
ജീത്തു ജോസഫ് സംവിധാനം ചെയ്ത് അപർണ ബാലമുരളി- ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'മിറാഷ്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ത്രില്ലർ ഴോണറിൽ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. സിനിമയുടെ പേര് പോലെ തന്നെ മരീചികയാണ് ചുറ്റുമുള്ള മനുഷ്യരെല്ലാം എന്ന തോന്നൽ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രാജ്‌കുമാർ ഫിനാൻഷ്യൽ എന്റർപ്രൈസസിൽ പുതുതായി ജോലിക്കെത്തുന്ന അഭിരാമിയും (അപർണ ബാലമുരളി) കിരണും (ഹക്കിം ഷാജഹാൻ) തമ്മിൽ ഉടലെടുക്കുന്ന സൗഹൃദവും അത് പ്രണയത്തിലേക്ക് വഴി മാറുന്നതും, തുടർന്ന് അവർ പ്രവർത്തിക്കുന്ന കമ്പനിയുടെ രഹസ്യങ്ങൾ പുറം ലോകത്തെത്തിക്കാനുള്ള അവരുടെ ശ്രമവും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. അശ്വിൻ എന്ന ഓൺലൈൻ ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.
ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും കോർത്തിണക്കികൊണ്ടാണ് ജീത്തു ജോസഫ് ചിത്രമൊരുക്കിയിരിക്കുന്നത്. സിനിമ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ, എത്തരത്തിലുള്ള ഒരു സിനിമയാണ് നിങ്ങൾ കാണാൻ പോകുന്നതെന്ന വ്യക്തമായ സൂചന സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഒരു നിമിഷം പോലും വിരസമാക്കാതെ ഒരു സീറ്റ് എഡ്ജ് ത്രില്ലർ തന്നെയാണ് ജീത്തു മിറാഷിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നമ്മൾ കാണുന്ന മനുഷ്യരെല്ലാം അവരവരായിട്ടാണോ സമൂഹത്തിൽ നിലകൊള്ളുന്നതെന്ന സംശയം പ്രേക്ഷകന് തോന്നാം. അത്തരത്തിലുള്ള ഒരു ആഖ്യാനമാണ് ചിത്രത്തിന് വേണ്ടി ജീത്തു സ്വീകരിച്ചിരിക്കുന്നത്. ഒരു ബിസിനസ് ആവശ്യത്തിനായി ചെന്നൈയിലേക്ക് പോകുന്ന കിരണിനെ കാണാതാവുന്നതോടെയാണ് മിറാഷ് അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് കടക്കുന്നത്. തന്നോട് പറയാതെ കിരൺ എന്തുകൊണ്ടാണ് അത്തരമൊരു യാത്ര പോയതെന്ന അഭിരാമിയുടെ സംശയവും, തുടർന്ന് അവളുടെ മനസ്സിൽ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടിക്കൊണ്ട് അവൾ നടത്തുന്ന യാത്രകൾ നിരവധി ട്വിസ്റ്റുകളുടെ പിൻബലത്തോടെ ജീത്തു അവതരിപ്പിച്ചിരിക്കുന്നു.
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാണ് മിറാഷിലെ അശ്വിൻ എന്ന ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്. തുടക്കം മുതൽ ഒടുക്കം വരെ വളരെ കയ്യടക്കത്തോടെ മികച്ച രീതിയിലാണ് ആസിഫ് അശ്വിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയായിരുന്നു മിറാഷ്. കരിയറിന്റെ ഏറ്റവും പീക്കിൽ നിൽക്കുന്ന സമയത്ത് ഇത്രയും ചാലഞ്ചിങ് ആയിട്ടുള്ള ഒരു കഥാപാത്രം ചെയ്യാൻ ആസിഫ് അലി എടുത്ത തീരുമാനം വലിയ പ്രശംസയർഹിക്കുന്നുണ്ട്.
ഹക്കീം ഷാജഹാൻ അവതരിപ്പിച്ച കിരൺ എന്ന കഥാപാത്രവും മികച്ചു നിന്നു. കഥാപാത്രത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള മാനസിക സംഘർഷങ്ങൾ വളരെ മികച്ച രീതിയിലാണ് ഹക്കീം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ദീപക് പറമ്പോൽ, ഹന്ന റെജി കോശി എന്നിവരും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് അപർണ ബാലമുരളിയുടെ കഥാപാത്രം തന്നെയാണ്. ഒരു ഫീമെയിൽ സെൻട്രിക് ചിത്രമായത് കൊണ്ടുതന്നെ ആദ്യം മുതൽ അവസാനം വരെ ചിത്രത്തിന്റെ വൈകാരികമായ എല്ലാ തലങ്ങളെയും കൂട്ടിയിണക്കുന്നതും മുന്നോട്ട് നയിക്കുന്നതും അപർണ ബാലമുരളിയാണ്. നിരവധി ട്രോമകൾ പേറുന്ന അതിന്റെ ഉത്തരങ്ങൾ തേടിക്കൊണ്ടിരിക്കുന്ന, സ്വന്തം ജീവിതത്തെ കുറിച്ച് നിരവധി സംശയങ്ങളും മറ്റുമുള്ള അഭിരാമി എന്ന കഥാപാത്രമായി അപർണയല്ലാതെ മറ്റൊരു കഥാപാത്രത്തെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധമായിരുന്നു താരത്തിന്റെ പ്രകടനം. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം അപർണ- ആസിഫ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു മിറാഷ്.
സെവൻ വൺ സെവൻ പ്രൊഡക്ഷൻസും,ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എക്സ്പിരിമെന്റ്സ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവരാണ്.
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഓരോ ദൃശ്യവും ചിത്രത്തിൽ വഹിച്ച പങ്ക് ചെറുതല്ല. അപർണ ആർ തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.ഏറ്റവും ചെറിയൊരു കഥയെ ഇത്രയും ലെയറുകളുള്ള സങ്കീർണ്ണമായ തിരക്കഥയാക്കി മാറ്റി, ഒരു പദപ്രശ്നം പരിഹരിക്കുന്നത് പോലെ ക്ലൈമാക്സിൽ എല്ലാം ചേർത്തുവെക്കുന്നതിൽ എഴുത്തുകാർ വഹിച്ച പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ കൂട്ടത്തിൽ മിറാഷിന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയായിരിക്കും.
ലോകം ഒരു മരീചികയാണെന്നും മനുഷ്യരെല്ലാം അതിനനുസരിച്ച് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന, ഒരിക്കലും മറ്റൊരാൾക്ക് പിടികൊടുക്കാത്ത പ്രത്യേക തരം ജീവികളാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. പണത്തോടും പ്രതികാരത്തോടുമുള്ള മനുഷ്യരുടെ കാഴ്ചപ്പാട് കൂടിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. തേഡ് ആക്ടിൽ ചിത്രം പ്രേക്ഷകനെ കൊണ്ടെത്തിക്കുന്ന തലം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഒരു പക്ഷേ ഉള്ളിലൊരു മരവിപ്പോട് കൂടി മാത്രമേ നിങ്ങൾക്ക് തിയേറ്റർ വിട്ട് പുറത്തിറങ്ങാൻ കഴിയൂ.