണാടി, ശൂന്യമായ ഇടങ്ങൾ, കാറ്റ്, മനുഷ്യന്റെ ചിന്തകൾ, നിശബ്ദത, വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ വീട് തുടങ്ങീ നിരവധി ഘടകങ്ങൾ ഭയത്തിന്റെ പര്യായങ്ങളായി ഈ ചിത്രത്തിലും വന്നുപോയിട്ടുണ്ട്. ഭയം എന്ന വികാരത്തിനപ്പുറം നമ്മുടെ ചിന്തകളെ വേട്ടയാടുന്ന, മരവിപ്പിക്കുന്ന താരത്തിലേക്കുള്ള ഒരു ആഖ്യാനത്തിലേക്കാണ് സിനിമ അവസാനം പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മധുസൂദനൻ പോറ്റി, സൈജു കുറുപ്പ് അവതരിപ്പിച്ച ഡോ. ജോർജ് എന്നിവരുടെ കഥാപാത്ര രൂപീകരണം സൂക്ഷ്മ തലത്തിൽ പലതിലേക്കുമുള്ള സൂചനകളും തുടർച്ചകളുമാണ്.
ഷെഹ്നാദ് ജലീലിന്റെ ഗംഭീര ഛായാഗ്രഹണമാണ് സിനിമയുടെ മറ്റൊരു പ്രധാന ഘടകം. പകൽ വെളിച്ചത്തിൽ നിന്നും നിഗൂഢമായ ഇരുട്ടിലേക്കുള്ള സിനിമയുടെ സഞ്ചാരം ഗംഭീരമാണ്. അതിനോടൊപ്പം തന്നെ ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തലസംഗീതവും മികവുറ്റതായിരുന്നു. ക്ലൈമാക്സിൽ ക്രിസ്റ്റോ ചെയ്തുവച്ചിരിക്കുന്ന പശ്ചാത്തല സംഗീതം മാത്രം മതി അയാളിലെ ക്രാഫ്റ്റ് മനസിലാക്കാൻ. ചിലയിടങ്ങളിൽ കാതടപ്പിക്കുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം ഉണ്ടെന്ന് ഒഴിച്ചാൽ സിനിമയെയും അതിന്റെ മൂടിനെയും മൊത്തത്തിൽ എലവേറ്റ് ചെയ്യാൻ ക്രിസ്റ്റോ വഹിച്ച പങ്ക് ചെറുതല്ല. ഭ്രമയുഗം എന്ന ചിത്രത്തിന് ശേഷം ജോതിഷ് ശങ്കർ- രാഹുൽ സദാശിവൻ കൂട്ടുകെട്ട് ഒന്നിക്കുന്നത് കൊണ്ട്തന്നെ പ്രൊഡക്ഷൻ ഡിസൈൻ ഗംഭീരമാവും എന്നൊരു പ്രതീക്ഷ ചിത്രത്തിന്റെ അപ്‌ഡേറ്റുകളിൽ നിന്നെല്ലാം സൂചനകൾ ഉണ്ടായിരുന്നു. അതിനോട് നീതി പുലർത്തുന്ന പ്രൊഡക്ഷൻ ഡിസൈൻ തന്നെയാണ് ജോതിഷ് ശങ്കർ ചിത്രത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ മൂന്നാം ചിത്രം തീർച്ചയായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവം തന്നെയാണ്. ഡീയസ് ഈറെ ഒരു അവസാനമല്ല, ഭയത്തിന്റെ, വേട്ടയാടലുകളുടെ ഒരു തുടർച്ച മാത്രമാണിത്... ഇനി വരാൻ പോകുന്നത് ക്രോധത്തിന്റെ ദിനങ്ങളും!