കള്ളിമുള്ളിച്ചെടിയുടെ പഴം മധുരമെങ്കിലും അതിന്‍റെ മുള്ളുകള്‍ പോലെ നോവിക്കുന്നത് കൂടിയാണ് രോഹന്‍ പരശുരാം കനവാഡെ സംവിധാനം ചെയ്‌ത കാക്‌ടസ് പിയേഴ്‌സ് എന്ന സിനിമ

പിതാവ് മരിക്കുന്നതോടെ മുംബൈ മഹാനഗരം വിട്ട് ഗ്രാമത്തിലേക്ക് വരേണ്ടിവരുന്ന 30 വയസുകാരനായ യുവാവ്. ആചാരപ്രകാരം അച്ഛന്‍റെ ചടങ്ങുകള്‍ ചെയ്യാന്‍ 10 ദിവസം അയാള്‍ വീട്ടില്‍ തങ്ങുന്നതാണ് രോഹന്‍ പരശുരാം കനവാഡെയുടെ (Rohan Parashuram Kanawade) കന്നി ഫീച്ചര്‍ സിനിമയായ കാക്‌ടസ് പിയേഴ്‌സ് (Cactus Pears / Sabar Bonda). റൊമാന്‍റിക് ഡ്രാമ ജോണറില്‍ ഉള്‍പ്പെടുന്ന സിനിമയാണിത്. മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കലൈഡോസ്‌കോപ് വിഭാഗത്തിലാണ് കാക്‌ടസ് പിയേഴ്‌സ് പ്രദര്‍ശിപ്പിച്ചത്. മറാഠി ഭാഷയിലുള്ള കാക്‌ടസ് പിയേഴ്‌സിന് 117 മിനിറ്റാണ് ദൈര്‍ഘ്യം. ഗ്രാമീണാചാരങ്ങളും ജാതിയും വിശ്വാസങ്ങളും മുതല്‍ സ്വവര്‍ഗ പ്രണയവും ക്വിയര്‍ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും വരെ വിഷയമാകുന്നുണ്ട് കാക്‌ടസ് പിയേഴ്‌സില്‍.

അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിവരുന്ന ആനന്ദ്

30 വയസുകാരനായ ആനന്ദ് (Bhushaan Manoj) മുംബൈയിലാണ് ജോലി ചെയ്യുന്നത്. ആനന്ദിന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നതിന്‍റെ ക്ലോസ് ഷോട്ടിലാണ് കാക്‌ടസ് പിയേഴ്‌സിന്‍റെ ആരംഭം. മറുതലയ്‌ക്കലില്‍ നിന്ന് അറിയിക്കുന്ന വാര്‍ത്ത, ആനന്ദിന്‍റെ പിതാവ് മരണപ്പെട്ടു എന്നാണ്. ഉടനെ തിരിക്കുന്ന ആനന്ദ് വീട്ടിലേക്ക് എത്തുന്നു. നഗരത്തില്‍ നിന്ന് ഏറെയകലെ, കള്ളിമുള്ളിച്ചെടികള്‍ ഏറെയുള്ള വരണ്ട പ്രദേശത്താണ് ആനന്ദിന്‍റെ വീട്. കള്ളിമുള്ളിച്ചെടികളില്‍ ഉണ്ടാകുന്ന പഴമാണ് കാക്‌ടസ് പിയേഴ്‌സ്. ആനന്ദ് പിതാവിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ ആചാര പ്രകാരം നടത്തി. 10-ാം ദിനത്തിലെ സഞ്ചയനം വരെ എന്തൊക്കെയാണ് പാലിക്കേണ്ടത് എന്ന് ആനന്ദിനെ ഉപദേശിക്കുന്നുണ്ട് അമ്മ. നമ്മുടെ വിഭാഗത്തിലുള്ളവര്‍ വീട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ കറുപ്പ് വസ്‌ത്രം ധരിക്കില്ലെന്ന് അമ്മ പറയുമ്പോള്‍, ഇത് കറുപ്പല്ല, ചാര നിറമാണ് എന്ന് തിരുത്തുന്നുണ്ട് ആനന്ദ്. സഞ്ചയനം പൂര്‍ത്തിയാകും വരെ ആനന്ദ് അമ്മയ്‌ക്കും ബന്ധുക്കള്‍ക്കുമൊപ്പം വീട്ടില്‍ തുടരുന്നതായാണ് കാക്‌ടസ് പിയേഴ്‌സിന്‍റെ കഥാ വികാസം.

സിനിമയുടെ ആദ്യ ഭാഗത്ത് ഒരു മരണവും അതോടൊപ്പം അന്നാട്ടുകാരുടെ ആചാരങ്ങളും വിശ്വാസങ്ങളുമാണ് സംവിധായകന്‍ രോഹന്‍ പരശുരാം കനവാഡെ പറയുന്നതെങ്കില്‍ രണ്ടാം ഭാഗത്ത് കഥ സമാന്തരമായി ഒരു സ്വവര്‍ഗ പ്രണയവും അത് നേരിടുന്ന പ്രശ്‌നങ്ങളുമായി മാറുകയാണ്. പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണെങ്കിലും, വീട്ടിലേക്കുള്ള മടങ്ങിവരവ് ആനന്ദിനെ സംബന്ധിച്ച് അയല്‍വാസിയും കളിക്കൂട്ടുകാരനുമായ ബാല്‍യയുമായി (Suraaj Suman) വീണ്ടും അടുക്കാനുള്ള അവസരം കൂടിയാവുന്നു. വീട്ടില്‍ പശുവളര്‍ത്തലുമായി കഴിഞ്ഞുവരികയായിരുന്നു ബാല്‍യ. വിവാഹ പ്രായം ആയെന്ന് പറഞ്ഞ് വീട്ടുകാര്‍ എന്നും കലഹമാണെങ്കിലും അവിവാഹിതനായി തുടരാന്‍ ഏറെ പണിപ്പെടുകയാണ് ബാല്‍യ. അപ്പോഴാണ് മുംബൈ വിട്ട് ആനന്ദ് ഗ്രാമത്തിലേക്ക് മടങ്ങിവരുന്നത്. നാട്ടില്‍ നിന്നാല്‍ ഒന്നിച്ചൊരു ജീവിതം സാധ്യമല്ലെന്ന് തിരിച്ചറിയുന്ന ഇരുവരും മുംബൈയിലേക്ക് ഒന്നിച്ച് വണ്ടികയറുന്നു.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ക്വിയര്‍ യാഥാര്‍ഥ്യങ്ങള്‍

ഇന്ത്യന്‍ ഗ്രാമങ്ങളുടെ പച്ചയായ യാഥാര്‍ഥ്യങ്ങളുടെ ചലച്ചിത്ര പതിപ്പാണ് രോഹന്‍ പരശുരാം കനവാഡെയുടെ കാക്‌ടസ് പിയേഴ്‌സ്. ജാതിയും ആചാരങ്ങളും ഗ്രാമങ്ങളിലെ താഴേത്തട്ടിലുള്ള വളരെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും സ്നേഹവും സഹകരണവുമെല്ലാം കാക്‌ടസ് പിയേഴ്‌സ് മനോഹരമായി പകര്‍ത്തിയിരിക്കുന്നു. പുരുഷനെന്നെ പ്രിവിലേജുണ്ടായിട്ടും സ്വവര്‍ഗാനുരാഗം ഉള്ളിലൊതുക്കി കഴിയേണ്ടിവരുന്ന രണ്ട് യുവാക്കളുടെ കഥ കൂടിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സെക്ഷ്വല്‍ ഓറിയേന്‍റേഷന്‍ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നതിന്‍റെ നേര്‍ച്ചിത്രം കൂടിയാകുന്നു കാക്‌ടസ് പിയേഴ്‌സ് എന്ന സിനിമ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂഷന്‍ മനോജിന്‍റെയും സുരാജ് സുമന്‍റെയും നിസ്സംഗതയിലുണ്ട് അക്കാര്യം. സിനിമ ഏതാണ്ട് പൂര്‍ണമായും സ്റ്റാറ്റിക് ഷോട്ടുകളില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് കാക്‌ടസ് പിയേഴ്‌സില്‍ രോഹന്‍ പരശുരാം കനവാഡെ അവലംബിച്ചിരിക്കുന്ന പരിചരണ രീതി. അത് ചിലപ്പോള്‍ വിരസമായി തോന്നാമെങ്കിലും ശക്തമായ തിരക്കഥയും അവതരണവും കാക്‌ടസ് പിയേഴ്‌സിനെ ശ്രദ്ധേയമാക്കുന്നു.

കള്ളിമുള്ളിച്ചെടിയുടെ പഴം മധുരമെങ്കിലും അതിന്‍റെ മുള്ളുകള്‍ പോലെ നോവിക്കുന്നത് കൂടിയാണ് കാക്‌ടസ് പിയേഴ്‌സ് എന്ന സിനിമ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്