
'അടി കപ്യാരേ കൂട്ടമണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം. ഇതായിരുന്നു അടിനാശം വെള്ളപ്പൊക്കത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടകം. മുൻ ചിത്രത്തെ പോലെ തന്നെ കോമഡിയുടെ അകമ്പടിയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെങ്കിലും സമൂഹത്തിൽ നടക്കുന്ന ലഹരി മാഫിയയ്ക്ക് എതിരെയുള്ളൊരു പോരാട്ടം കൂടിയാണ് സിനിമ. കോടികൾ വിലയുള്ള ഹാഷിഷ് ഓയിലിന് വേണ്ടി മാഫിയ ഡോണുകൾ തമ്മിൽ നടക്കുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം.
അടിനാശം വെള്ളപ്പൊക്കത്തിൽ രണ്ട് ഗ്യാങ്ങുകളാണ് ഉള്ളത്. ഒന്ന് ഗഞ്ചാ കറുപ്പ് ഗ്യാങ്ങും മറ്റൊന്ന് കൊളമ്പസ് ഗ്യാങ്ങും. ഈ രണ്ട് കൂട്ടരും ഓടി നടക്കുന്നത് മാർക്കറ്റിൽ കോടികൾ വിലയുള്ള ബ്ലാക് അഫ്ഗാനി എന്ന ഹാഷിഷ് ഓയിലിന് വേണ്ടിയാണ്. ഇവരെ പിടികൂടാനായി പൊലീസ് സംഘവും പിന്നാലെയുണ്ട്. ബ്ലാക് അഫ്ഗാനിയെ കുറിച്ച് തുടങ്ങുന്ന ചിത്രം പിന്നീട് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് ഒരു കോളേജ് ക്യാമ്പസിലേക്കാണ്. ഇവിടെയുള്ള കുട്ടികളുമായി ബ്ലാക് അഫ്ഗാനിക്കുള്ള ബന്ധവും അത് കണ്ടെത്താനായി കൊളമ്പസ് എത്തുന്നതും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് അടിനാശം വെള്ളപ്പൊക്കത്തിന്റെ പ്രമേയം.
സിനിമയിലെ ഹൈലൈറ്റ് എന്ന് പറയുന്നത് അഭിനേതാക്കളാണ്. ഒരു രംഗത്തിൽ വന്ന് പോകുന്നവർ മുതൽ മുഴുനീളെ കഥാപാത്രങ്ങൾ ചെയ്തവർ വരെ മനോഹരമായി തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ച് ഫലിപ്പിച്ചിരിക്കുന്നു. കൊളമ്പനാട്ടുകര സണ്ണി എന്ന കൊളമ്പസ്(ഷൈൻ ടോം ചാക്കോ), എസ്പി(പ്രേം കുമാര്), ഗഞ്ചാ കറുപ്പ്(ജോൺ വിജയ്), സെബാസ്റ്റ്യൻ സേവ്യർ(അശോകൻ), ചേതൻ കുമാർ(ശ്രീകാന്ത് വെട്ടിയാർ), ഷീല സ്കറിയ(മഞ്ജു പിള്ള), വരുൺ, ബെന്നി, ഉലഹന്നാൻ(ബൈജു) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
അടിനാശം വെള്ളപ്പൊക്കത്തിന്റെ ഹൈലൈറ്റ് ക്ലൈമാക്സ് ആണ്. പണ്ടുകാലത്ത് വെട്ടം പോലുള്ള സിനിമകളിൽ കണ്ടുപരിചിതമായ തരത്തിലുള്ളൊരു ക്ലൈമാക്സ് ആണ് ചിത്രത്തിലുള്ളത്. പ്രേക്ഷകരെ തിയറ്ററുകളിൽ കുടുകുടെ ചിരിപ്പിക്കാൻ ക്ലൈമാക്സിന് സാധിക്കും എന്നത് നൂറ് ശതമാനം ഉറപ്പാണ്. അതുവരെ ചെറിയ ചെറിയ കോമഡികളുമായി മുന്നേറിയ ചിത്രം ക്ലൈമാക്സിൽ പീക്കിൽ എത്തിച്ചുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ആകെ മൊത്തത്തിൽ കണ്ടിരിക്കാവുന്നൊരു കൊച്ചു ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം.