പ്രതീക്ഷ തെറ്റിക്കാതെ അൽത്താഫ് സലിം; മനസ് നിറയ്ക്കുന്ന പ്രകടനവുമായി ഫഹദും ലാലും; 'ഓടും കുതിര ചാടും കുതിര' റിവ്യു

Published : Aug 29, 2025, 03:05 PM IST
Odum Kuthira Chaadum Kuthira Movie review

Synopsis

'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര'യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ദിനം കിട്ടികൊണ്ടിരിക്കുന്നത്. റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റിവ്യൂ വായിക്കാം.

മനുഷ്യരുടെ വിവിധ തലത്തിലുള്ള മാനസികാവസ്ഥകളെ നർമ്മവും സ്വപ്നവും കൊണ്ട് നിർവചിക്കുകയാണ് 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിലൂടെ അൽത്താഫ് സലിം. തന്റെ ആദ്യ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യ്ക്ക് ശേഷം വീണ്ടും സംവിധാന കുപ്പായമണിയുന്ന അൽത്താഫ് എന്ന സംവിധായകനിലുള്ള പ്രതീക്ഷ രണ്ടാം ചിത്രത്തിലും അദ്ദേഹം കാത്തുസൂക്ഷിച്ചു എന്ന തന്നെ പറയാം. എബി മാത്യു എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ എത്തിയപ്പോൾ നിധി എന്ന കഥാപാത്രമാണ് കല്യാണി പ്രിയദർശൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന താരങ്ങളോടൊപ്പം ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, രേവതി പിള്ള തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. സ്വപ്നവും യാഥാർത്ഥ്യവും തമ്മിലെ സാമ്യവും അന്തരവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഏതാണ് സ്വപ്നമെന്നും, ഏതാണ് യാഥാർത്ഥ്യമെന്നും തിരിച്ചറിയാനാവാത്ത എബിയും നിധിയും തമ്മിലെ പ്രണയവും അതേത്തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും എങ്ങനെയാണ് ഇരുവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നത് എന്നതാണ് റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരയുടെ കാതൽ.

തങ്ങളുടെ കല്യാണത്തിന് കുതിരപ്പുറത്തേറി കല്ല്യാണപന്തലിലേക്ക് എത്തണമെന്ന നിധിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്ന എബിയെ ആണ് ചിത്രത്തിൻറെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. എന്നാൽ ഈ കുതിര തന്റെ ജീവിതത്തിൽ വരുത്തിവെക്കുന്ന ചില പ്രശ്നങ്ങളും അതിന്റെ പരിഹാരം തേടിയലയുമ്പോൾ ജീവിതത്തിൽ വന്നുചേരുന്ന അപ്രതീക്ഷിതമായ മറ്റ് കാര്യങ്ങളുമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്. എബി എന്ന കഥാപാത്രത്തെ ജീവിതത്തിൽ പലപ്പോഴും പലയിടത്തും നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും. മറ്റൊരാളുടെ പ്രശ്‌നത്തെ ആത്മാർത്ഥമായി നോക്കികണ്ടുകൊണ്ട് അതിനൊരു പരിഹാരം തേടിയലയുന്ന എബിയെ പോലെയുള്ള നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അവർ പലപ്പോഴും സ്വന്തം ജീവിതപ്രശ്നത്തെ നിസ്സാരവത്കരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് നമുക്ക് കാണാം.

ചിത്രത്തിലേക്ക് വരുമ്പോൾ എബി അടക്കമുള്ള എല്ലാ കഥാപാത്രങ്ങളും 'ഓവർ ദ ടോപ്' ആയി പെരുമാറുന്നവരാണ് എന്ന് കാണാൻ കഴിയും. അവരുടെ ഓരോ സംഭാഷണവും പ്രവൃത്തികളും അതിശയോക്തി കലർന്നതായി തോന്നാം. സംവിധായകൻ അത്തരത്തിലുള്ള ഒരു പരിചരണമാണ് ഓരോ കഥാപാത്രങ്ങൾക്കും നൽകിയിരിക്കുന്നത്, അത് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

ചിത്രത്തിൽ ഏറ്റവും സങ്കീർണ്ണമായതും പ്രേക്ഷകന് പിടി കൊടുക്കാത്തതുമായ കഥാപാത്രമായിരുന്നു ഫഹദ് ഫാസിൽ അവതരിപ്പിച്ച എബി എന്ന കഥാപാത്രം. സ്വപ്നമേതാണ് സത്യമേതാണ് എന്ന തിരിച്ചറിവിലേക്ക് എത്താൻ അയാൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്— ഒരുപാട് വേദനകളിലൂടെ, ഒരുപാട് മനുഷ്യരിലൂടെ. അതിന് ശേഷമാണ് അയാൾ തന്റെ പ്രണയം പോലും കണ്ടെത്തുന്നത്. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന എബി, ഫഹദ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അയാൾക്ക് എപ്പോഴും ഉത്തരങ്ങളാണ് വേണ്ടിയിരുന്നത്, തന്നെ കുഴക്കിയിരുന്ന സ്വപ്നത്തിന്റെ പോലും ഉത്തരമായിരുന്നു അയാൾക്ക് ആവശ്യം. സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും പോലെ തന്നെ ഓവർ ദ ടോപ് ആയിട്ടുള്ള സ്വഭാവരൂപീകരണമാണ് എബിയിലും കാണാൻ സാധിക്കുന്നത്. കല്യാണി അവതരിപ്പിച്ച നിധിയും സ്വപ്നങ്ങളുടെ അവശേഷിപ്പുകളെയാണ് സ്വന്തം ജീവിതത്തിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

ലാൽ അവതരിപ്പിച്ച റിട്ടയേർഡ് റയിൽവേ ഉദ്യോഗസ്ഥനായിരുന്ന മാത്യു എന്ന കഥാപാത്രം, ചിത്രത്തിൽ ഫഹദിന്റെയും വിനയ് ഫോർട്ടിന്റെയും അച്ഛനായാണ് വരുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ 'അയാൾ ഒരു വട്ടനാണ്' എന്നുള്ളൊരു ലേബൽ പ്രേക്ഷകരിലേക്ക് സിനിമ കൈമാറ്റം ചെയ്യുന്നുണ്ട്, അതുകൊണ്ട് തന്നെ അയാളുടെ ചെയ്തികളും, ചിന്തകളും അത്തരത്തിലുള്ളതാണെന്ന തോന്നൽ പ്രേക്ഷകരിൽ ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അയാളുടെ ഇത്തരം പ്രവൃത്തികളുടെ കാരണവും മറ്റും സിനിമയുടെ അവസാനത്തോടടുക്കുമ്പോഴാണ് വെളിവാകുന്നത്. ഈ പ്രായത്തിലും കോമഡി ചെയ്യാനുള്ള തന്റെ കഴിവ് എവിടെയും പോയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ലാലിന്റെ മികവുറ്റ പ്രകടനം. ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയായിരുന്നു ലാലിന്റേത്.

ഹിന്ദി ടെലിവിഷൻ സീരിയലുകളിലും മറ്റും സജീവമായിരുന്നു രേവതി പിള്ള എന്ന നടിയുടെ അരങ്ങേറ്റ ചിത്രം മോശമായില്ല എന്ന് തന്നെ പറയാവുന്നതാണ്. രേവതി എന്ന കഥാപാത്രമായി തന്നെ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു അതിഥി വേഷവും ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തിയിട്ടുണ്ട്. സിനിമയുടെ ഗതി നിർണയിക്കുന്നതും എബിയുടെ കഥാപാത്രത്തിന് വഴികാട്ടിയാവുന്നതും രേവതിയാണ്.

ആകെമൊത്തം മനസ് നിറയ്ക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ഒരു കുതിരയെ പോലെ ജീവിതത്തിൽ ഓടിയും ചാടിയും പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന എബിയും കൂട്ടരും പ്രേക്ഷകരെ ചിരിപ്പിക്കുക മാത്രമല്ല കുറച്ച് വൈകാരികമായ തലങ്ങളിലൂടെ കടത്തികൊണ്ടുപോവാനും തീർച്ചയായും സാധ്യതയുണ്ട്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും മികവുറ്റതായിരുന്നു. സാമ്പ്രദായിക സിനിമാ ആഖ്യാനങ്ങളെ പിന്തുടരാതെ എപ്പോഴും വ്യത്യസ്ത വഴികൾ പിന്തുടരുന്ന അൽത്താഫ് സലിം എന്ന പേര് എല്ലാകാലത്തും ധൈര്യമായി ടിക്കറ്റ് എടുക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്ന് തന്നെയായിരിക്കുമെന്ന് തന്റെ രണ്ടാം ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് സംവിധായകൻ. പ്രതീക്ഷകളില്ലാത്ത ശൂന്യമായ മനസുമായി തിയേറ്ററിലെത്തിയാൽ മനസ് നിറഞ്ഞുകൊണ്ട് പ്രേക്ഷകർക്ക് തീർച്ചയായും ഇറങ്ങിവരാം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ