ഐഎഫ്എഫ്കെയുടെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കാലെ മലാഗയുടെ റിവ്യു.

അരനൂറ്റാണ്ടിലേറെയായി സ്പാനിഷ് സിനിമകളിൽ അഭിനയിക്കുന്ന കാർമൻ മൗറ തന്റെ 80 -ാമത്തെ വയസ്സിൽ അഭിനയിച്ച ചിത്രം -കാലെ മലാഗ. മറിയം തുസാനി സംവിധാനം ചെയ്ത, വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ ഓഡിയൻസ് ഫേവറിറ്റായി മാറിയ കാലെ മലാഗ ഐഎഫ്എഫ്കെയുടെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. മൊറോക്കൻ നഗരമായ ടാൻജീറിൽ ജനിച്ചു വളർന്ന സംവിധായിക ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത് തന്റെ മുത്തശ്ശിക്കാണ്. 1930 -കളിൽ ഫ്രാങ്കോ ഭരണകൂടസമയത്ത് വടക്കൻ മൊറോക്കൻ നഗരത്തിൽ സ്ഥിരതാമസമാക്കിയ ടാൻജീറിലെ സ്പാനിഷ് സമൂഹത്തിന്റെ ഭാഗമാണ് മറിയം തുസാനിയുടെ മുത്തശ്ശിയും. 'കാലെ മലാഗ'യിലെ പ്രധാന കഥാപാത്രമായ 79 -കാരി മരിയയും അതേ സമൂഹത്തിന്റെ ഭാഗം തന്നെ. ആ നഗരത്തിനോടും, അതിലെ ജീവിച്ചിരിക്കുന്നതും മരിച്ചുപോയവരുമായ മനുഷ്യരോടും, തെരുവിനോടും, തെരുവിലേക്കെത്തിനോക്കുന്ന ബാൽക്കണിയുള്ള പഴയതെങ്കിലും മനോഹരമായി ഒരുക്കിയിരിക്കുന്ന തന്റെ അപാർട്മെന്റിനോടും മരിയയ്ക്കുള്ള അടുപ്പവും സ്നേഹവും അവിടെ അവർ കണ്ടെത്തുന്ന ജീവിതത്തിന്റെ നിറങ്ങളുമാണ് സിനിമ.

വാർധക്യത്തിലും തന്റെ ലളിതമായ ജീവിതം ഒരു സംഗീതം പോലെ മനോഹരമാക്കുന്ന മരിയ. അണിഞ്ഞൊരുങ്ങിയും, റെക്കോർഡറിൽ ഇഷ്ടപ്പെട്ട സംഗീതമാസ്വദിച്ചും, പാചകം ചെയ്തും, സ്വയം പരിചരിച്ചും, തന്നെത്തന്നെ ഏറെ കരുതലോടെ സ്നേഹിച്ച് ജീവിക്കുന്ന മരിയ. തെരുവിലെ ബഹളങ്ങളിലേക്കാണ് അവരുടെ പ്രഭാതങ്ങളുണരുന്നത്. ബാൽക്കണിയിൽ നട്ടുവളർത്തിയ ചെടിയിലെ പൂക്കളെ താലോലിച്ചും, വെള്ളം പകർന്നും, തെരുവിലേക്ക് പുഞ്ചിരിയോടെ നോക്കിനിൽക്കുന്ന മരിയയുടെ കണ്ണുകളിലുള്ളത് ജീവിതത്തിന്റെ നിറവാണ്. ആ നഗരവും വീടും വിട്ടുപോകുന്നത് അവർക്ക് മരണത്തിന് തുല്യമാണ്.

തന്റെ ഭർത്താവിനെയടക്കം പ്രിയപ്പെട്ടവരെ പലരേയും അടക്കിയിരിക്കുന്ന സെമിത്തേരിയിലേക്ക് കയ്യിൽ നിറയെ റോസാപ്പൂക്കളുമായി പോകുന്ന മരിയ. കന്യാസ്ത്രീയായ സുഹൃത്തിനോട് തന്റെ എല്ലാ കാര്യങ്ങളും, എന്തിന് പ്രണയവും രതിയും നിറഞ്ഞ രഹസ്യങ്ങൾ പോലും പറയാൻ മറക്കാത്ത മരിയ. എന്നാൽ, മാഡ്രിഡിൽ മക്കൾക്കൊപ്പം താമസിക്കുന്ന, വിവാഹമോചനത്തിലൂടെ കടന്നു പോകുന്ന, നഴ്സായി ജോലി നോക്കുന്ന മകൾ ക്ലാര അപാർട്മെന്റിലെത്തുന്നതോടെയാണ് മരിയയുടെ ജീവിതത്തിന്റെ ഗതി മാറുന്നത്. അച്ഛൻ ക്ലാരയുടെ പേരിലേക്കെഴുതി കൊടുത്ത ആ അപാർട്മെന്റ് വിൽക്കണം. വിവാഹമോചനത്തോടെ ആകെ പ്രതിസന്ധിയിലായിപ്പോയ തന്റെ ജീവിതം ഒരു വഴിക്കെത്തിക്കണം. അതിനായിട്ടാണ് ക്ലാര വരുന്നത്. മാഡ്രിഡിലെ ജീവിതം ഈ ചെറിയ തെരുവിലെ ജീവിതം പോലെ അത്ര ലളിതവും എളുപ്പവുമല്ല.

മിക്കവാറും അമ്മമാരും പെൺമക്കളുമായുള്ള നിശബ്ദവും അല്ലാത്തതുമായ കലഹങ്ങൾ ഇവിടെയുമുണ്ട്. വാർധക്യത്തിലും തന്നെ സ്നേഹത്തോടെ പരിചരിക്കുന്ന മരിയയിൽ നിന്നും നാൽപ്പതുകളിൽ നിൽക്കുന്നതെന്ന് തോന്നിക്കുന്ന മകൾ ക്ലാര വ്യത്യസ്തയാണ്. അവളുടെ മുഖത്തെ പിരിമുറുക്കമാണ് അതിന് സാക്ഷി. ജീവിതാനുഭവങ്ങളുടെ കാഠിന്യം അവളിലാകപ്പാടെയുണ്ട്. എപ്പോഴും കൈവിരലുകളിലെ നഖങ്ങളിൽ ചുവന്ന നിറം കൊടുക്കാൻ മറക്കാത്ത മരിയ മകളോട്, 'നിന്റെ നഖങ്ങൾ ശ്രദ്ധിക്കണമെന്നും താനത് ഒരുക്കിത്തരാ'മെന്നും പറയുന്ന രംഗത്തിൽ അത് വ്യക്തം. എന്നാൽ, ആ അപാർട്മെന്റ് വിറ്റ് തനിക്കൊപ്പം വരൂ എന്നും കൊച്ചുമക്കൾക്കൊപ്പം കഴിയാമെന്നുമുള്ള ക്ലാരയുടെ വാക്കുകൾ മരിയയ്ക്ക് സമ്മതമേയല്ല. അവർക്ക് ആ നഗരവും വീടുമാണ് എല്ലാം.

ഒടുവിൽ അപാർട്മെന്റ് വിൽക്കാനായി എല്ലാം തയ്യാറാക്കി റിയൽ എസ്റ്റേറ്റ് ഏജന്റിനെ ഏല്പിച്ച്, അമ്മയെ റിട്ടയർമെന്റ് ഹോമിലാക്കി ക്ലാര മടങ്ങുന്നു. എന്നാൽ, കാഴ്ചക്കാരെ ജീവിതത്തിന്റെ സാധ്യതകളിലേക്കും, പ്രതീക്ഷകളിലേക്കും കൊണ്ടുപോകുന്നതാണ് പിന്നീടുള്ള രംഗങ്ങൾ. താൻ ജീവിച്ചിരുന്ന, തന്നെ ജീവിപ്പിച്ചിരുന്ന വീട്ടിലേക്കും തെരുവിലേക്കുമുള്ള അവരുടെ മകളറിയാതെയുള്ള ഒളിച്ചോട്ടവും അതിന്റെ കുസൃതികളും, തന്റെ പ്രിയപ്പെട്ട ഫർണിച്ചറുകളും മ്യൂസിക് റെക്കോർഡും തിരികെ സ്വന്തമാക്കാനായി പണം കണ്ടെത്താൻ അവർ സ്വീകരിക്കുന്ന രസകരവും ത്രില്ല് നിറഞ്ഞതുമായ വഴികളുമെല്ലാം സിനിമയെ സജീവമാക്കുന്നു.

അവസാനകാലത്ത് മരിയ കണ്ടെത്തുന്ന പ്രണയം. ആദ്യപ്രണയം പോലെ തന്നെ കൗതുകം നിറഞ്ഞ ഒരു കുട്ടിയെ പോലെ അവർ പ്രണയത്തിലേക്ക് വീഴുന്നത് കാണുമ്പോൾ, ശരീരമൊന്നാകുന്ന മാജിക്ക് കാണുമ്പോൾ അവരുടെ പ്രായം നാം മറന്നുപോകും. പ്രായമായവരുടെ പ്രണയവും രതിയും അതിമനോഹരമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും ലളിതമായ ജീവിതം ഒരാഘോഷം പോലെ ശബ്ദം നിറയ്ക്കാനും, ഒരു പെയിന്റിംഗ് പോലെ നിശബ്ദസൗന്ദര്യമാക്കാനും ഒരു സാധാരണക്കാരിയായ, ഭർത്താവടക്കം പ്രിയപ്പെട്ട പലരും മരിച്ചുപോയ, തനിച്ച് ജീവിക്കുന്ന ഒരു സ്ത്രീ നടത്തുന്ന മനോഹരമായ ശ്രമമാണ് സിനിമ. എന്നാൽ, അമ്മയും മകളും തമ്മിലുള്ള ബന്ധം നിയമപോരാട്ടത്തിലേക്ക് പോകുമെന്ന അവസ്ഥയിൽ തന്റെ പ്രതിസന്ധിയവസാനിക്കുന്നില്ല എന്ന് തിരിച്ചറിയുന്ന, ആരുമില്ലായെന്ന തോന്നലിൽ പൊട്ടിക്കരയുന്ന മരിയയുടെ മകൾ ക്ലാരയിലാണ് സിനിമ അവസാനിക്കുന്നത്.

തുസാനി സംവിധാനം ചെയ്ത, ഗേ പ്രണയവും ബന്ധങ്ങളിലെ സങ്കീർണതകളും ആഴവും പറയുന്ന, 2023 -ലെ ഓസ്‌കാർ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ മൊറോക്കോയുടെ സിനിമയായി മാറുകയും, അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ മൊറോക്കൻ ചിത്രമായി ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ചിത്രമാണ് 'ബ്ലൂ കഫ്താൻ'. അതുമായി തട്ടിച്ചുനോക്കിയാൽ വേണ്ടത്ര ആഴമില്ലാത്ത കഥയും പരിസരവും എന്ന് 'കാലെ മലാഗ'യെ കുറിച്ച് തോന്നിയേക്കാം. എങ്കിലും, എത്ര ചെറിയ ജീവിതത്തിലും, ഏത് ഏകാന്തതകളിലും, സ്വയം പ്രണയിക്കാമെന്ന ഓർമ്മപ്പെടുത്തലായി മാറുന്നുണ്ട് ചിത്രം, വൈകാരികമായേക്കാവുന്ന ഇടങ്ങളിൽ മരിയയുടെ കുസൃതി തരുന്ന ചിരികളുണ്ട്. മൗറയുടെ പ്രകടനം കൊണ്ടും ജീവിതം എവിടെയെങ്കിലും കാത്തുവച്ചിരിക്കാവുന്ന പ്രതീക്ഷകൾ കൊണ്ടും, മനോഹരമായ കാഴ്ച കൊണ്ടും ഇഷ്ടപ്പെടുന്ന സിനിമ തന്നെയാണ് കാലെ മലാഗ. ഒപ്പം വാർധക്യത്തിലെത്തുന്ന മനുഷ്യരുടെ ജീവിതവും മക്കളനുഭവിക്കുന്ന പ്രതിസന്ധികളും സിനിമയിൽ വായിച്ചെടുക്കാം.

തുസാനിയും പങ്കാളിയായ നബിൽ അയ്യൂച്ചും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 82 -ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ വെനീസ് സ്പോട്ട്‌ലൈറ്റ് വിഭാഗത്തിൽ ഓഡിയൻസ് അവാർഡ് നേടുകയും ചെയ്തിരുന്നു ചിത്രം. മിൽ വാലി ഫിലിം ഫെസ്റ്റിവലിൽ ലോകസിനിമയിൽ ഓഡിയൻസ് ഫേവറിറ്റ് ആയിരുന്നു. മാർ ഡെൽ പ്ലാറ്റ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ സിനിമാ വിഭാഗത്തിൽ മികച്ച ചിത്രമായും, ഓഡിയൻസ് അവാർഡ് നേടുന്ന ചിത്രമായും മാറി. ക്ലാരയായി മാർട്ട എറ്റുറയും മരിയയുടെ പ്രണയമായ അബ്‌സ്‌ലാമായി അഹമ്മദ് ബൗലാനുമാണ് അഭിനയിച്ചിരിക്കുന്നത്.