Latest Videos

പ്രേമ കളി, കാര്യമാകുന്ന സമയം...: രസം പിടിപ്പിക്കുന്ന ചിരിപ്പടം: മഹാറാണി റിവ്യൂ

By Web TeamFirst Published Nov 24, 2023, 2:38 PM IST
Highlights

താരങ്ങളുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട ഘടകം. അജി, വിജി സഹോദരന്മാരായി വരുന്ന റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവര്‍ ശരിക്കും സ്ക്രീനില്‍ അഴിഞ്ഞാടുന്നുണ്ട്. 

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹാറാണി'. ആലപ്പുഴ പരിസരത്തെ ഒരു ഗ്രാമീണകഥയിലേക്കാണ് ചിത്രം പ്രേക്ഷകനെ ക്ഷണിക്കുന്നത്. പ്രേമം, പ്രേമത്തിലെ ഒളിച്ചോട്ടം അതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഇവയെല്ലാം ഒരു രസചരടില്‍ എന്ന പോലെ കോര്‍ത്ത് വളരെ ഗൌരവമായ വിഷയങ്ങളോട് കൂടി അവതരിപ്പിക്കാന്‍ സംവിധായകന്‍ ജി.മാർത്താണ്ഡൻ  ശ്രമിക്കുന്നുണ്ട്. ഇത് തീയറ്ററില്‍ പ്രേക്ഷകന്‍റെ മനസിലേക്ക് എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ വിജയം.

ശ്രീ നാരായണ ഗുരുവിന്‍റെ സൂക്തങ്ങളിലൂടെ തുടങ്ങുന്ന ചിത്രം ഗ്രമ ശ്രീ എന്ന വില്ലേജ് മാഗസിനിലെ ഒരു കഥയിലൂടെ വികസിക്കുകയാണ്. മന്മദന്‍ എന്ന കള്ളു ഷാപ്പ് ഉടമയും അയാളുടെ സുഹൃത്തുക്കളെ പോലെ പെരുമാറുന്ന അജി വിജി എന്നീ മക്കളും ചേര്‍ന്ന കുടുംബവും ഒക്കെയാണ് കഥാ പാശ്ചത്തലത്തിലേക്ക് വരുന്നത്. നടെങ്ങും പ്രേമവുമായി നടക്കുന്ന റോഷന്‍ മാത്യു അവതരിപ്പിച്ച വിജി ഉണ്ടാക്കുന്ന പുകിലും അപ്രതീക്ഷിത സാന്നിധ്യമാകുന്ന റാണിയും കൂടി ആകുന്നതോടെ കഥയുടെ രസം വര്‍ദ്ധിക്കുന്നു ചിത്രത്തിന്‍റെ ടേക്ക് ഓഫും സംഭവിക്കുന്നു.

താരങ്ങളുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ട ഘടകം. അജി, വിജി സഹോദരന്മാരായി വരുന്ന റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവര്‍ ശരിക്കും സ്ക്രീനില്‍ അഴിഞ്ഞാടുന്നുണ്ട്. പതിവ് രീതിയിലുള്ള ഗൌരവമേറിയ വേഷങ്ങളില്‍ നിന്നും മാറി പ്രേക്ഷകനെ ചിരിപ്പിക്കുന്ന അനവധി മുഹൂര്‍ത്തങ്ങള്‍ മഹാറാണിയില്‍ റോഷൻ ഒരുക്കുന്നു. ഷൈൻ ടോം ചാക്കോ പതിവ് മാനറിസങ്ങളില്‍ നിന്നും കുറച്ചുകൂടി ലൌഡായ പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ചവയ്ക്കുന്നത്. 

നായകകഥാപാത്രങ്ങളുടെ പിതാവായി എത്തുന്ന  ജോണി ആന്റണി പതിവ് പോലെ ഗംഭീരമായ പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഒപ്പം ഹരിശ്രീ അശോകന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.  ബാലു വർഗീസ്‌, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. 

ചിത്രത്തിന്‍റെ  സംഗീതം എടുത്തുപറയേണ്ട ഒരു ഘടകമാണ്. ചിത്രത്തില്‍ ഗാനത്തിന് വേണ്ടിയുള്ള ഗാനങ്ങള്‍ ഇല്ല. ചിത്രത്തിന്‍റെ മൂഡിനെ മുന്നോട്ട് നയിക്കുന്ന രീതിയില്‍ ഗംഭീരമാണ് ഗോവിന്ദ് വസന്തിന്‍റെ ഗാനങ്ങളും  പാശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നത്. 'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് രതീഷ്‌ രവിയാണ് ചിത്രത്തിന്‍റെ തിരക്കഥ, ആ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ആഖ്യാന ശൈലിയില്‍ പ്രേക്ഷകന് രസിക്കുന്ന സിനിമയാണ് മഹാറാണി. 

ക്യാമറയില്‍ എസ് ലോകനാഥൻ, ചിത്രസംയോജനത്തില്‍ നൗഫൽ അബ്ദുള്ള, കലാ സംവിധാനത്തില്‍ സുജിത് രാഘവ് എന്നിവരും മികച്ച രീതിയില്‍ തന്നെ ചിത്രത്തെ പ്രേക്ഷകന് പ്രിയമുള്ളതാക്കാന്‍ സംഭാവന ചെയ്യുന്നു. കളിയും കാര്യവും എല്ലാം ചേര്‍ന്ന് 2 അര മണിക്കൂറോളം പ്രേക്ഷകന് ഒരു അനുഭവം നല്‍കാന്‍ മഹാറാണി ടീം വിജയിക്കുന്നുണ്ട്. 

കൈയ്യടിക്കേണ്ട കാതല്‍: വീണ്ടും 'ആക്ടര്‍ മമ്മൂട്ടി ആന്‍റ് കമ്പനി' ഞെട്ടിക്കുന്നു: ജിയോ ബേബി ചിത്രം റിവ്യൂ
 

click me!