
'മോസ്റ്റ് വയലൻ്റ് മൂവി ഇൻ മലയാളം സിനിമ' എന്ന ടാഗ് ലൈനോടെ വന്ന് പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റടിച്ച മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയിന്മെൻസ് നിർമ്മിക്കുന്ന ചിത്രം എന്ന ഐഡറ്റിറ്റിയോടെയാണ് 'കാട്ടാളൻ' തിയേറ്ററുകളിൽ എത്തിയത്. മാസും ആക്ഷനും നിറഞ്ഞ പീക്ക് തിയേറ്റർ അനുഭവത്തിന് രവി ബസ്റൂർ മ്യൂസിക്കിൻ്റെ കരുത്ത്. കാടും ആനക്കൊമ്പ് വേട്ടയുമാണ് കഥാപശ്ചാത്തലം. കാട്ട് കള്ളന്മാർക്കിടയിലെ അധികാര മോഹത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ഒറ്റ വാചകത്തിൽ കാട്ടാളൻ.
ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പോൾ ജോർജ് ആണ് കാട്ടാളൻ സംവിധാനം ചെയ്തിരിക്കുന്നത്. മാസ് മസാല ആക്ഷൻ ഫ്ലിക്കിനു വേണ്ട ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ബ്ലാക്കോ വൈറ്റോ എന്നില്ലാതെ, നായകനെന്നോ വില്ലനെന്നോ വേർതിരിക്കാനാകാതെയുള്ള ഗ്രേ ഷേഡ് കഥാപാത്രങ്ങൾ. ആനക്കൊമ്പ് കാർട്ടൽ സ്വന്തമാക്കാൻ പണത്തിനും അധികാരത്തിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾ. അതിനിടയിൽ ബലിയാടാകുന്ന ചില മനുഷ്യരും.
ആനക്കൊല്ലി എന്ന സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ആനകളെ കൊന്ന് ആനക്കൊമ്പ് കടത്തുന്ന ഗ്രാമത്തെ സുനിൽ അവതരിപ്പിക്കുന്ന മാരിയുടെ ഗുണ്ടാസംഘമാണ് നിയന്ത്രിക്കുന്നത്. കബീർ ദുഹാൻ സിംഗ് അവതരിപ്പിക്കുന്ന എഡ്ഡി ഈ പ്രദേശം കൈക്കലാക്കി കാർട്ടൽ തൻ്റെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളിൽ ആണ്. ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ആൻ്റണി ഇവർക്കിടയിലേയ്ക്ക് വരുമ്പോൾ ആണ് കാട്ടാളൻ്റെ ലോകം വലുതാകുന്നത്.
ജഗദീഷിൻ്റെ വിവരണത്തോടെയാണ് കഥയും പരിസരങ്ങളും പ്രേക്ഷകർക്ക് മനസിലായി തുടങ്ങുന്നത്. ആൻ്റണിക്കൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ജഗദീഷിൻ്റെ അലി. സാധാരണക്കാരനിൽനിന്ന് നേതാവിലേക്കുള്ള വളർച്ചയാണ് ആൻ്റണി എന്ന കഥാപാത്രത്തിലൂടെ പെപ്പെ സാധ്യമാക്കുന്നത്. അടിച്ചമർത്തപ്പെട്ട തൊഴിലാളിളെ അവർക്കുമുന്നിൽനിന്ന് നയിച്ച് കാർട്ടലിൻ്റെ അധിപതിയാവുകയാണ് ആൻ്റനി. സിനിമയുടെ രണ്ടാം പകുതിയിലാണ് ദുഷാര വിജയൻ എത്തുന്നത്. ഹനാൻ ഷാ, ഹിപ്സ്റ്റർ, അൽഫോൺസ് പുത്രൻ, സിദ്ധിഖ്, ആൻസൺ പോൾ, ഷോൺ ജോയ്, തുടങ്ങിവരും അവരുടെ വേഷങ്ങൾ ഭംഗിയാക്കി. പിന്നെ തിയേറ്ററിൽ കൈയ്യടി തീർക്കുന്ന കാമിയോയും.
സാധാരണ കണ്ടുവരുന്ന മാസ്-ഗ്യാങ്സ്റ്റർ ചിത്രങ്ങളുടെ ഫോർമുല തന്നെയാണ് കാട്ടാളനും. എന്നാൽ സ്റ്റൈലിഷ് ആയ ആക്ഷൻ രംഗങ്ങൾ ആണ് സിനിമയ്ക്ക് മികവ് നൽകുന്നത്. തൻ്റെ സ്ട്രോങ് ഏരിയയായ ആക്ഷൻ രംഗങ്ങൾ പതിവുപോലെ പെപ്പെ മികച്ചതാക്കി. പോൾ ജോർജ് എന്ന നവാഗത സംവിധായകന് കരുത്ത് നൽകുന്നത് സിനിമയുടെ ടോപ്പ് നോച്ച് ടെക്നിക്കൽ ബാക്കപ്പ് ആണ്. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച തിയേറ്റർ അനുഭവം നൽകുന്നുണ്ട് കാട്ടാളൻ.
'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ മാർക്കോയ്ക്ക് ശേഷം വിണ്ടും മലയാളത്തിൽ. ആവർത്തന വിരസതയില്ലാത്ത യുണിക്കായ പശ്ചാത്തല സംഗീതം ഓരോ കഥാപാത്രങ്ങൾക്കും നൽകിയിട്ടുണ്ട് അദ്ദേഹം. ആക്ഷൻ സന്തോഷ്-കെച്ച ഖംഫാക്ഡീ ടീം ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് കാട്ടാളൻ്റെ മറ്റൊരു ഹൈലൈറ്റ്. രണദിവെ-ചന്ദ്രു സെൽവരാജ്-സുദീപ് എളമൺ എന്നിവരുടെ ഛായാഗ്രഹണവും ഒപ്പം ഷമീർ മുഹമ്മദിൻ്റെ എഡിറ്റിങ്ങും ചേർന്ന് തീർത്ത വിഷ്വൽ ട്രീറ്റ്. കാടിൻ്റെ പശ്ചാത്തലത്തിൽ കാട്ടാളന്മാരുടെ കഥ പറഞ്ഞ ചിത്രം തീർത്തും ഒരു തിയേറ്റർ വാച്ചാണ്.