
മൈലുകൾ താണ്ടി കേരളത്തിൽ നിന്ന് അഞ്ചു പേരുടെ ഒരു സുഹൃദ് സംഘം രാജസ്ഥാനിലെ ഖജുരാഹോയിലെ ഗ്രാമങ്ങളിലേയ്ക്ക് നടത്തിയ റോഡ് യാത്ര. അവരുടെ സൗഹൃദവും യാത്രയിൽ അവർക്കുണ്ടാകുന്ന അനുഭവങ്ങളും അവരേറ്റെടുക്കുന്ന ഒരു ഉദ്യമവുമാണ് ഖജുരാഹോ ഡ്രീംസ്. ധ്രുവൻ, അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, അദിതി രവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പറഞ്ഞുകേട്ടൊരു കഥയ്ക്ക് പിന്നാലെ പോകുന്ന സംഘത്തിന് ഒരു യാത്രയ്ക്കപ്പുറമുള്ള ജീവിതാനുഭവങ്ങളാണ് ആ ഗ്രാമം സമ്മാനിക്കുന്നത്.
ഗൗതം എന്നാണ് അർജുൻ അശോകൻ്റെ പേര്. ഇഷാനായി ശ്രീനാഥ് ഭാസിയും ജോബായി ഷറഫുദ്ദീനും ലോലയായി അതിഥിയും സൂര്യയായി ധ്രുവനും അഭിനയിച്ചിരിക്കുന്നു. ചാർലി എന്ന റൈഡർ സുഹൃത്തിനോടൊപ്പം ഖജുരാഹോയിലേക്കൊരു യാത്ര പോയ സൂര്യ ആ യാത്രയിൽ കണ്ട ഒരു ഗ്രാമത്തിൻ്റെ കഥ സുഹൃത്തുക്കളോട് പറയുകയാണ്. ഇതുകേട്ട് ഉറക്കം നഷ്ടപ്പെട്ട സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഖജുരാഹോയിലെ ഗ്രാമം തേടി യാത്ര പുറപ്പെടുന്നു. ഒരു ഇന്ത്യൻ റോഡ് യാത്ര നൽകാവുന്ന പലവിധ അനുഭവങ്ങളും രസങ്ങളും പ്രേക്ഷകരെ കൂടി കാണിച്ചാണ് കൂട്ടുകാർ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്.
ഖജുരാഹോയിൽ അവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു. അവർക്ക് അപരിചിതരായ മനുഷ്യരും അവരുടെ സംസ്കാരവും തേടിപ്പോയവർ അവരിലൊരാളാകുന്നതാണ് ആ ഗ്രാമത്തിൻ്റെ നന്മ. യാത്രകളെ ഡോക്യുമെൻ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്ന അതിഥിയുടെ കഥാപാത്രത്തിനൊപ്പം ചേർന്ന് ആ സുഹൃത്തുക്കൾ അവർക്ക് മുന്നിൽ വരുന്ന പ്രതിസന്ധികളെ നേരിടുകയാണ്. ഒരു കഥയ്ക്ക് പിന്നാലെയുള്ള പോക്ക് മാത്രമായി തുടങ്ങിയ ഇവരുടെ യാത്ര ഗതിവേഗമെടുത്ത് വലിയൊരു ലക്ഷ്യത്തിൽ എത്തിച്ചേരുകയാണ്. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമൊക്കെയായി പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നുണ്ട് ചിത്രം. ഖജുരാഹോയിൽ നിലനിന്നിരുന്ന ദേവദാസി സങ്കൽപ്പത്തേയും പേരുകേട്ട ഖജുരാഹോ രതിശിൽപ്പങ്ങളേയും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. അതിനപ്പുറമുള്ള ഖജുരാഹോയും സൗഹൃദവും പ്രണയവും ചില ഫാമിലി മൊമെൻസും കൂടി സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കും.
മൾട്ടിസ്റ്റാർ ചിത്രമായി എത്തിയിരിക്കുന്ന സിനിമയിൽ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തന്നെയാണ് ഹൈലൈറ്റ്. ധ്രുവൻ, അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, അദിതി രവി എന്നിവർക്ക് പുറമെ ചന്ദുനാഥ്, ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക്, ബോളിവുഡ് താരം രാജ് അർജുൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. മല്ലു സിങ്, കസിൻസ്, അച്ചായൻസ് തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്തായ സേതു രചിച്ചിരിക്കുന്ന ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് നവാഗതനായ മനോജ് വാസുദേവ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും ഫ്രണ്ട്‍ഷിപ്പ് ആഘോഷമാക്കുന്നവർക്കും ഇഷ്ടപ്പെടുന്നൊരു സിനിമയാകും മലയാളത്തിലെ യുവതാരനിര അണിനിരന്ന ഖജുരാഹോ ഡ്രീംസ്.