
മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി സംവിധായകനാകുന്നു. ഇതായിരുന്നു ധീരൻ എന്ന ചിത്രത്തിന്റെ പ്രധാന യുഎസ്പി. മറ്റൊന്ന് മലയാള സിനിമയുടെ വിന്റേജ് താരങ്ങളായ മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത്, ജഗദീഷ് തുടങ്ങിയവർ ഒന്നിച്ചു കൂടുന്ന ചിത്രം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ധീരൻ ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് നല്ല കളർഫുള്ളായിട്ടുള്ള ഫീൽഗുഡ് മൂവി. ലൈറ്റ് ഫൺ മൂഡിന്റെ ചുവടുപിടിച്ച് മുന്നോട്ട് പോകുന്ന ധീരൻ, പ്രേക്ഷകർക്കൊന്ന് ഫ്രീയായി ചിരിച്ച് കണ്ടിരിക്കാൻ പറ്റിയ സിനിമയാണെന്ന് നിസംശയം പറയാം.
എൽദോസ്, അബ്ബാസ്, ജോപ്പൻ, അരുവി എന്ന അരവിന്ദാക്ഷൻ, കുഞ്ഞൻ, അബൂബക്കർ എന്നിവരാണ് ധീരനിലെ പ്രധാന കഥാപാത്രങ്ങൾ. രാജേഷ് മാധവൻ അവതരിപ്പിക്കുന്ന എൽദോസ് ആണ് സിനിമയിലെ ധീരൻ. തമിഴ്നാട് ഈറോടിൽ വച്ച് തുടങ്ങിയ സിനിമ കേരളത്തിലെ മലയാറ്റൂരിൽ ആണ് അവസാനിക്കുന്നത്. അച്ഛനെ നഷ്ടപ്പെട്ട ദുരന്തമാണ് എൽദോസിനെ നാടിന്റെ ധീരനാക്കുന്നത്. പിന്നാലെ ധീരതയ്ക്കുള്ള പുരസ്കാരവും അവനെ തേടി എത്തി. എന്നാൽ വളരും തോറും എൽദോസിന്റെ പ്രശ്നങ്ങൾ കൂടി കൂടി വന്നു. ഇതിനിടയിൽ തമിഴ്നാട്ടിൽ ഇയാൾ എത്തിപ്പെടുന്നുണ്ട്. അത്തർ വിൽപ്പനക്കാരനും കണിശക്കാരനും വില്ലനുമൊക്കെയായ അബൂബക്കറിന്റെ സഹായി ആയിട്ടാണ് എൽദോസ് തമിഴ്നാട് എത്തുന്നത്. മലയാറ്റൂർ കാരനായ എൽദോസ് എങ്ങനെ അബൂക്കയുടെ അടുത്തെത്തി എന്നും പിന്നീട് അയാളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ആകെത്തുക.
വിന്റേജ് താരങ്ങളാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ധീരനിലെ ഷോ സ്റ്റീലർ എന്ന് പറയാവുന്നത് സുധീഷിനെ ആണ്. വളരെ കൂളായി നിന്ന്, അനവസരത്തിൽ, എന്നാൽ കറക്ട് സ്പോട്ടിൽ തഗ് അടിച്ചൊക്കെ പോകുന്നൊരു വേഷമാണിത്. ആശോകനും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അനിയൻ ചേട്ടൻ കോമ്പോയാണ് സുധീഷും അശോകനും. ഇവരുടെ കോമ്പിനേഷൻ സീനുകളൊക്കെ തിയറ്ററുകളിൽ പൊട്ടിച്ചിരി സമ്മാനിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, അഭിറാം, ശബരീഷ് വർമ ഒക്കെ കൂടി സിനിമയിൽ ഒരു കോമഡി ഫീൽ നിലനിർത്തുന്നുണ്ട്. ജഗദീഷ് അൽപം സീരിയസ് ആയ വേഷമാണ് ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ചില സമയങ്ങളിൽ നിനച്ചിരിക്കാതെ ചിരി നിറച്ചത് ജഗദീഷിന്റെ മറുപടികളാണ്.
എൽദോസ് എന്ന കഥാപാത്രത്തിനായി രാജേഷ് മാധവൻ തന്റെ മാക്സിമം എഫേർട്ടും എടുത്തിട്ടുണ്ട് എന്നതിന് തെളിവാണ് ധീരന്‍. അത്രയും ഗംഭീരമായ പെർഫോമൻസ് ആണ് രാജേഷ് സിനിമയിൽ കാഴ്ചവെച്ചിട്ടുള്ളതും. അതേമസമയം, ഇതുവരെ കാണാത്ത ലുക്കിലാണ് വിനീത് എത്തിയിരിക്കുന്നത്. ധൈര്യം പേടിയായി മാറിയ അബൂബക്കർ എന്ന വേഷം വിനീത് തന്റെ കയ്യിൽ ഭദ്രമാക്കി വച്ചിട്ടുണ്ട്. കുറച്ച് സീനുകളിലെ ഉള്ളൂവെങ്കിലും സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിച്ച ഗിരീഷ് എന്ന കഥാപാത്രം പ്രേക്ഷക മനസിൽ തങ്ങി നിൽക്കും. അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ(വില്ലൻ), തമിഴ് താരം ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി തുടങ്ങിയവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ദേവദത്ത് ഷാജി സംവിധായകന്റെ മേലങ്കി ധരിച്ചിരിക്കുന്നത്. ആ കാത്തിരിപ്പിന് യാതൊരുവിധ പോറലും സംഭവിച്ചിട്ടില്ലെന്ന് തന്നെ പറയാം. കോമഡി, ആക്ഷൻ, ഇമോഷൻസ്, പ്രണയം എല്ലാം ഒരുപോലെ കോർത്തിണങ്ങിയ ധീരന്റെ രചനയും ദേവദത്തിന്റേത് തന്നെയാണ് നിര്‍വഹിച്ചത്. പ്രേക്ഷകന്റെ ശ്രദ്ധ ഒരുനിമിഷം പോലും പാളി പോകാതിരിക്കാൻ ദേവദത്ത് ശ്രമിച്ചിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. മുജീബ് മജീദ് ആണ് സിനിമയുടെ ധീരന്റെ സംഗീതം ചെയ്തിരിക്കുന്നത്. പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പ്രത്യേകിച്ച് മാസ് ക്ലൈമാക്സ് ഫൈറ്റിലെല്ലാം. ആകെ മൊത്തത്തിൽ പഴയ നൊസ്റ്റാൾജിക് ഗാങ്ങിനൊപ്പം ന്യൂജൻ പയ്യന്മാരും കൂടി ചേർന്ന് ധീരൻ ഗംഭീര തിയറ്റർ എക്സ്പീരിയൻസ് നൽകിയിട്ടുണ്ട്.