സ്ക്രീനിന് പുറത്തേക്ക് പടരുന്ന 'മാലിക്'; റിവ്യൂ

By Web TeamFirst Published Jul 15, 2021, 6:08 PM IST
Highlights

'ടേക്ക് ഓഫി'നും 'സി യു സൂണി'നും ശേഷം ഫഹദ് ഫാസില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രം

മലയാളത്തില്‍ നിന്നുള്ള ഡയറക്റ്റ് ഒടിടി റിലീസുകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് 'മാലിക്'. 'ടേക്ക് ഓഫി'നും 'സി യു സൂണി'നും ശേഷം ഫഹദ് ഫാസില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രം, ഫഹദിന്‍റെ ഇതുവരെയുള്ള ഫിലിമോഗ്രഫിയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം, 'സുലൈമാന്‍ മാലിക്' എന്ന 'അഹമ്മദലി സുലൈമാന്‍' ആയുള്ള ഫഹദിന്‍റെ വേറിട്ട ഗെറ്റപ്പ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ റിലീസിനു മുന്‍പ് സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയിട്ടുണ്ടാവും. ബയോപിക്കോ യഥാര്‍ഥ ജീവിതകഥയോ അല്ലെന്നും മറിച്ച് കേരളത്തിലെ ഒരു തീരപ്രദേശത്ത് തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ ഇങ്ങോട്ട് നടന്ന പലതരം സംഭവങ്ങളെ എക്സ്പ്ളോര്‍ ചെയ്യാനുള്ള ശ്രമമെന്നുമാണ് സംവിധായകന്‍ പറഞ്ഞിരുന്നത്.

13 മിനിറ്റിലേറെ നീളുന്ന സിംഗിള്‍ ഷോട്ടിലൂടെയാണ് മഹേഷ് നാരായണന്‍ 'മാലിക്കി'ലേക്കും 'സുലൈമാന്‍ മാലിക്കി'ന്‍റെ ജീവിതത്തിലേക്കും ചുറ്റുപാടിലേക്കും പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നത്. സുലൈമാന്‍റെ കുട്ടിക്കാലം മുതലുള്ള 'റമദാപ്പള്ളി'യിലെ ജീവിതഘട്ടം നോണ്‍ലീനിയര്‍ ശൈലിയിലാണ് ചിത്രത്തില്‍ കടന്നുവരുന്നത്. കഥപറച്ചിലിന്‍റെ കേന്ദ്രസ്ഥാനത്ത് സുലൈമാന്‍ ആണെങ്കിലും അയാളിലേക്ക് മാത്രം ഒതുങ്ങാതെ നിരവധി കഥാപാത്രങ്ങളിലൂടെ ഒരു തീരപ്രദേശത്തിന്‍റെ വിവിധ കാലഘട്ടങ്ങളിലേക്കും സാമൂഹിക സംഭവങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ് സംവിധായകന്‍. സമീപകാലത്ത് ഒരു മലയാളചിത്രത്തില്‍ കാണുന്ന ഏറ്റവും വലിയ കാന്‍വാസില്‍ കഥപറയുന്ന 'മാലിക്കി'ന്‍റെ ആകെ ദൈര്‍ഘ്യം 161 മിനിറ്റ് ആണ്. 

 

സാമൂഹികശ്രേണിയുടെ താഴെ മാത്രം നില്‍ക്കേണ്ടിവരുന്ന തീരദേശജീവിതം, മതം, സ്റ്റേറ്റ്, പൊലീസ്, അധികാരരാഷ്ട്രീയം എന്നിവ ആ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം ഇവയൊക്കെയാണ് കേരളത്തിന്‍റെ സാമൂഹികഓര്‍മ്മയിലുള്ള ഒരു സംഭവത്തെ ഓര്‍മ്മപ്പെടുത്തി ചിത്രത്തില്‍ കടന്നുവരുന്നത്. ഒരു ഏരിയല്‍ ഷോട്ടിലൂടെയെന്നവണ്ണമാണ് കഥപറച്ചിലില്‍ സംവിധായകന്‍റെ കാഴ്ചപ്പാട് അനുഭവപ്പെടുന്നത്. പല തലങ്ങളും സങ്കീര്‍ണ്ണതയുമുള്ള പാഠത്തില്‍ തന്‍റേതെന്ന ഒരു പക്ഷം സംവിധായകന്‍ അടിവരയിട്ടു കാണുന്നില്ല. യഥാതഥ കഥയുടെ ആവിഷ്‍കരണമല്ലെന്ന് മഹേഷ് നാരായണന്‍ പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്‍റെ ദൃശ്യഭാഷയില്‍ ന്യൂസ്റീലുകളുടെ Rawness പലപ്പോഴും കടന്നുവരുന്നുണ്ട്. കണ്ടിരിക്കുമ്പോള്‍ കഥയും കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വേഗത്തില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ദൃശ്യഭാഷ. 

ഫഹദ് ഫാസിലിന്‍റെ അഭിനയജീവിതത്തിലെ അവിസ്‍മരണീയ കഥാപാത്രമാണ് സുലൈമാന്‍ മാലിക്. 'സൈക്കോ കഥാപാത്രങ്ങളി'ലൂടെ പ്രകടനത്തില്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള ഒരു ഗംഭീര നടന്‍റെ മറുപടിയാണ് സുലൈമാന്‍ മാലിക്. യൗവനാരംഭം മുതല്‍ മധ്യവയസ്സ് വരെയുള്ള ആ കഥാപാത്രത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ തനതായി സൃഷ്‍ടിച്ചെടുത്ത ഒരു ശരീരഭാഷയിലൂടെ ഫഹദ് ഗംഭീരമാക്കിയിട്ടുണ്ട്. 'മാലിക്കി'നെക്കുറിച്ച് ഇനി ഓര്‍ക്കുമ്പോള്‍ മധ്യവയസ്സിലെ ആ കഥാപാത്രത്തിന്‍റെ ഗെറ്റപ്പും ഫഹദിന്‍റെ പ്രകടനവുമായിരിക്കും മനസിലേക്ക് ആദ്യം എത്തുക. എഡിറ്റര്‍ കൂടിയായ സംവിധായകന്‍റെ മികവ് ഏറ്റവുമധികം അനുഭവപ്പെടുത്തിയതും ചിത്രത്തിലെ താരനിര്‍ണ്ണയമാണ്. ഫഹദിനൊപ്പം നിരവധി ശ്രദ്ധേയ പ്രകടനങ്ങളുമുണ്ട് ചിത്രത്തില്‍. നിമിഷ സജയന്‍റെ 'റോസ്‍ലിന്‍' ആണ് അതില്‍ ഏറ്റവും പ്രധാനം. ഫഹദിനെപ്പോലെതന്നെ താന്‍ അവതരിപ്പിച്ചുവന്നിരുന്ന കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ട ഒരു ശൈലി നിമിഷ ആ കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്. 'സുലൈമാനൊ'പ്പം ചിത്രത്തിലുടനീളം സാന്നിധ്യമാവുന്ന കഥാപാത്രത്തെ അതീവ വിശ്വസനീയമാക്കിയിട്ടുണ്ട് നിമിഷ. വിനയ് ഫോര്‍ട്ടിന്‍റെ ഡേവിഡ് ക്രിസ്‍തുദാസ്, ജലജ അവതരിപ്പിച്ച സുലൈമാന്‍റെ ഉമ്മയായ ജമീല, സനല്‍ അമന്‍റെ ഫ്രെഡ്ഡി, പാര്‍വ്വതി കൃഷ്‍ണയുടെ ഡോ: ഷെര്‍മിന്‍, ദിവ്യപ്രഭയുടെ അയീഷ, ദേവകി രാജേന്ദ്രന്‍റെ മേരി എന്നിവരൊക്കെ മികച്ച താരനിര്‍ണ്ണയങ്ങളും മികവുറ്റ പ്രകടനങ്ങളുമാണ്.

 

'ടേക്ക് ഓഫ്' ക്യാമറയില്‍ പകര്‍ത്തിയ സാനു ജോണ്‍ വര്‍ഗീസ് തന്നെയാണ് 'മാലിക്കി'ന്‍റെയും ഛായാഗ്രാഹകന്‍. മലയാളത്തിന്‍റെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംവിധായകന്‍റെ ദൃശ്യപരമായ വിഷന്‍ സാധ്യമാക്കിക്കൊടുത്ത സാനു കൈയടി അര്‍ഹിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ എന്ന എഡിറ്ററുടെയും സന്തോഷ് രാമന്‍, അപ്പുണ്ണി സാജന്‍ എന്നീ കലാസംവിധായകരുടെയും മികവാണ്  അത് സാധ്യമാക്കിയെടുത്ത മറ്റ് പ്രധാന ഘടകങ്ങള്‍. സുഷിന്‍ ശ്യാമിന്‍റെ സംഗീതവും ചിത്രത്തിന് അതിന്‍റെ വ്യക്തിത്വം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബിഗ് സ്ക്രീന്‍ അനുഭവം നഷ്‍ടപ്പെട്ടതില്‍ നിരാശ തോന്നിപ്പിക്കുന്ന ചിത്രം കൂടിയാണ് മാലിക്.

click me!