പ്രതീക്ഷ കാത്ത് റത്തീന, ജാൻസിയായി നവ്യയുടെ ഗംഭീര പ്രകടനം; ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന 'പാതിരാത്രി'; റിവ്യു

Published : Oct 17, 2025, 03:33 PM IST
Navya and Soubin in police roles, Ratheena's pathirathri review

Synopsis

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ 'പാതിരാത്രി' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മനുഷ്യന്റെ വൈകാരിക തലങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമ റത്തീനയുടെ കരിയറിലെ ഒരു മികച്ച ചിത്രം കൂടിയാണ്. സിനിമയുടെ റിവ്യു വായിക്കാം. 

മമ്മൂട്ടി നായകനായി എത്തിയ 'പുഴു' എന്ന ചിത്രത്തിന് ശേഷം, റത്തീന സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'പാതിരാത്രി' ഒരു അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്. അത് കേവലം കുറ്റകൃത്യത്തിന്റെ അന്വേഷണം മാത്രമല്ല, മനുഷ്യന്റെ വൈകാരിക തലങ്ങളിൽ രൂപപ്പെടുന്ന ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുടെ അന്വേഷണം കൂടിയാകുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. രണ്ട് പൊലീസുകാരുടെ ദൈനംദിന ജീവിതവും, അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കുറ്റകൃത്യത്തിന്റെ അന്വേഷണവും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പാതിരാത്രിയുടെ പ്രമേയം. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പാതിരാതിയിലാണ് സിനിമയിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം തന്നെ അരങ്ങേറുന്നത്. ജാൻസി (നവ്യ), ഹരീഷ് (സൗബിൻ) എന്നിവർ രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും, ഇരുവരും വ്യക്തിപരമായും ജോലി സംബന്ധമായും കടന്നുപോവുന്ന മാനസിക തലങ്ങൾ തുല്യമാണ്. അത്തരത്തിലുള്ള രണ്ട് മാനസിക തലങ്ങൾ ഒരു കുറ്റകൃത്യം തെളിയിക്കപ്പെടാൻ എങ്ങനെയാണ് സഹായകമാകുന്നത് എന്നാണ് സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ റിയലിസ്റ്റിക് പൊലീസ് സിനിമകൾ ധാരാളമുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്‍തമായി കുടുംബബന്ധങ്ങൾ എങ്ങനെയാണ് അപരിചിതരായ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് സിനിമ പറയുന്നു.

പാതിരാത്രിയിലെ കഥാപാത്രങ്ങളെല്ലാം തമ്മിൽ അപരിചിതരാണെങ്കിലും, ആകസ്മികമായി ഒരു രാത്രിയിൽ അരങ്ങേറുന്ന കുറ്റകൃത്യം എങ്ങനെയാണ് എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നത് എന്ന് സിനിമ സംസാരിക്കുന്നു. ക്രൈം ത്രില്ലർ എന്നതിലുപരി, ആ ക്രൈം ചെയ്യാനുണ്ടായ സാഹചര്യങ്ങളും, കുറ്റകൃത്യത്തിന്റെ വിവിധ വശങ്ങളുമാണ് തന്റെ രണ്ടാം ചിത്രത്തിലൂടെ റത്തീന പറയുന്നത്. കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. ജാൻസി എന്ന സബ് ഇൻസ്‌പെക്ടറായി നവ്യ നായർ ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ പൊലീസ് കോൺസ്റ്റബിളായി എത്തിയ സൗബിനും തന്റെ മികച്ച പ്രകടനം പുറത്തെടുത്തു.

കുറ്റകൃത്യവും അന്വേഷണവും സിനിമയുടെ പ്രധാന ഭാഗമാണെങ്കിലും, മനുഷ്യർ തമ്മിലെ വ്യക്തിബന്ധങ്ങളും, കുടുംബവും, അതിനിടയിൽ ഉടലെടുക്കുന്ന അവഗണയും എങ്ങനെയാണ് ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമായി ബാധിക്കുന്നതെന്ന് സിനിമ വരച്ചുകാണിക്കുന്നു. സമൂഹത്തിലെ വ്യവസ്ഥിതിയുമായി ചേർന്ന് നിൽക്കുന്ന മൂന്ന് കുടുംബങ്ങളുടെ കഥയാണ് പാതിരാത്രി. അവർ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെയാണ് പരസ്പരം മനുഷ്യർ പെരുമാറുന്നതെന്നും, അപ്പുറത്ത് നിൽക്കുന്ന മനുഷ്യരെ അറിഞ്ഞോ അറിയാതെയോ അവഗണിക്കുന്നതെന്നും പാത്രിരാത്രിയിലൂടെ റത്തീന പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്നു. വിവാഹബന്ധങ്ങൾ നിയമപരമായും അല്ലാതെയും വേർപിരിയുന്നതിലൂടെ, വ്യക്തിബന്ധങ്ങളിൽ മനുഷ്യർ ജീവിതത്തോട് പുലർത്തേണ്ട നൈതികതയെ കുറിച്ചും സിനിമ ചിന്തിപ്പിക്കുന്നു.

ഷാജി മാറാടിന്റെ തിരക്കഥ

ഷാജി മാറാടിന്റെ ഗംഭീര എഴുത്താണ് പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം. ഇൻവെസ്റ്റിഗേറ്റിവ്- ഡ്രാമ സ്വഭാവം നിലനിർത്തുമ്പോഴും കഥാപാത്രങ്ങളുടെ മാനസിക തലങ്ങൾക്കും അവരുടെ ചിന്താരീതികൾക്കുമാണ് സിനിമ മുൻഗണന നൽകിയിരിക്കുന്നത്. തന്റെ പൊലീസ് ജീവിതത്തിൽ നിന്നും തീർച്ചയായും നിരവധി സംഭവവികാസങ്ങൾ മുൻ ചിത്രങ്ങളിലെന്ന പോലെ പാതിരാത്രിയ്ക്കും പ്രചോദനമായിട്ടുണ്ടെന്ന് തീർച്ചയാണ്. അതുകൊണ്ട് തന്നെ മലയാള സിനിമ കാലങ്ങളായി കണ്ടുശീലിച്ച പൊലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ദുർബലരും നിസ്സഹായരും, അധികാര വലയത്തിന് പുറത്തുനിൽക്കുന്നതുമായ പൊലീസുകാരെ പാതിരാത്രിയിലും കാണാൻ കഴിയുന്നതാണ്.

ജേക്സ് ബിജോയ്‌യുടെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചുനിന്നു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന നിരവധി മുഹൂർത്തങ്ങളാൽ സമ്പന്നമായ സിനിമയുടെ വൈകാരികതലം ഉയർത്തുന്നതിൽ ജേക്സ് ബിജോയ് വഹിച്ച പങ്ക് ചെറുതല്ല. ഒപ്പം തന്നെ എടുത്ത് പറയേണ്ടതാണ് ഷെഹ്‌നാദ് ജലാലിന്റെ ഛായാഗ്രഹണം, രാത്രിയുടെ വന്യതയും നിഗൂഢതയും പ്രേക്ഷകരിലേക്ക് എത്തിച്ചതിൽ ഷെഹ്‌നാദ് ജലാൽ കയ്യടി അർഹിക്കുന്നു. എന്താണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്നതിന് അപ്പുറത്തേക്ക്, ഉത്തരമില്ലാതെ പല ചോദ്യങ്ങളുടെയും ചുരുളഴിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. നിസ്സഹായതയാണ് പാതിരാത്രിയിലെ എല്ലാ കഥാപാത്രങ്ങളുടെയും കാതൽ. അവർ ചെയ്യുന്നതെല്ലാം അറിഞ്ഞോ അറിയാതെയോ വലിയ കുരുക്കുകളിലേക്ക് പോകുമെങ്കിലും അതിനെല്ലാം വ്യത്യസ്തമായ നിരവധി കാരണങ്ങളും സാഹചര്യങ്ങളുമുണ്ടെന്ന് സിനിമ പറയുന്നു.

നവ്യയുടെ മികച്ച പ്രകടനം

സമീപകാലത്ത് നവ്യ നായർ അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രം കൂടിയായിരുന്നു പാതിരാത്രിയിലെ ജാൻസി. നിസ്സഹായയായ, സ്നേഹവും പരിഗണനയും ലഭിക്കാത്ത ഒരു സ്ത്രീയുടെ സൂക്ഷ്മഭാവങ്ങൾ സ്ക്രീനിലേക്ക് പകർത്തുന്നതിൽ നവ്യ വിജയിച്ചിട്ടുണ്ട്. അത്തരത്തിൽ കഥാപാത്രത്തിന്റെ വൈകാരികതലം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സിനിമയിലുണ്ട്. തന്റെ കരിയറിൽ ആദ്യമായാണ് പൊലീസ് വേഷത്തിലെത്തുന്നതെങ്കിലും അതിന്റെ യാതൊരു വിധ പോരായ്മകളും കഥാപാത്രത്തിലുണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അതിനൊപ്പം തന്നെ സൗബിൻ, ഹരിശ്രീ അശോകൻ, ആൻ അഗസ്റ്റിൻ, അത്മീയ എന്നിവരും മികച്ചുനിന്നു. കുറച്ച് രംഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുവുള്ളുവെങ്കിലും ഇന്ദ്രൻസും തന്റെ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യ ചിത്രമായ പുഴുവിലൂടെ തന്നെ ഒരു സംവിധായിക എന്ന നിലയിൽ കയ്യടി നേടിയ വ്യക്തിയാണ് റത്തീന. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രണ്ടാമത്തെ സിനിമയുമായി എത്തുമ്പോഴും, റത്തീന എന്ന സംവിധായികയുടെ മികവ് പാതിരാത്രിയിലും കാണാൻ കഴിയും. തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട, മികച്ച കാഴ്ച്ചാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന പാത്രിരാതിക്ക് തീർച്ചയായും മികച്ച പ്രേക്ഷകരെയും സിനിമ അർഹിക്കുന്നുണ്ട്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ