Latest Videos

കേരള ക്രൈം ഫയല്‍സ് : കൈയ്യടിക്കേണ്ട മലയാളം ക്രൈം ത്രില്ലര്‍.!

By Web TeamFirst Published Jun 24, 2023, 11:40 AM IST
Highlights

ഒട്ടും ഹൈ പ്രൊഫൈല്‍ അല്ലാത്ത ലളിതമെന്ന് പൊലീസ് കരുതുന്ന ഒരു കൊലക്കേസ് അവര്‍ക്ക് വെല്ലുവിളിയാകുന്ന പിരിമുറുക്കമാണ് സീരിസിന്‍റെ തുടക്കം.

ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ജൂണ്‍ 23 മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമാണ് സീരിസിന്‍റെ കഥ. 

ഒടിടി കാലം പുഷ്പിച്ചതിനൊപ്പം മലയാളി കാണികളുടെ കണ്ണുകളെ പിടിച്ചെടുത്ത വിഭാഗങ്ങളാണ് ക്രൈം സീരിസുകള്‍. കൊറിയന്‍ സീരിസുകളും, സ്കാനഡേവിയന്‍ ത്രില്ലറുകളും വരെ ആസ്വദിച്ചു കാണുന്ന മലയാളി പ്രേക്ഷകനെയും, അതിന്‍റെ വലിയ സോഷ്യല്‍ മീഡിയ ആസ്വാദന കുറിപ്പുകളും നമ്മുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ ഒരു അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമില്‍ മലയാളത്തിന്‍റെ ആദ്യത്തെ ലക്ഷമൊത്ത ക്രൈം ത്രില്ലര്‍ സീരിസ് എത്തുമ്പോള്‍ അത് മലയാളി തീര്‍ച്ചയായും ശ്രദ്ധിക്കും. ഈ കാഴ്ചയെ തൃപ്തിപ്പെടുത്തുന്ന ചേരുവകള്‍ എല്ലാം തന്നെ കേരള ക്രൈം ഫയല്‍സില്‍ ഉണ്ട്. 

അടുത്തകാലത്ത് ശ്രദ്ധേയനായ സംവിധായകന്‍ രാഹുല്‍ രാജ് നായരാണ് ഈ ഷോയുടെ പ്രൊഡ്യൂസര്‍. ആഷിക് ഐമറാണ് രചന. 2011 ലെ എറണാകുളമാണ് കഥയുടെ പാശ്ചാത്തലം. ഹൈ പ്രൊഫൈല്‍ അല്ലാത്ത ഒരു കേസിലേക്കാണ് എസ് ഐ മനോജും സംഘവും എത്തിച്ചേരുന്നത്. ഇവരുടെ മേല്‍ ഉദ്യോഗസ്ഥനായി കുര്യന്‍ എന്ന സിഐയും. ഒപ്പം പ്രദീപ്, സുനില്‍, വിനു എന്നീ മൂന്ന് കോണ്‍സ്റ്റബിള്‍മാരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. ഇവര്‍ക്ക് മുന്നില്‍ ലോഡ്ജ് മുറിയിലെ സ്വപ്ന എന്ന ലൈംഗിക തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകെയുള്ളത് ഒരു വിലാസമാണ് ഷിജു, പാറയില്‍ വീട്, നീണ്ടകര. 

മനോജ് എന്ന എസ്ഐയുടെ വേഷം തന്‍റെ കരിയറിലെ തന്നെ മികച്ചൊരു വേഷമാക്കി മാറ്റിയിട്ടുണ്ട് അജു വര്‍ഗ്ഗീസ്. ഒരു പൊലീസുകാരന്‍റെ ഗൌരവവും കൂര്‍മ്മതയും മനോജ് എന്ന എസ്ഐയുടെ ഒരോ ചലനത്തിലും അജു പുലര്‍ത്തുന്നു. കര്‍ശ്ശനക്കാരനായ എന്നാല്‍ സഹപ്രവര്‍ത്തകരോടും, മറ്റുള്ളവരോടും സഹാനുഭൂതി കാണിക്കുന്ന സിഐ കുര്യനായി ലാല്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഷിന്‍സ് ഷാന്‍, നവാസ് വള്ളിക്കുന്ന്, സഞ്ജു സനിച്ചന്‍ എന്നിവര്‍ പൊലീസുകാരായി മികച്ച വേഷം ചെയ്യുന്നു. ഒരോ കഥാപാത്രത്തിന്‍റെയും കാസ്റ്റിംഗ് തീര്‍ത്തും റിയലായ ഒരു കഥാപരിസരം സീരിസിന് നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ലാഗുകളോ മറ്റോ ഇല്ലാതെ കഥ ആഖ്യാനം ഒഴുകുന്നുണ്ട്. 

ഹോട്ട് സ്റ്റാര്‍ പതിവായി അവരുടെ സ്പെഷ്യല്‍ സീരിസുകള്‍ക്ക് പിന്തുടരുന്ന കളര്‍ ടോണ്‍ ആടക്കം കേരള ക്രൈം ടൈംപ്ലേറ്റായി ഉപയോഗിച്ചിരിക്കുന്നു എന്ന് സ്ഥിരം ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍ സീരിസുകള്‍ കാണുന്നവര്‍ക്ക് തോന്നാം. എന്നാല്‍ അതിനപ്പുറം കഥ പറയുന്ന രീതിയിലും സംഭവങ്ങളുടെ അവതരണത്തിലും പ്രേക്ഷകരെ അത് ഒരു തരത്തിലും അലോസരപ്പെടുത്തുന്നില്ല.  ഒട്ടും ഹൈ പ്രൊഫൈല്‍ അല്ലാത്ത ലളിതമെന്ന് പൊലീസ് കരുതുന്ന ഒരു കൊലക്കേസ് അവര്‍ക്ക് വെല്ലുവിളിയാകുന്ന പിരിമുറുക്കമാണ് സീരിസിന്‍റെ തുടക്കം. അവിടെ നിന്ന് കൃത്യമായ അന്വേഷണ വഴികളിലൂടെ പ്രതിയിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്ന ആകാംക്ഷ തന്നെയാണ് പ്രേക്ഷകനെ മൂന്ന് മണിക്കൂര്‍ നീളുന്ന ആറ് എപ്പിസോഡുകളില്‍ പിടിച്ചിരുത്തുന്നത്. 

റിയലിസ്റ്റിക് രീതിയിലുള്ള ആഖ്യാനം അവലംബിക്കുമ്പോള്‍ തന്നെ സാധാരണ ക്രൈം ത്രില്ലര്‍ സീരിസുകളില്‍ കണ്ടുവരാറുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ സുഖകരമല്ലാത്ത ഭൂതകാലം, അല്ലെങ്കില്‍ ജീവിത പരിസരം എന്ന ക്ലീഷേയെ ബ്രേക്ക് ചെയ്യാന്‍ സീരിസ് ശ്രമം നടത്തുന്നുണ്ട്. അസ്വസ്തതകളും സുഖക്കേടുകളും ഉള്ള സാധാരണ മനുഷ്യരാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ പല സന്ദര്‍ഭങ്ങള്‍ സീരിസില്‍ ഉണ്ട്. എന്നാല്‍ അതിനപ്പുറം അവരുടെ ഇത്തരം വിഷമതകളെ അന്വേഷണവുമായി ബന്ധിപ്പിക്കാനോ, അല്ലെങ്കില്‍ പ്രധാന പ്ലോട്ടിന്‍റെ കഥപറച്ചില്‍ രീതിയില്‍ തടസ്സം സൃഷ്ടിക്കാനോ ഷോ റണ്ണേര്‍സ് സമ്മതിക്കുന്നില്ല. ഒപ്പം ഇത്തരം സംഭവങ്ങളെ വളരെ പൊസറ്റീവായി തന്നെ പലയിടത്തും അവതരിപ്പിക്കുന്നുണ്ട്. അത് നല്ലൊരു കാഴ്ചാനുഭവമാണ്.

സാങ്കേതികമായി മലയാളത്തില്‍ ഇതുവരെയുള്ള ഒടിടി ശ്രമങ്ങളില്‍ ഹൈ എന്‍റ്  പ്രൊഡക്ടുകളില്‍ ഒന്നാണ് ദ കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര. ഗംഭീര ദൃശ്യങ്ങളോടെ ഫോട്ടോഗ്രാഫിയിലും, 2011 കാലഘട്ടത്തെ അവതരിപ്പിക്കുന്ന പ്രൊഡക്ഷന്‍ ഡിസൈനിംഗില്‍ ആയാലും സീരിസ് ഗംഭീരമായി വിജയിക്കുന്നുണ്ട്. 

നേരത്തെ പറഞ്ഞത് പോലെ ലോകമെങ്ങും ഉള്ള ക്രൈം സീരിസുകള്‍ നമ്മുടെ വിരല്‍ തുമ്പിലുള്ള കാലത്ത് അവയോട് താരതമ്യം ചെയ്യാന്‍ വേണ്ടിയുള്ള ഒരു പ്രൊഡക്ഷനായി അല്ല കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര എന്ന ഹോട്ട് സ്റ്റാര്‍ സീരിസിനെ സമീപിക്കേണ്ടത്. വരും കാലത്ത് മലയാളത്തില്‍ വലിയൊരു സാധ്യതയുള്ള മേഖലയിലേക്കുള്ള വലിയൊരു വാതിലായി വേണം കാണാന്‍. അതിനാല്‍ തന്നെ ഈ തുടക്കം പതിഞ്ഞതാകാം. പക്ഷെ ഇംപാക്ട് ഉണ്ടാക്കുന്നു, ഒപ്പം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. 

ആരാണീ 'ഷിജു, പാറയില്‍ വീട്'? മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് സ്ട്രീമിം​ഗ് തുടങ്ങി

' കേരളാ ക്രൈം ഫയൽസ് ' ട്രെയിലര്‍ ബിഗ്ബോസ്സ് വേദിയിൽ അവതരിപ്പിച്ചു മോഹൻലാൽ

അവസാന വാരത്തിലേക്ക് ബിഗ്ബോസ് ഇനിയെന്ത് സംഭവിക്കും 

click me!