ആര്‍ത്തുല്ലസിക്കാൻ പെറ്റ്‍ ഡിറ്റക്‍ടീവ്- റിവ്യു

Published : Oct 16, 2025, 02:39 PM IST
Sharaf U Dheen

Synopsis

ഷറഫുദ്ദീനും അനുപമ പരമേശ്വരനുമാണ് പെറ്റ് ഡിറ്റക്‍ടീവില്‍ പ്രധാന വേഷങ്ങളില്‍.

പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ താരങ്ങളാണ് അനുപമ പരമേശ്വരനും ഷറഫുദ്ദീനും. ഇരുവരും നായികാ നായകൻമാരായി എത്തിയ ചിത്രം എന്ന പ്രത്യേകതകളുള്ളതാണ് ഇന്ന് റിലീസായ പെറ്റ് ഡിറ്റക്‍ടീവ്. ഷറഫുദ്ദീൻ നിര്‍മാതാവുന്നു എന്ന പ്രത്യേകതയുമുണ്ട്. തിയറ്ററില്‍ ചിരിച്ചുല്ലസിച്ച് കണ്ടിരിക്കാവുന്ന രസകരമായ ഒരു ചിത്രം എന്ന് വിശേഷിപ്പിക്കാം പെറ്റ് ഡിറ്റക്ടീവിനെ.

മെക്സിക്കോയില്‍ ഡിറ്റക്റ്റീവ് ഏജൻസി നടത്തിയിരുന്ന അലൂലയുടെ ശബ്‍ദ അവതരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. പീറ്റര്‍ സാംബായ് എന്ന മെക്സിക്കൻ മാഫിയ കിംഗിനെ കുറിച്ചാണ് അലൂല തുടക്കത്തില്‍ പറയുന്നത്. അയാളുടെ ഫോട്ടോ പോലും ആരുടെയും കൈവശം ഇല്ല. എന്നാല്‍ അലൂല ഒളിഞ്ഞിരുന്ന് പീറ്റര്‍ സാംബായ്‍യുടെ ഫോട്ടോ എടുക്കുന്നു. പക്ഷേ പീറ്റര്‍ സാംബായുടെ കണ്ണില്‍ അലൂല പെടുന്നു. പ്രാണരക്ഷാര്‍ഥം അലൂല തിരിച്ച് കേരളത്തിലേക്ക് വരുന്നു. കേരളത്തില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി അലൂലയ തുടങ്ങുന്നു. ആ ഏജൻസി ഏറ്റെടുത്ത് നടത്തുകയാണ് മകൻ ടോണി അലൂല. പിന്നീട് മകന്റെ കാഴ്‍ചപ്പാടിലൂടെയാണ് സിനിമയുടെ അവതരണം.

അവിചാരിതമായി ഒരു കേസ് മകൻ ടോണി അലൂലയുടെ മുന്നിലേക്ക് എത്തുന്നു. ആ കേസിന് പിന്നാലെ ടോണി പോകുമ്പോഴുള്ള സംഭവവികാസങ്ങളാണ് ചിരിക്കും ട്വിസ്റ്റിനുമെല്ലാം സിനിമയില്‍ വഴിതെളിയിരിക്കുന്നത്. ജീവിതത്തില്‍ ഒരു ഹീറോയിക് മൊമന്റ്സ് പോലുമില്ലാത്ത ഒരു പരിഹാസം കാമുകിയില്‍ നിന്ന് നേരിടുന്ന ടോണി ഹീറോയാകുന്നതാണ് സിനിമയുടെ ഉള്ളടക്കം. മണ്ടൻ പരിവേഷത്തിലുള്ള ഡിറ്റക്ടീവില്‍ നിന്ന് തമാശയുടെ നിറചിരിയോടെ ടോണി ആ കേസ് എങ്ങനെയാണ് സോള്‍വ് ചെയ്യുന്നത് എന്നും സിനിമ ദൃശ്യവത്ക്കരിക്കുന്നു.

സിറ്റുവേഷൻ കോമഡികളും ചെയിൻ കോമഡിയും കൊണ്ട് സിനിമ മൊത്തം ആര്‍ത്തുല്ലസിക്കാവുന്ന ഒരു തീയറ്റര്‍ കാഴ്‍ചയായി മാറ്റുകയാണ് പെറ്റ് ഡിറ്റക്‍ടീവ്. വില്ലൻമാരുടെ ചെയ്‍തികള്‍ പോലും ചിരിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നത് പെറ്റ് ഡിറ്റക്‍ടീവിനെ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‍നറാക്കി മാറ്റിത്തീര്‍ക്കുന്നു. ചിരിയില്‍ കോര്‍ത്ത ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. കലൈ കിംഗ്‍സണിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചിത്രത്തിന്റെ സ്വഭാവത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണുതാനും.

പ്രനീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. മലയാളം എന്നും ഇഷ്‍ടപ്പെടുന്ന ഒരു ആഖ്യാന ശൈലിയിലാണ് പെറ്റ് ഡിറ്റക്‍ടീവ് പ്രനീഷ് വിജയൻ ഒരുക്കിയിരിക്കുന്നത്. കോമഡിയും ആക്ഷനും ട്വിസ്റ്റും സര്‍പ്രൈസുമെല്ലാം ചേര്‍ത്ത് ഒരു മുഴുനീള എന്റര്‍ടെയ്‍നര്‍ ഒരുക്കുന്നതില്‍ പ്രനീഷ് വിജയൻ വിജയിച്ചിരിക്കുന്നു. കഥാപാത്രങ്ങള്‍ക്കെല്ലാം കൃത്യമായ സ്‍പേയ്‍സ് നല്‍കിയാണ് സംവിധായകൻ പെറ്റ്‍ ഡിറ്റക്‍ടീവ് ഒരുക്കിയിരിക്കുന്നത്. ജെയ്‍ വിഷ്‍ണുവായി ചേര്‍ന്നാണ് സംവിധായകൻ തിരക്കഥ എഴുതിയിരിക്കുന്നത്. ഓരോ രംഗങ്ങളും രസച്ചരടുകളില്‍ കോര്‍ത്തെന്നപോലെ ചിരി വിരിയിക്കാൻ തിരക്കഥാകൃത്തുകള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

ഷറഫുദ്ദീനാണ് ടോണി അലൂലയെ അവതരിപ്പിച്ചിരിക്കുന്നത്. ടൈമിംഗോടെയുള്ള കോമഡിയിലും ആക്ഷനിലെ മികവിലും ചിത്രത്തില്‍ ഷറഫുദ്ദീൻ കയ്യടിയര്‍ഹിക്കുന്നു. കൈകേയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ പരമേശ്വരൻ നായികാ വേഷവും മികച്ചതാക്കിയിരിക്കുന്നു. വിജയരാഘവന്റെ ദില്‍രാജും സിനിമയിലെ വേറിട്ട ഒരു വേഷമാണ്. വിനായകൻ, നിഷാന്ത് സാഗര്‍, രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ജോമോൻ ജ്യോതിര്‍, ഭഗത് മാനുവല്‍ തുടങ്ങിയവരെല്ലാം മികച്ചുനില്‍ക്കുന്നുവെന്നതാണ് സിനിമയെ ആകര്‍ഷകമാക്കുന്നത്.

ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചടുലമായ ദൃശ്യഭാഷ നല്‍കാൻ ആനന്ദിന് ചിത്രത്തില്‍ സാധിച്ചിട്ടുണ്ട്. രാജേഷ് മുരുഗേശന്റെ സംഗീതവും മൊത്തം സിനിമയുടെ പ്രമേയത്തിനൊത്തുള്ളതാണ്. അഭിനവ് സുന്ദര്‍ നായകിന്റെ കട്ടുകളും ചിത്രത്തിന്റെ ദൃശ്യപരിചരണത്തിനൊത്തുള്ളതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ