
ഷൈൻ ടോം ചാക്കോ മണിക്കുട്ടന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് 'ദി പ്രൊട്ടക്ടർ'. ജി. എം മനു സംവിധാനം ചെയ്ത് ചിത്രം അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്നു. ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഐരവാതകുഴി എന്ന ഗ്രാമത്തിന്‍റെ പാശ്ചത്തലത്തിലാണ് 'ദി പ്രൊട്ടക്ടർ' എന്ന സിനിമ അവതരിപ്പിക്കപ്പെടുന്നത്. അവിടുത്തെ പൗരാണിക കുടുംബമാണ് മനയ്ക്കല്‍ തറവാട്. അവിടെ കാരണവന്മാര്‍ ഏല്‍പ്പിച്ച ദൗത്യവുമായി ഇന്നും ജീവിക്കുന്നവരാണ് സുദേവനും കുടുംബവും അവരുടെ രണ്ട് മക്കളും. എന്നാല്‍ വിധിയുടെ വിളയാട്ടം പോലെ ഒരു രാത്രിയില്‍ സുദേവനും ഭാര്യയും കൊല്ലപ്പെടുന്നു. മൂത്തമകന്‍ അപ്രത്യക്ഷനാകുന്നു. അനാഥയാകുന്ന ആവണി എന്ന കുട്ടിയെ ഒരു വൈദ്യന്‍ ഏറ്റെടുത്തു വളര്‍ത്തുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ആവണി ആ നാട്ടിലെ പ്രിയപ്പെട്ടവളാണ്. ആ സമയത്താണ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്‍ സത്യ ആ നാട്ടില്‍ സിഐയായി ചാര്‍ജ് എടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനയ്ക്കലില്‍ നടന്ന കൊലപാതകത്തില്‍ അടക്കം സത്യയ്ക്ക് ഇപ്പോഴും താല്‍പ്പര്യമുണ്ട്. ഈ ഘട്ടത്തിലാണ് വീണ്ടും മനയ്ക്കല്‍ വീട്ടില്‍ ഒരു കൊലപാതകം നടക്കുന്നത്. ഇതോടെയാണ് 'ദി പ്രൊട്ടക്ടർ' എന്ന ചിത്രത്തിലെ ട്വിസ്റ്റുകള്‍ ചുരുള്‍ അഴിയുന്നത്.
ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ പോലെ ആരംഭിച്ച് ഒരു ക്രൈം ത്രില്ലറായി പരിണമിക്കുന്ന രീതിയിലാണ് ചിത്രത്തെ തിരക്കഥകൃത്ത് അജേഷ് ആന്‍റണി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ അത് സംവിധായകന്‍ ജിഎസ് മനു അണിയിച്ചൊരുക്കുന്നുമുണ്ട്. മണിക്കുട്ടന് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം തന്നെയുണ്ട്.
തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡയാനയാണ് ചിത്രത്തില്‍ പരിചയപ്പെടുത്തുന്ന പുതുമുഖ നായിക.
ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്‍റണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ എന്നീ സാങ്കേതിക വിഭാഗങ്ങളും ചിത്രത്തിന് മികച്ച സംഭാവന നല്‍കുന്നുണ്ട്. എന്തായാലും പ്രേക്ഷകര്‍ക്ക് ത്രില്ലടിക്കാനുള്ള വക നല്‍കുന്ന ഒരു ക്രൈം ത്രില്ലറാണ് 'ദി പ്രൊട്ടക്ടർ'