Latest Videos

വീണ്ടും ഞെട്ടിക്കുന്ന ജോജു; 'പുലിമട' റിവ്യൂ

By Web TeamFirst Published Oct 26, 2023, 3:15 PM IST
Highlights

ലളിതമായ കഥയും എന്നാല്‍ അത്ര ലാളിത്യമില്ലാത്ത ഒരു കഥാപാത്രവും- പുലിമടയെ ചുരുക്കം വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം

മാനസിക സംഘര്‍ഷങ്ങളില്‍ പെട്ട് ഉഴലുന്ന ചില കഥാപാത്രങ്ങളുള്ള തീവ്രാഖ്യാനങ്ങളിലൂടെയാണ് ജോജു ജോര്‍ജ് തന്നിലെ നടനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അടയാളപ്പെടുത്തിയത്. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം പുലിമടയിലും ജോജുവിലെ നടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആവോളമുണ്ട് കാണാന്‍. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ ഏറെക്കാലത്തെ അനുഭവപരിചയമുള്ള എ കെ സാജന്‍ ആണ് പുലിമടയുടെ രചനയും സംവിധാനവും എഡിറ്റിംഗും. 

ലളിതമായ കഥയും എന്നാല്‍ അത്ര ലാളിത്യമില്ലാത്ത ഒരു കഥാപാത്രവും- പുലിമടയെ ചുരുക്കം വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. വിന്‍സെന്‍റ് എന്ന സിവില്‍ പൊലീസ് ഓഫീസറെയാണ് ജോജു അവതരിപ്പിക്കുന്നത്. മനോരോഗമുള്ള അമ്മയടക്കം സംഘര്‍ഷഭരിതമായി കടന്നുപോയ ഒരു ബാല്യത്തിന്‍റെ ഓര്‍മ്മകളില്‍ നിന്ന് നാല്‍പതിലെത്തിയിട്ടും മുക്തി നേടാന്‍ ആയിട്ടില്ല അയാള്‍ക്ക്. തന്‍റെ സ്വസ്ഥതയെ കെടുത്തുന്ന എന്തോ ഒന്ന് ജീനുകളിലൂടെ എത്തുമോ എന്ന ഒരു ഭയവും അയാള്‍ക്കുണ്ട്. നാല്‍പതിലെത്തിയിട്ടും അവിവാഹിതനായി തുടരേണ്ടിവരുന്നതിന്‍റെ അസംതൃപ്തി പേറുന്ന അയാള്‍ പാരമ്പര്യ സ്വത്തായി കിട്ടിയ ഒരു മലമ്പ്രദേശത്താണ് താമസം. അങ്ങനെ കാത്തുകാത്തിരുന്ന് സംഭവിക്കുന്ന വിന്‍സെന്‍റിന്‍റെ വിവാഹത്തിന്‍റെ മേളത്തിലാണ് ചിത്രത്തിന്‍റെ ആരംഭം. എന്നാല്‍ പല വിവാഹങ്ങളും മുടങ്ങിപ്പോയതുപോലെ ഇത്തവണയും സംഭവിക്കുകയാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ഒരിക്കല്‍ക്കൂടി പരിഹാസ്യനാവുന്നതിന്‍റെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന വിന്‍സെന്‍റിനൊപ്പം ചില വ്യത്യസ്താനുഭവങ്ങളിലേക്ക് പ്രേക്ഷകരെയും ക്ഷണിക്കുകയാണ് പിന്നീടുള്ള ഒന്നര മണിക്കൂര്‍ എ കെ സാജന്‍.

 

ഒരു മണിക്കൂര്‍ 50 മിനിറ്റ് മാത്രമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. എത്ര ഹെവി ആയുള്ള കഥാപാത്രങ്ങളെയും വഹിക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് ജോജു ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് പുലിമട. ഒരു ആവറേജ് അഭിനേതാവ് വന്നാല്‍ പാളിപ്പോകാവുന്ന പല മുഹൂര്‍ത്തങ്ങളുമുണ്ട് ചിത്രത്തില്‍. എന്നാല്‍ അവിടെയൊക്കെ ജോജു വിസ്മയിപ്പിക്കുകയാണ്. കഥാപാത്രങ്ങളുടെ ആധിക്യമില്ലാത്ത ചിത്രത്തില്‍ വന്നവരെല്ലാം അടയാളപ്പെടുത്തുന്നുണ്ട്. വിന്‍സെന്‍റിന്‍റെ അടുത്ത സുഹൃത്തായ പൊലീസുകാരനെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ്, മറ്റ് സുഹൃത്തുക്കളെ അവതരിപ്പിച്ച ജിയോ ബേബി, അബിന്‍ ബിനോ, വിന്‍സെന്‍റിന്‍റെ കല്യാണം കൂടാന്‍ വരുന്ന ബന്ധുക്കള്‍ ജാഫര്‍ ഇടുക്കി, ജോണി ആന്‍റണി, നിഗൂഢതയുണര്‍ത്തി വരുന്ന നായികയെ അവതരിപ്പിച്ച ഐശ്വര്യ രാജേഷ് എന്നിവരെല്ലാം നന്നായി. 

 

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു വലിയ ഇടവേളയ്ക്ക് ശേഷം ക്യാമറ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുലിമട. സ്വയം സംവിധാനം നിര്‍വ്വഹിച്ച മുന്നറിയിപ്പിന് (2014) ശേഷം ഇപ്പോഴാണ് വേണു ഒരു ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ പറയുന്ന പശ്ചാത്തലത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തെ ഒരു ദൃശ്യാനുഭവമാക്കിത്തന്നെ മാറ്റിയിട്ടുണ്ട് വേണു. സംവിധായകന്‍ തന്നെ എഡിറ്റര്‍ ആയതിന്‍റെ ഗുണവും ചിത്രത്തിനുണ്ട്. അനാവശ്യമായ തട്ടലോ മുട്ടലോ ഒന്നുമില്ലാതെ ഒഴുക്കുള്ള ഒരു അനുഭവമാണ് പുലിമട. പാട്ടുകള്‍ ഇഷാന്‍ ദേവും പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതമേഖലയിലും ഒരു മിനിമാലിറ്റി കാത്തുസൂക്ഷിച്ചിട്ടുണ്ട് ചിത്രം. 

 

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ പുലിമടയില്‍ പ്രേക്ഷകപ്രതീക്ഷ ഉണര്‍ത്തിയ പ്രധാന ഘടകം ജോജു ജോര്‍ജ് ആണ്. ഒപ്പം വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള എ കെ സാജനുമായി അദ്ദേഹം ഒന്നിക്കുന്നു എന്നതും. മലയാള സിനിമയുടെ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത അനുഭവമാണ് പുലിമട.

ALSO READ : 'നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന് മമ്മൂക്ക പറഞ്ഞു'; മമ്മൂട്ടി പറഞ്ഞ കാരണത്തെക്കുറിച്ച് സുരേഷ് ഗോപി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!