
ആദ്യ ചിത്രമായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് അഭിനവ് സുന്ദർ നായക്. നാല് വർഷത്തിന് ശേഷം നസ്‌ലെനെ നായകനാക്കി 'മോളിവുഡ് ടൈംസ്' എന്ന തന്റെ രണ്ടാം ചിത്രവുമായി അഭിനവ് എത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷകർക്ക് ഉണ്ടാവുന്ന പ്രതീക്ഷകൾ വാനോളമാണ്. അത്തരം പ്രതീക്ഷകളോടെല്ലാം മോളിവുഡ് ടൈംസ് എന്ന സിനിമ നീതിപുലർത്തിയിട്ടുണ്ട്.
വൈക്കം ഡേവിഡ് എന്ന എഴുത്തുകാരന്റെ ഡെവിൾസ് ഐലന്റ് എന്ന നോവൽ വായിച്ച് സ്വപ്നത്തിൽ കട്ടിലിൽ നിന്നും വീണ് കയ്യൊടിയുന്ന വിനീത് മാധവൻ എന്ന കുഞ്ഞിന്റെ സ്വപ്നവും അവന്റെ സ്വപ്നത്തിലേക്കുള്ള യാത്രകളും അതിനിടയിൽ അവൻ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. എ ഹേറ്റ് ലെറ്റർ ടു സിനിമ എന്ന ടാഗ് ലൈനിനോട് ചിത്രം പൂർണ്ണമായും നീതിപുലർത്തി എന്ന് തന്നെ പറയാം. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ് എന്ന് പറയുമ്പോഴും, കേവലം കാല്പനികവത്കരിച്ച സിനിമ വ്യവസായത്തിനപ്പുറത്തേക്ക് സിനിമ എന്നതിന്റെ യാഥാർഥ്യവും രാഷ്ട്രീയവും അതിനുള്ളിലെ ഗ്രൂപ്പിസവും എത്രത്തോളം ശക്തമാണെന്നും അത് എങ്ങനെയാണ് താരങ്ങളെയും സംവിധായകരെയും സൃഷ്ടിക്കുന്നതും തകർക്കുന്നതെന്നും സിനിമ മറയില്ലാതെ പ്രേക്ഷകന് കാണിച്ച് തരുന്നു.
വിനീത് മാധവൻ എന്ന കഥാപാത്രമായി നസ്‌ലെന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. വിവിധ കാലഘട്ടങ്ങളിൽ വിനീത് മാധവൻ കടന്നുപോവുന്ന മാനസിക സംഘർഷങ്ങൾ വളരെ ആഴത്തിൽ തന്നെ നസ്‌ലെൻ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. വളരെ സൂക്ഷ്മമായ വൈകാരിക തലങ്ങൾ ഗംഭീരമായാണ് നസ്‌ലെൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നല്ല സംവിധായകൻ ആവണമെങ്കിൽ ആദ്യം നല്ലൊരു മനുഷ്യൻ ആവണം എന്ന ചിന്തയിൽ നിന്നും വിനീത് മാധവൻ പിന്നീട് എത്തിപ്പെടുന്ന തലവും അതിനായി തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളും സിനിമയെ ആഴത്തിലുള്ള കലാസൃഷ്ടിയാക്കി മാറ്റുന്നത്.
എങ്ങനെയാണ് ഒരു കലാസൃഷ്ടി രൂപപ്പെടുന്നത്, ആരാണ് അതിന്റെ അവകാശി, കലാസൃഷ്ടിക്ക് മുകളിൽ കലാകാരൻ ആഘോഷിക്കപ്പെടുന്നതിലെ നൈതികത, ഒരു കലാസൃഷ്ടി മറ്റൊന്നിന്ന് എങ്ങനെയൊക്കെയാണ് പ്രചോദനമാവുന്നത്, പ്രചോദനം എന്നത് സഹിത്യചോരണമായി മാറുന്നത് എപ്പോഴാണ്, ആശയത്തിലോ ശൈലിയിലോ പ്രചോദനമുൾക്കൊള്ളുമ്പോൾ ചോരണമായി കണക്കാക്കുമോ തുടങ്ങീ നിരവധി ചോദ്യങ്ങൾ കൂടി മുന്നോട്ടുവയ്ക്കുന്ന ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്.
ആദ്യ ചിത്രത്തിലേത് പോലെ തന്നെ വിജയം എന്നതിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയെ ആണ് മോളിവുഡ് ടൈംസ് പ്രതിനിധീകരിക്കുന്നത്. മുകുന്ദൻ ഉണ്ണി ഒരു മോശം വ്യക്തിയായിരുന്നെങ്കിൽ വിനീത് മാധവ് നല്ല വ്യക്തിയാണ്. തങ്ങളുടെ സ്വപ്നത്തിലേക്ക് ഇരുവരും തിരഞ്ഞെടുക്കുന്ന പാതകളും മാർഗ്ഗങ്ങളുമാണ് ചിന്താതലത്തിൽ ഒന്നായിപോകുന്നത്. പുറമെ കാണുന്ന സൗന്ദര്യമല്ല സിനിമയ്ക്ക് ശരിക്കുമുള്ളതെന്ന പച്ചയായ യാഥാർഥ്യം മറയില്ലാതെ പറയാൻ കാണിച്ച അഭിനവ് സുന്ദർ നായ്കിന്റെ ധൈര്യം ഇന്ന് മലയാളത്തിൽ ആർക്കും ഇല്ലെന്ന തന്നെ പറയേണ്ടി വരും. നിങ്ങൾക്ക് കഴിവ് കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ സാധിക്കില്ല, കഴിവിനൊപ്പം ആവശ്യമുള്ള ഒരുപാട് ഘടകങ്ങൾ ഉണ്ടെന്ന് സിനിമ ഓർമ്മപ്പെടുത്തുന്നു. നസ്‌ലെനൊപ്പം തന്നെ സംഗീത് പ്രതാപ്, ഷറഫുദ്ധീൻ, റോഷൻ ഷാനവാസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.