
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിക്കപ്പെടുന്നവയാണ് ഹൊറര്‍ കോമഡി ചിത്രങ്ങള്‍. പ്രേക്ഷകര്‍ക്ക് കണക്റ്റ് ആവുന്നപക്ഷം ഇത്തരം ചിത്രങ്ങള്‍ വലിയ വിജയങ്ങളാവാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കോമഡിയും ഹൊററും തമ്മില്‍ മിക്സ് ചെയ്ത് പ്രേക്ഷകരെ പിടിച്ചിരുത്തല്‍ അത്ര എളുപ്പമല്ലെന്ന് മാത്രം. മലയാളത്തില്‍ മുന്‍പ് പലരും പരീക്ഷിച്ച് വിജയിച്ച ആ രസക്കൂട്ട് കണ്ടെത്താനുള്ള ശ്രമമാണ് വേറിട്ട രീതിയില്‍ സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ കറക്കത്തിലൂടെ നടത്തിയിരിക്കുന്നത്.
ജീവിതത്തില്‍ ഭാരിച്ച ലക്ഷ്യങ്ങളൊന്നുമില്ലാതെ അലസമായി മുന്നോട്ട് പോകുന്ന ഒരു കൊച്ചിക്കാരനാണ് ധനുഷ്. ഒരു ഡാന്‍സര്‍ ആയ അയാള്‍ക്ക് ഒരു ഗേള്‍ ഫ്രണ്ടുമുണ്ട്. സാമ്പത്തികമായ പ്രയാസങ്ങളുള്ള കുടുംബത്തിന് വേണ്ടത് ചെയ്യാന്‍ സാധിക്കാത്ത മകനെ മൈക്കിള്‍ ജാസ്കണ്‍ എന്ന് അമ്മ വിളിക്കുന്നത് പരിഹാസച്ചുവയോടെയാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ പോകുന്ന ധനുഷിന്‍റെ ദിനങ്ങളിലേക്ക് അപ്രതീക്ഷിതമായി ചിലര്‍ കടന്നുവരികയാണ്. അവര്‍ ആരൊക്കെയാണെന്നും അത്തരം സാന്നിധ്യങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപെടാമെന്നുമുള്ള അയാളുടെയും ഈ മിഷനില്‍ ഒപ്പം ചേരുന്ന സുഹൃത്തുക്കളുടെയും കഥയാണ് ഒരു മണിക്കൂര്‍ 44 മിനിറ്റില്‍ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ ദൃശ്യവത്കരിക്കുന്നത്. ശ്രീനാഥ് ഭാസിയാണ് നായക കഥാപാത്രമായ ധനുഷിനെ അവതരിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയെ സംബന്ധിച്ച് ഏറെ സുപരിചിതമായ പശ്ചിമ കൊച്ചിയുടെ ഫ്രെയ്മുകളിലാണ് കറക്കത്തിന്‍റെ തുടക്കം. ഒരു പുതുവത്സരത്തലേന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കാനുള്ള വട്ടം കൂട്ടുന്ന ധനുഷിലാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ ഒരു പ്രധാന ഭാഗമായ അംബിക എന്ന് പേരായ ലോഡ്ജില്‍ ആരംഭിക്കുന്ന ന്യൂ ഇയര്‍ പാര്‍ട്ടി പക്ഷേ ഒടുവില്‍ ധനുഷിനെ കൊണ്ടെത്തിക്കുന്നത് മറ്റൊരു സ്ഥലത്താണ്. അതിനിടെ അയാള്‍ക്ക് ഒരു സുഹൃത്തിനെയും ലഭിക്കുന്നു. അവിടെ വച്ച് ഉണ്ടാകുന്ന ചില അതീന്ദ്രീയാനുഭവങ്ങള്‍ ആദ്യം തോന്നലെന്ന് കരുതി വിട്ടെങ്കിലും തങ്ങള്‍ ഒരു പ്രശ്നത്തിലാണെന്ന് പതിയെ അവര്‍ തിരിച്ചറിയുന്നു. ഇവിടെയാണ് ചിത്രത്തിന്‍റെ പ്ലോട്ട് രസകരമായിത്തുടങ്ങുന്നത്.
സാധാരണ ഹൊറര്‍ കോമഡി ചിത്രങ്ങളില്‍ നിന്ന് ചില പ്രത്യേകതകളുണ്ട് കറക്കത്തിന്. ഭയപ്പെടുത്തുന്ന ഘടകങ്ങള്‍ കൊണ്ട് സാധാരണ ഭയം മാത്രമാണ് സംവിധായകരും എഴുത്തുകാരും സൃഷ്ടിക്കുന്നതെങ്കില്‍ ഇവിടെ അങ്ങനെയല്ല. ഭയത്തില്‍ നിന്ന് തുടങ്ങി അവസാനം ഇമോഷണല്‍ അറ്റാച്ച്മെന്‍റ് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഹൊറര്‍ എലമെന്‍റുകള്‍. ചിത്രത്തിന്‍റെ കഥാപരിസരവും അതിനനുസരിച്ച് സംവിധായകന്‍ മാറ്റിയിട്ടുണ്ട്. പശ്ചിമ കൊച്ചിയില്‍ നിന്ന് തുടങ്ങുന്ന ചിത്രം യാത്ര ചെയ്ത് എത്തുന്നത് ഹൈറേഞ്ചിലെ മഞ്ഞുള്ള രാത്രികളിലേക്കാണ്.
ശ്രീനാഥ് ഭാസിയുടെ കംഫര്‍ട്ട് സോണിലുള്ള കഥാപാത്രമാണ് ധനുഷ്. അതിനാല്‍ത്തന്നെ നമുക്ക് വേഗത്തില്‍ കണക്റ്റ് ചെയ്യാനാവുന്ന കഥാപാത്രവുമാണ് ഇത്. ശ്രീനാഥിനൊപ്പം ചിത്രത്തില്‍ ഉടനീളമുള്ള മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രവീണ്‍ ടി ജെ ആണ്. ഫെമിന ജോര്‍ജിന് ഇടവേളയ്ക്ക് ശേഷം ലഭിച്ച ശ്രദ്ധേയ കഥാപാത്രമാണ് ഇതിനെ നായിക. സുപ്രധാന തീരുമാനങ്ങള്‍ എടുത്ത് ധനുഷിന്‍റെ മിഷനൊപ്പം ചേരുന്ന കഥാപാത്രവുമാണ് ഇത്. അഭിറാമും ഷോണ്‍ റോമിയും മിഥൂട്ടിയും ബിജുക്കുട്ടനുമൊക്കെ വേറിട്ട റോളുകളില്‍ എത്തുന്ന ചിത്രത്തില്‍ പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്ന ഒരു ഇന്‍ട്രോ സിദ്ധാര്‍ഥി ഭരതന്‍റേതാണ്. ജോലിയേക്കാള്‍ കൂടുതല്‍ സമയം റീലുകള്‍ കാണാന്‍ ഉപയോഗിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ എന്ന എസ്ഐ കഥാപാത്രമാണ് സിദ്ധാര്‍ഥിന്‍റേത്.
സാങ്കേതിക മേഖലകളിലൊക്കെ നിലവാരം പുലര്‍ത്തുന്ന ചിത്രമാണ് കറക്കം. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈന്‍ ആണ് എടുത്ത് പറയാന്‍ തോന്നുന്ന ആദ്യ ഘടകം. വിശേഷിച്ചും ചിത്രത്തിലെ ഒരു പ്രധാന കഥാപരിസരമായ അംബിക ലോഡ്ജ്. പ്രേക്ഷകരെ എപ്പോഴും എന്‍ഗേജ് ചെയ്യിച്ച് നിര്‍ത്തേണ്ട ജോലിയാണ് ഒരു ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ സിനിമാറ്റോഗ്രാഫര്‍ക്ക്. ബബ്ലു അജു അത് ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. സെമിത്തേരിയുടെയും ഹൈറേഞ്ചിലെ മലഞ്ചെരിവുകളുടെയുമൊക്കെ രാത്രി ദൃശ്യങ്ങള്‍ ചിത്രത്തിന്‍റെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ സംവിധായകന് നല്‍കുന്ന പിന്തുണ എടുത്ത് പറയണം. മ്യൂസിക്കല്‍ ഹൊറര്‍ കോമഡിയെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സാം സി എസ് ആണ്. ഇത്തരമൊരു ചിത്രത്തിന് ചേര്‍ന്ന വിധത്തിലുള്ള പശ്ചാത്തല സംഗീതമാണ് സാം നല്‍കിയിരിക്കുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എന്നാല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് ഗ്യാരന്‍റിയോടെ എത്തിയിരിക്കുന്ന ചിത്രമാണ് കറക്കം. ഭയത്തില്‍ നിന്ന് രക്ഷപെടാനുള്ള നായകന്‍റെയും കൂട്ടരുടെയും പെടാപ്പാട് നമ്മെ പൊട്ടിച്ചിരിപ്പിക്കും.