Latest Videos

കാണാന്‍ കാത്തിരുന്ന ആ ക്ലാസ് മോഹന്‍ലാല്‍; 'നേര്' റിവ്യൂ

By Web TeamFirst Published Dec 21, 2023, 2:25 PM IST
Highlights

കേന്ദ്ര കഥാപാത്രങ്ങളോട് കാണികള്‍ക്കുണ്ടാവുന്ന ഇമോഷണല്‍ ലോക്കില്‍ ഊന്നിയാണ് ജീത്തു ഈ രണ്ടര മണിക്കൂര്‍ ചിത്രം മുന്നോട്ട് കൊണ്ടുപോകുന്നത്

നേര് റിലീസിന് മുന്‍പുള്ള പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ ജീത്തു ജോസഫും മോഹന്‍ലാലും കിണഞ്ഞ് ശ്രമിച്ചത് ഇത് ദൃശ്യം പോലെ ഒരു ത്രില്ലര്‍ അല്ലെന്ന് സ്ഥാപിക്കാനായിരുന്നു. അത്രയധികം പ്രതീക്ഷയാണ് ഈ സംവിധായകനും നടനും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരില്‍ ഉണ്ടാവുന്നത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്നതിന്‍റെ എല്ലാ പ്രീ റിലീസ് ഹൈപ്പോടെയുമെത്തിയ ചിത്രം ഒരു ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമ ആണെന്നാണ് അണിയറക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഒരു കോടതിമുറി എന്ന പരിമിതമായ സ്പേസില്‍ ഭൂരിഭാഗവും കഥ പറഞ്ഞേക്കാവുന്ന ചിത്രം എന്‍ഗേജിംഗ് ആക്കാന്‍ ജീത്തുവിനും സംഘത്തിനും സാധിക്കുമോ എന്നതായിരുന്നു റിലീസിന് മുന്‍പ് ഉയര്‍ന്ന പ്രധാന ചോദ്യം. 

ചിത്രത്തിന്‍റെ കേന്ദ്രസ്ഥാനത്തുള്ള ക്രൈം സംബന്ധിച്ച് അന്വേഷണോദ്യോഗസ്ഥന് ലഭിക്കുന്ന ഫോണ്‍ കോളില്‍ നിന്നാണ് നേര് കഥ പറഞ്ഞ് തുടങ്ങുന്നത്. അന്ധയായ ഒരു പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെടുന്നതാണ് കേസ്. പ്രതിയെ പൊലീസ് വൈകാതെ അറസ്റ്റ് ചെയ്യുന്നു. ധനിക കുടുംബത്തില്‍ നിന്ന് വരുന്ന പ്രതിക്കുവേണ്ടി ദില്ലിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന മലയാളിയായ പ്രമുഖ അഭിഭാഷകനാണ് ഹാജരാവുന്നത്. ആദ്യ ഘട്ടത്തില്‍ പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്ന കേസിന്‍റെ ചുമതലയില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ മാറ്റിനിര്‍ത്തപ്പെടുന്നു. പ്രതിക്കെതിരായി ഉള്ള തെളിവുകള്‍ പോലും കോടതിയില്‍ വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സാധിക്കുന്നുമില്ല. തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ സഹായത്താല്‍ ഒരു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കണ്ടെത്തുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. അക്രമിക്കപ്പെട്ട പെണ്‍കുട്ടി അന്ധയായതിനാല്‍ ദൃക്സാക്ഷി ഇല്ലാത്ത കേസില്‍ പ്രതി കുറ്റം ചെയ്തെന്ന് കോടതിയില്‍ തെളിയിക്കാന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് സാധിക്കുമോ എന്നതാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ ജീത്തു വെക്കുന്ന സസ്പെന്‍സ്.

 

കഥ പറച്ചില്‍ ഒരു കോടതിമുറി എന്ന പരിമിതമായ ഇടത്തിലേക്ക് ചുരുക്കേണ്ടിവരുന്ന കോര്‍ട്ട് റൂം ഡ്രാമകള്‍ അതിന്‍റെ സ്രഷ്‍ടാക്കള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. തിരക്കഥ അത്രയും സ്ട്രോംഗ് അല്ലെങ്കില്‍ ദൃശ്യപരമായി വലിയ സാധ്യതകള്‍ ഇല്ലാത്ത ചിത്രം പ്രേക്ഷകരെ എളുപ്പത്തില്‍ മുഷിപ്പിക്കും എന്നതാണ് ഗണത്തില്‍ പെടുന്ന സിനിമകളുടെ പ്രത്യേകത. എന്നാല്‍ മിക്ക ജീത്തു ജോസഫ് ചിത്രങ്ങളെയുംപോലെ തിരക്കഥയിലെ മികവ് നേരിനും തുണയാവുകയാണ്. യഥാര്‍ഥ ജീവിതത്തില്‍ അഭിഭാഷകയായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയുടെ ആരംഭത്തില്‍ തന്നെ കേന്ദ്രസ്ഥാനത്ത് വരുന്ന ക്രൈം എന്തെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ചിത്രം തുടര്‍ന്നുള്ള രണ്ടര മണിക്കൂറുകള്‍ പ്രേക്ഷകരെ എന്‍ഗേജിംഗ് ആക്കി നിര്‍ത്തുന്നതില്‍ വിജയിക്കുന്നുണ്ട്. പടം തുടങ്ങി ഏറെ താമസിയാതെ കുറ്റകൃത്യത്തിന് ഇരയാവുന്ന പെണ്‍കുട്ടിയോടും കുടുംബത്തോടും പ്രേക്ഷകര്‍ക്ക് വൈകാരികമായ അടുപ്പമുണ്ടാക്കാന്‍ ശാന്തിക്കും ജീത്തുവിനും സാധിച്ചിട്ടുണ്ട്. പിന്നീട് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്പെഷന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനും പ്രേക്ഷകരുമായി ആ ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളോട് കാണികള്‍ക്കുണ്ടാവുന്ന ഈ ഇമോഷണല്‍ ലോക്കില്‍ ഊന്നിയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമ എന്ന വിശേഷണത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട് ചിത്രമെന്നതാണ് കാഴ്ചാനുഭവം.

 

ചിത്രത്തെ പിടിച്ചിരുത്തുന്ന അനുഭവമാക്കിയതില്‍ കാസ്റ്റിംഗിനും പ്രകടനങ്ങള്‍ക്കും കാര്യമായ പങ്കുണ്ട്. അനശ്വര രാജന്‍റെ അന്ധയായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥാവികാസം. കരിയറില്‍ അനശ്വരയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് സാറയെന്ന ഈ കഥാപാത്രം. ജീവിതത്തില്‍ വലിയൊരു ആഘാതത്തിലൂടെ കടന്നുപോകുന്ന, എന്നാല്‍ തോറ്റ് കൊടുക്കാന്‍ മനസില്ലാത്ത കഥാപാത്രം, എന്നാല്‍ ഒരു അഭിനേതാവ് ഏറ്റവുമധികം ആശ്രയിക്കുന്ന കണ്ണുകള്‍ ഇവിടെ ഉപയോഗിക്കാനും പറ്റില്ല. ഈ വെല്ലുവിളിയെ അതിഗംഭീര പ്രകടനം കൊണ്ട് എക്കാലത്തും ഓര്‍ത്തുവെക്കാന്‍ പറ്റുന്ന തരത്തില്‍ മാറ്റിയിട്ടുണ്ട് അനശ്വര. അടുത്തത് മോഹന്‍ലാല്‍ ആണ്. ദൃശ്യം 2 ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തന്നിലെ നടനേക്കാള്‍ താരത്തിന് വെയ്റ്റേജ് കൊടുക്കുന്ന കഥാപാത്രങ്ങളാണ് മോഹന്‍ലാലിന് ലഭിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വിഭിന്നനാണ് നേരിലെ വിജയമോഹന്‍. ഒരു കാലത്ത് മിടുക്കനായ അഭിഭാഷകനായിരുന്ന, എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ബാര്‍ കൗണ്‍സിലില്‍ നിന്നും അഞ്ച് വര്‍ഷത്തെ സസ്‍പെന്‍ഷന്‍ നേരിട്ട, കോടതിയില്‍ വീണ്ടും പോകാന്‍ ആത്മവിശ്വാസമില്ലാത്ത വിജയമോഹനിലേക്ക് ഒരു നിമിത്തംപോലെ ഈ കേസ് എത്തുകയാണ്. ഒരു വലിയ ഇടവേളയ്ക്കുശേഷം കാമ്പുള്ള ഒരു കഥാപാത്രത്തെ അയത്നലളിതമായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാഴ്ച ഒരു സിനിമാപ്രമിയെ സംബന്ധിച്ച് മനോഹരമായ അനുഭവമായിരിക്കും. തന്നിലെ നടനെ മുന്നില്‍ കണ്ടുള്ള കഥാപാത്രങ്ങളും തിരക്കഥകളും വന്നാല്‍ മോഹന്‍ലാല്‍ തന്‍റെ 100 ശതമാനം നല്‍കുമെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് നേര്. സമീപകാലത്ത് നിരവധി പ്രകടനങ്ങളിലൂടെ ഞെട്ടിച്ച ജഗദീഷ് നേരിലും ആ മികവ് ആവര്‍ത്തിക്കുകയാണ്. പ്രതിഭാഗം അഭിഭാഷകനായി സിദ്ദിഖും അദ്ദേഹത്തിന്‍റെ മകളും അഭിഭാഷകയുമായി പ്രിയാമണിയും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. 

 

കോര്‍ട്ട് റൂം എന്ന പ്രധാന, ഒറ്റ ലൊക്കേഷനെ മടുപ്പിക്കാത്ത തരത്തില്‍ അവതരിപ്പിക്കാന്‍ ജീത്തുവിനെ സഹായിച്ചിരിക്കുന്നത് ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ് ആണ്. കോടതിവാദങ്ങളില്‍ നാല് ക്യാമറകളാണ് ഉപയോഗിച്ചിരുന്നതെന്ന് ജീത്തു പറഞ്ഞിരുന്നു. ഇമോഷണല്‍ കണ്ടിന്യുവിറ്റി ഏറ്റവും പ്രധാനമായ അത്തരം സീനുകള്‍ മനോഹരമായി എക്സിക്യൂട്ട് ചെയ്യാന്‍ ജീത്തു ജോസഫിന് സാധിച്ചിട്ടുണ്ട്. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. പാട്ടുകളേക്കാള്‍ വിഷ്ണുവിന്‍റെ പശ്ചാത്തല സംഗീതമാണ് എടുത്തുപറയേണ്ടത്. ജീത്തുവിന്‍റെ കഥപറച്ചിലിന് അനുയോജ്യമായ രീതിയില്‍ നിശബ്ദതയും നേര്‍ത്ത ട്രാക്കുകളുമൊക്കെയായി കൊണ്ടുപോയി എലിവേഷന്‍ വേണ്ടിടത്ത് അത് പഞ്ചോടെതന്നെ ചെയ്തിവച്ചിട്ടുണ്ട് വിഷ്ണു.

 

പുതിയ ഓരോ സിനിമ ചെയ്യുമ്പോഴും ദൃശ്യം എന്ന ബെഞ്ച്മാര്‍ക്ക് ജീത്തു ജോസഫിനും മോഹന്‍ലാലിനും ഒരു വെല്ലുവിളിയാണ്. ആളുകള്‍ ദൃശ്യവുമായി താരതമ്യം ചെയ്യും എന്നതാണ് കാരണം. എന്നാല്‍ ദൃശ്യത്തിന്‍റെ ജോണറിലല്ലാത്ത നേര് ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ജീത്തു ജോസഫിന്‍റെയും ആക്റ്റര്‍ എന്ന നിലയില്‍ മോഹന്‍ലാലിന്‍റെയും ക്ലാസ് അടിവരയിടുന്ന ചിത്രമാണ്. മുന്‍ധാരണകളില്ലാത്ത ടിക്കറ്റ് എടുക്കാവുന്ന അനുഭവം. 

ALSO READ : 'വര്‍ഷങ്ങള്‍ക്ക് ശേഷം' റിലീസ് എപ്പോള്‍? വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!