Latest Videos

ഉദ്വേ​ഗവഴിയിലെ 'കാപ്പ', നിറഞ്ഞാടുന്ന പൃഥ്വിരാജ്; റിവ്യൂ

By Web TeamFirst Published Dec 22, 2022, 3:36 PM IST
Highlights

​ആക്ഷന്‍, അക്രമണോത്സുക രം​ഗങ്ങളുടെ സ്റ്റൈലൈസ്ഡ് അവതരണത്തില്‍ കഥ മറക്കുന്ന ​മോശം ​ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ മാതൃകയെ പിന്‍പറ്റുന്നില്ല കാപ്പ

മലയാളത്തിലെ പുതുനിര എഴുത്തുകാരില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ജി ആര്‍ ഇന്ദു​ഗോപന്‍. ദൃശ്യാഖ്യാനത്തിനുള്ള സിനിമാറ്റിക് സാധ്യതകള്‍ ആവോളമുള്ളതെന്ന് വായനക്കാര്‍ തന്നെ പറയാറുള്ള ഇന്ദു​ഗോപന്‍റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കാപ്പ. ഒരിടവേളയ്ക്കു ശേഷം ഷാജി കൈലാസിന് തിരിച്ചുവരവ് നല്‍കിയ കടുവയ്ക്കു ശേഷം പൃഥ്വിരാജിനൊപ്പം അദ്ദേഹം ചേരുന്ന സിനിമ കൂടിയാണ് കാപ്പ. ഒരു കാലത്ത് ആക്ഷന്‍ ചിത്രങ്ങളില്‍ തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ഷാജി കൈലാസ് പുതുതലമുറയിലെ ഒരു ശ്രദ്ധേയ കഥാകാരന്‍റെ കഥയ്ക്ക് എത്തരത്തില്‍ ചലച്ചിത്രഭാഷ്യം ഒരുക്കും എന്നതായിരുന്നു ചിത്രം പുറത്തെത്തും മുന്‍പുള്ള കൗതുകം. ദൃശ്യാഖ്യാനത്തില്‍ കാലത്തിനനുസരിച്ച് സ്വയം പുതുക്കിയ ഷാജി കൈലാസിനെ കാണാം എന്നതാണ് കാപ്പ നല്‍കുന്ന അനുഭവം. 

കഥാപശ്ചാത്തലമായി വന്നിട്ടുണ്ടെങ്കിലും ഒരു ന​ഗരത്തിന്‍റെ കഥ എന്ന നിലയില്‍ തിരുവനന്തപുരത്തിന്‍റെ കഥ ബി​ഗ് സ്ക്രീനില്‍ അങ്ങനെ വന്നിട്ടില്ല. കഥാപാത്രങ്ങളുടെ എന്നതിനപ്പുറത്ത് തലസ്ഥാന ന​ഗരിയുടെ കൂടെ കഥയാണ് കാപ്പ. മലയാളികള്‍ക്ക് ചിരപരിചിതമായ ഒരു സ്ഥലത്തിന്‍റെ തികച്ചും അപരിചിതമായ ചില കാഴ്ചകളാണ് ശംഖുമുഖിയില്‍ ഇന്ദു​ഗോപന്‍ വരച്ചിട്ടിരുന്നത്. തലമുറകള്‍ കടന്നാലും പകയൊടുങ്ങാത്ത, ​ചോരയുടെ മണമുള്ള ​ഗ്യാങ് വാറുകളുടെ കഥ. പി എന്‍ മധു കുമാര്‍ എന്ന കൊട്ട മധുവാണ് കാപ്പയിലെ കേന്ദ്ര കഥാപാത്രം. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ​ഗുണ്ടാ നേതാവ്. നിലവില്‍ തലസ്ഥാന ​ന​ഗരിയിലെ അധോലോകം മധുവിന്‍റെ കാല്‍ച്ചുവട്ടിലാണ്. ഒരിക്കല്‍ ആനന്ദ് എന്ന, ടെക്കിയായ ഒരു യുവാവ് അയാളെ കാണാനെത്തുന്നു. കാപ്പ ലിസ്റ്റില്‍ തന്‍റെ ഭാര്യയുടെ പേരുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം പിന്തുടര്‍ന്നാണ് അയാള്‍ മധുവിന് അടുത്തെത്തുന്നത്. ബിനു ത്രിവിക്രമന്‍ എന്ന, ആനന്ദിന്‍റെ ഭാര്യ എങ്ങനെ കാപ്പ ലിസ്റ്റില്‍ എത്തിപ്പെട്ടുവെന്ന അറിവില്‍ നിന്ന് ഉടലെടുക്കുന്ന അനേകം ഉള്‍പ്പിരിവുകളിലൂടെയും കഥാവഴികളിലൂടെയും ഉദ്വേ​ഗത്തിന്റേതായ ഒരു വഴിയേ നടത്തുകയാണ് കാപ്പ. ഇതില്‍ കൊട്ട മധുവിനെ പൃഥ്വിരാജും ആനന്ദിനെ ആസിഫ് അലിയും ബിനു ത്രിവിക്രമനെ അന്ന ബെന്നും അവതരിപ്പിക്കുന്നു. 

 

​ആക്ഷന്‍, അക്രമണോത്സുക രം​ഗങ്ങളുടെ സ്റ്റൈലൈസ്ഡ് അവതരണത്തില്‍ കഥ മറക്കുന്ന ​മോശം ​ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ മാതൃകയെ പിന്‍പറ്റുന്നില്ല കാപ്പ. ഒരു ആക്ഷന്‍ ത്രില്ലര്‍, ​ഗ്യാങ്സ്റ്റര്‍ ​ഗണത്തില്‍ പെട്ട ചിത്രം ആയിരിക്കുമ്പോള്‍ത്തന്നെ എപ്പോഴും ഹീറോയിക് പരിവേഷമുള്ളയാളല്ല ഇവിടുത്തെ നായകന്‍. മാനുഷികമായ എല്ലാ ബലഹീനതകളുമുള്ള, അധോലോകത്തിന്‍റെ ഇരുള്‍ വഴിയില്‍ ഒരിക്കല്‍ പെട്ടാല്‍ ഒരു തിരിച്ചുപോക്കില്ലെന്ന് തിരിച്ചറിഞ്ഞ, അതിജീവനത്തിനായി പൊരുതുന്ന മനുഷ്യനാണ്. കടന്നെത്തിയ ഭൂതകാലത്തിന്‍റേതായ വെയ്റ്റ് ഉള്ള ഈ കഥാപാത്രത്തെ പൃഥ്വിരാജ് വൃത്തിയായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ഉള്‍ക്കനമുള്ള രചനയുടെ കരുത്ത് കഥാനായകനൊപ്പമുള്ള മറ്റു കഥാപാത്രങ്ങളിലും കാണാം. കൊട്ട മധുവിന്‍റെ വലംകൈയായ ജബ്ബാര്‍ (ജ​ഗദീഷ്), പത്രം നടത്തിപ്പുകാരന്‍ (ദിലീഷ് പോത്തന്‍), മധുവിന്റെ ഭാര്യ പ്രമീള (അപര്‍ണ ബാലമുരളി) എന്നിവയാണ് പ്രകടന സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു വേഷങ്ങള്‍. ദിലീഷ് പോത്തനും അപര്‍ണയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയപ്പോള്‍ തനിക്ക് ഈയിടെ ലഭിക്കുന്ന വേറിട്ട കഥാപാത്രങ്ങളുടെ നിരയിലാണ് ജ​ഗദീഷിന്‍റെ ജബ്ബാര്‍. ചിത്രത്തെ ലൈവ് ആയി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ജ​ഗദീഷിന്‍റെ സാന്നിധ്യത്തിന്‍റെ പങ്ക് ചെറുതല്ല.

 

ഇന്ദു​ഗോപന്‍റെ സൃഷ്ടിയുടെ പള്‍സ് അറിഞ്ഞാണ് കാപ്പയ്ക്ക് ഷാജി കൈലാസ് ഒരു ദൃശ്യഭാഷ ചമച്ചിരിക്കുന്നത്. ഛായാ​ഗ്രഹണമായാലും പശ്ചാത്തല സം​ഗീതമായാലും സ്റ്റൈല്‍ ഓവര്‍ സബ്സ്റ്റന്‍സ് എന്ന തലത്തിലേക്ക് ഒരിക്കലും അദ്ദേഹം വഴുതി വീഴുന്നില്ല. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകന്‍. പറയുന്ന കഥയുടെ ​ഗൗരവവും ഡാര്‍ക് മൂഡുമൊക്കെ സെറ്റ് ചെയ്യുന്നതില്‍ ജോമോന്‍റെ ഫ്രെയ്മുകള്‍ വിജയിച്ചിട്ടുണ്ട്. ഡോണ്‍ വിന്‍സെന്‍റ് ആണ് ചിത്രത്തിന്‍റെ സം​ഗീതം. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

 

ആക്ഷന്‍ ത്രില്ലറുകള്‍ ആസ്വദിക്കുന്ന സിനിമാപ്രേമികള്‍ക്കുള്ള വേറിട്ട വിരുന്നാണ് കാപ്പ. പുതുകാലത്തെ സിനിമയ്ക്കൊപ്പം സ്വയം പുതുക്കിയ ഷാജി കൈലാസിനെയും കാപ്പയില്‍ കാണാം.

ALSO READ : ബോളിവുഡിന് നേട്ടമായോ 'ദൃശ്യം 2'? ഒരു മാസം കൊണ്ട് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

click me!