നരിവേട്ട ഒരു ചരിത്രസ്‍മരണയാണ് എന്തുകൊണ്ടെന്നാല്‍.?

Published : May 27, 2025, 07:01 PM ISTUpdated : May 27, 2025, 07:10 PM IST
നരിവേട്ട ഒരു ചരിത്രസ്‍മരണയാണ് എന്തുകൊണ്ടെന്നാല്‍.?

Synopsis

നരിവേട്ടയുടെ ഒരു രാഷ്‍ട്രീയ വായന.  

ഇക്കഴിഞ്ഞ ശനിയാഴ്ച വയനാട് മാനന്തവാടിയില്‍ റവന്യൂവകുപ്പിന്‍റെ പട്ടയമേള നടന്നു. ആ പട്ടയമേളയില്‍വെച്ച് റവന്യൂ മന്ത്രി കെ.രാജന്‍ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 37 പേര്‍ക്ക് കൂടി കൈവശരേഖകള്‍ നല്‍കി. ഇതോടുകൂടി മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും ഭൂമി കിട്ടി എന്നതാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പട്ടയമേളയുടെ തലേദിവസാണ് അബിന്‍ ജോസഫ് തിരക്കഥയെഴുതി,അനുരാജ് മനോഹര്‍ സംവിധാനം ചെയ്‍ത് ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചിത്രം പുറത്തിറങ്ങിയത്. ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികളോടുള്ള ഐക്യപ്പെടല്‍,അതാണ് സിനിമയുടെ ഉള്ളടക്കം.

 വയനാട് മുത്തങ്ങയില്‍ വെടിവയ്പ്പുണ്ടാകുന്നത് 2003 ഫെബ്രുവരി 19നാണ്, സമരത്തിനിറങ്ങി പുറപ്പെടുന്നത് മുതല്‍ സമരക്കാര്‍ക്ക് ഒറ്റ ആവശ്യം മാത്രമേയുള്ളൂ, ഭൂമി. സര്‍ക്കാരിന്‍റെ അവകാശവാദം അനുസരിച്ചുള്ള കണക്കനുസിരിച്ച് പോലും മുത്തങ്ങയിലെ സമരക്കാര്‍ക്ക് സ്വാഭാവിക അവകാശമായ ഭൂമിക്ക് വേണ്ടി മൂന്ന് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഭരണകൂടങ്ങളും, രാഷ്ട്രീയ നേതൃങ്ങളും ഇക്കാലമത്രയും എന്താണ് ആദിവാസികളോട് ചെയ്‍തതെന്നതിന് ഇതില്‍ക്കൂടുതല്‍ എന്ത് തെളിവ് വേണം.

`വാക്ക്  പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്’

സിനിമയുടെ അവസാന ടൈറ്റില്‍ കാര്‍ഡില്‍ ഇങ്ങനെ എഴുതിക്കാണുന്നുണ്ട്. വാക്ക്  പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ് .കേരള സംസ്ഥാനം പിറന്നിട്ട് ഔദ്യോഗിക കണക്ക് പ്രകാരം ഏഴ് പതിറ്റാണ്ടാവുകയാണ്. ഭൂമി എന്ന അവകാശത്തിന് വേണ്ടിയുള്ള ആദിവാസികളുടെ പ്രത്യക്ഷ സമരത്തിന് മൂന്ന് പതിറ്റാണ്ടിലേറെ ദൂരമുണ്ട്. കാട്ടില്‍ നിന്ന് അവര്‍ പുറത്താക്കപ്പെട്ടിട്ട് അതിലേറെ കാലം. ഇക്കാലത്തിനുള്ളില്‍ മുത്തങ്ങയില്‍ വെടിവയ്പ്പുണ്ടായി, ചെങ്ങറയില്‍ പൊലീസ് നടപടിയുണ്ടായി.

എത്രയോ ഭൂസമരങ്ങളുണ്ടായി, എത്രയോ സിനിമകള്‍ വന്നു പോയി, ആദിവാസികളെ പരിഹസിച്ചും, കറുപ്പിനെ അവഹേളിച്ചും സിനിമകളുണ്ടായി അപ്പോഴൊന്നും സമരം ചെയ്യുന്ന ആദിവാസികളെയും, അവരുടെ കാതലായ പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഒരു വാണിജ്യ സിനിമ പോലും തിയേറ്ററിലെത്തിയില്ല, അതുകൊണ്ട് തന്നെ ആസിഫ് അബു ഫേസ്ബുക്കില്‍ കുറിച്ചതുപോലെ `ബാംബു ബോയ്‍സില്‍ നിന്ന് നരിവേട്ടയിലേക്കുള്ള ദൂരം മലയാള സിനിമ സഞ്ചരിച്ച രാഷ്ട്രീയ ദൂരം കൂടിയാണ്’. അതെ നീതി തേടുന്നവരോടുള്ള രാഷ്ടീയ ഐക്യപ്പെടലാണ് `നരിവേട്ട’.



കാലവര്‍ഷം നേരത്തെയെത്തി മഴ കനത്ത് പെയ്യുകയാണ്, തിയേറ്ററില്‍ നരിവേട്ട നിറഞ്ഞോടുകയാണ്. ഭൂമി എന്ന ജീവിതാവകാശത്തെക്കുറിച്ചൊരു ചലച്ചിത്രം പുറത്തിറങ്ങുമെന്നോ, അത് കാണാന്‍ തിയേറ്റര്‍ നിറയെ ആള്‍ക്കൂട്ടം വരുമെന്നോ ഭൂമിക്ക് വേണ്ടി സമരം ചെയ്‍ത് കടന്ന് പോയവരോ, മറ്റാരുടെയോ ഭൂമിയില്‍ അന്തിയുറങ്ങേണ്ടി വന്നവരോ, വിദൂരമായിപ്പോലും സ്വപ്‍നം കണ്ടിരിക്കില്ല, ഞങ്ങളുടെ ജീവിതാവശ്യം സിനിമയായി വന്നിട്ടുണ്ടെന്നും, അത് തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണെന്നും പലയിടങ്ങളിലായി ഭൂമി സ്വപ്‍നം കണ്ടുറങ്ങുന്നവരില്‍ മിക്കവരും അറിഞ്ഞിരിക്കില്ല. ഇക്കാരണങ്ങളാല്‍ നരിവേട്ട ഒരു ചരിത്ര സിനിമയാണ്, രാഷ്ട്രീയ ഐക്യപ്പെടലാണ്.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
ത്രസിപ്പിക്കുന്ന ത്രില്ലര്‍, ഇമോഷണല്‍, ഈ ധീരം- റിവ്യു