കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ 'പുരുഷ പ്രേതം'- റിവ്യു

By Web TeamFirst Published Mar 24, 2023, 12:10 AM IST
Highlights

കറുത്ത ഹാസ്യമാണ് 'പുരുഷ പ്രേത'ത്തിന്റെ കാതല്‍ എന്ന് സൂചിപ്പിച്ച് അതിനൊപ്പം തന്നെ വിവിധ തരത്തിലുള്ള അടരുകള്‍ നല്‍കി പുതിയൊരു അഖ്യാന രീതിയിലൂടെ ചിത്രത്തെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയായോ, സിസ്റ്റത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയായോ അല്ലെങ്കില്‍ ഒരു ക്രൈം ത്രില്ലറായോ വായിച്ചെടുക്കാവുന്ന രീതിയില്‍ എല്ലാം 'പുരുഷ പ്രേത'ത്തെ പ്രേക്ഷകന് അനുഭവപ്പെടാം. അതിനുള്ള വിഭവങ്ങള്‍ എല്ലാം തന്നെ സംവിധായകന്‍ കാഴ്ചക്കാരന് നല്‍കുന്നുണ്ട്. 

മലയാളത്തിലെ ചലച്ചിത്ര രംഗത്തെ നവ ഭാവുകത്വം അടുത്തകാലത്തായി ഇന്ത്യയും ലോകവും അറിഞ്ഞത് ഒടിടി സ്ട്രീമിംഗിലൂടെയാണ്. അത്തരത്തില്‍ രാജ്യം ശ്രദ്ധിച്ചേക്കാവുന്ന ഒരു ചലച്ചിത്രശ്രമം ആണ് സോണി ലിവില്‍ സ്ട്രീം ചെയ്യുന്ന 'പുരുഷ പ്രേതം' എന്ന ചിത്രം. മാറുന്ന മലയാള സിനിമയുടെ മുഖം കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞാണ് 'പുരുഷ പ്രേതം' അവതരിപ്പിക്കുന്നത്. ഒരു വൺ ഫിലിം വണ്ടർ അല്ലെന്ന് 'ആവാസ വ്യൂഹം' എന്ന ചിത്രത്തിന് ശേഷം കൃഷാന്ത് എന്ന സംവിധായകന്‍ തെളിയിക്കുന്നു. 

കറുത്ത ഹാസ്യമാണ് 'പുരുഷ പ്രേത'ത്തിന്റെ കാതല്‍ എന്ന് സൂചിപ്പിച്ച് അതിനൊപ്പം തന്നെ വിവിധ തരത്തിലുള്ള അടരുകള്‍ നല്‍കി പുതിയൊരു അഖ്യാന രീതിയിലൂടെ ചിത്രത്തെ സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് സ്റ്റോറിയായോ, സിസ്റ്റത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയായോ അല്ലെങ്കില്‍ ഒരു ക്രൈം ത്രില്ലറായോ വായിച്ചെടുക്കാവുന്ന രീതിയില്‍ എല്ലാം 'പുരുഷ പ്രേത'ത്തെ പ്രേക്ഷകന് അനുഭവപ്പെടാം. അതിനുള്ള വിഭവങ്ങള്‍ എല്ലാം തന്നെ സംവിധായകന്‍ കാഴ്ചക്കാരന് നല്‍കുന്നുണ്ട്. 

തീര്‍ത്തും ലീനിയറായി നടക്കുന്ന ഒരു കഥയാണ് 'പുരുഷ പ്രേത'ത്തിന്. 'സൂപ്പര്‍ സെബാസ്റ്റ്യന്‍' എന്ന് അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതമാണ് ചിത്രത്തിന് എന്ന് ചുരുക്കി പറയാം. കേരള പൊലീസിലെ അതീവ സാഹസികനെന്ന് ജനവും സഹപ്രവര്‍ത്തകരും കരുതുന്ന 'സെബാസ്റ്റ്യ'ന്‍റെ സ്റ്റേഷന്‍ അതിര്‍ത്തിയിലെ പുഴയില്‍ ഒരു അനാഥശവം അടിയുന്നതോടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. 'സെബാസ്റ്റ്യ'ന്‍റെ സന്തത സഹചാരിയായ ദിലീപ് എന്ന പൊലീസുകാരന് ആ ശവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നതോടെ കഥയുടെ പിരിമുറുക്കം വര്‍ദ്ധിക്കുന്നു. 

'അവാസ വ്യൂഹം' എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകനാണ് കൃഷാന്ത്. 2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം, തീര്‍ത്തും വ്യത്യസ്‍തമായ ഒരു ചുറ്റുപാടിലും കഥാപറച്ചില്‍ രീതിയും പിന്തുടര്‍ന്ന ആ ചിത്രം നേടി. ഒരു ആര്‍ട്ട് ഹൗസ് ചിത്രം എന്നതിനപ്പുറം ഒരു ഫണ്‍ നിറച്ച ഡോക്യുഫിഷന്‍ രീതിയില്‍ ഒരുക്കിയ ആ ചിത്രത്തില്‍ നിന്നും വ്യത്യസ്‍തമായി തീര്‍ത്തും ഒരു ബ്ലാക്ക് ഹ്യൂമര്‍ ചിത്രമായാണ് 'ആണ്‍ പ്രേതം' ഒരുക്കിയിരിക്കുന്നത്. വളരെ ഗൗരവമേറിയ ഒരു വിഷയം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിലേക്ക് എത്തിച്ചേരാനുള്ള സ്വഭാവിക സങ്കേതം എന്ന നിലയില്‍ തന്നെ സംവിധായകന്‍ ഡാര്‍ക്ക് ഹ്യൂമറിനെ ഉപയോഗപ്പെടുത്തിയത് എന്ന് വ്യക്തമാണ്.

ചിത്രത്തിലെ കാസ്റ്റിംഗ് എടുത്തു പറയേണ്ട ഘടകമാണ്. പരിചിതമായ മുഖങ്ങളെയും, അല്ലാത്തവരെയും ഒന്നായി സ്ക്രീനിൽ കഥാപാത്രങ്ങളായി വിന്യസിക്കുമ്പോഴും അവരുടെ മുൻചിത്രങ്ങളിലെ വാർപ്പ് മാതൃകയിലുള്ള കഥാപാത്ര ശൈലിയൊന്നും പ്രതീക്ഷിക്കരുത്. 'സൂപ്പർ സെബാസ്റ്റ്യൻ' എന്ന റോൾ ചെയ്‍ത  പ്രശാന്ത് അലക്സാണ്ടറാണ് ചിത്രത്തിലെ അപ്രതീക്ഷിതവും, ഗംഭീരവുമായ പ്രകടനം നടത്തിയത്. ജഗദീഷ്, ദർശന, ദേവി രാജേന്ദ്രൻ തുടങ്ങിയവർ എല്ലാം തങ്ങളുടെ ഭാഗം മനോഹരമാക്കുന്നു. 

ക്യാമറ, എഡിറ്റിംഗ്, സംഗീതം സാങ്കേതിക വിഭാവഗങ്ങളിൽ ഗംഭീരമായി ചെയ്‍തിട്ടുള്ള ഒരു ചിത്രമാണ് 'പുരുഷ പ്രേതം'. ചിത്രത്തിന്റെ ഒരോ രംഗത്തിന്റെയും മൂഡിലേക്ക് പ്രേക്ഷകനെ നയിക്കുന്നതാണ് അജ്‍മൽ ഹസ്ബുള്ളയുടെ ചിത്രത്തിലെ സംഗീതം. 

ഒരു സാമൂഹ്യ പ്രശ്‍നം ചർച്ച ചെയ്യുന്ന ചിത്രത്തിലെ കഥ മനു തൊടുപുഴയുടെയും, തിരക്കഥ അജിത്ത് ഹരിദാസിന്റെയുമാണ്. ചർച്ച ചെയ്യുന്ന വിഷയത്തിനപ്പുറം അധികാര ശ്രേണികളുടെ വഴിപാട് പൊലുള്ള പ്രവർത്തനങ്ങൾ ഒരു മനുഷ്യന്റെ സാമൂഹ്യജീവിതത്തെ ഏത് വിധത്തിൽ താളം തെറ്റിക്കുന്നുവെന്ന കറുത്ത കാഴ്‍ച പലയിടത്തും ചിത്രം നൽകുന്നു. പുതിയ കാല മലയാള സിനിമ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു മനോഹര സൃഷ്‍ടിയാണ് 'പുരുഷ പ്രേതം'.

click me!