
പ്രെഡിക്ടബിൾ അല്ലാത്ത സാഹചര്യങ്ങളിലൂടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഒരു ത്രില്ലർ സിനിമയുടെ വിജയത്തെ തീരുമാനിക്കുന്ന ഘടകവും ഇത് തന്നെ. പ്രേക്ഷകർക്ക് ഒരുതരത്തിലും പിടിതരാത്ത മെഡിക്കൽ ത്രില്ലർ ചിത്രമാണ് നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നിർവഹിച്ച് സിജു വിൽസൺ, അശ്വിൻ കുമാർ, ജഗദീഷ്, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ് തുടങ്ങിയവർ പ്രധാന താരങ്ങളായ ഡോസ്. ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും അവയുടെ നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്ന വിഷയം. അവിടെ നടക്കുന്ന മരണങ്ങളിലെ അസ്വഭാവികത അന്വേഷിച്ചു പോകുന്ന ചിത്രം ക്രൈം, ഇൻവെസ്റ്റിഗേഷൻ, സൈക്കോളജിക്കൽ ആസ്പെക്ടുകളിലൂടെയും സഞ്ചരിക്കുന്നു.
ഡോ. പ്രകാശ് ഒരു പൾമണോളജിസ്റ്റാണ്, ഭാര്യ രാഗിത ശ്വാസകോശ രോഗവുമായി മല്ലിടുന്നയാളും. ഡോ. അരുന്ധതി പ്രകാശിന്റെ അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാർഡിയോളജി സർജനാണ്. പ്രകാശും അരുന്ധതിയും മുൻപ് പ്രണയിച്ചിരുന്നവരും ചില കാരണങ്ങളാൽ പിരിയേണ്ടി വന്നവരുമാണ്. ഇരുവരും തങ്ങളുടെ പഴയകാലത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ, അവർ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിരവധി സംഭവങ്ങൾ നടക്കുന്നു. ഒന്നിലധികം രോഗികൾ സമാനമായ രീതിയിൽ മരണപ്പെടുന്നതും ഇതിനു പിന്നാലെയുള്ള അന്വേഷണങ്ങളാണ് ഡോസ് എന്ന് പറയാം.
ഒരു തരത്തിലും പിടിതരാത്ത തിരക്കഥയ്ക്ക് അഭിനേതാക്കളുടെ പ്രകടനങ്ങൾ മികവ് കൂട്ടുന്നുണ്ട്. ഡോ. പ്രകാശ് ആയി സിജു വിൽസണും അരുന്ധതിയായി ദൃശ്യയും എത്തുന്നു. കൃഷ കുറുപ്പാണ് രാഗിതയുടെ കഥാപാത്രത്തെ ആതരിപ്പിക്കുന്നത്. അശ്വിൻ ചിത്രത്തിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആണ്. അയാൾ കണ്ടെത്തുന്ന കാര്യങ്ങളാണ് ആശുപത്രിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നത്. അയാളുടെ കണ്ടെത്തലുകൾക്കൊപ്പം മാത്രമേ പ്രേക്ഷകർക്കും അതിലേക്കെത്താനാകൂ എന്നതാണ് ചിത്രത്തിൻ്റെ വിജയം.
ത്രില്ലറിനെ പ്ലേസ് ചെയ്യാനുള്ള പശ്ചാത്തലം ഒരുക്കുകയാണ് ആദ്യ പകുതിയിൽ സംവിധായകൻ. പതുക്കെ തുടങ്ങി സെക്കന്റ് ഹാഫിലേക്ക് കടക്കുമ്പോൾ ആണ് സിനിമ അതിൻ്റെ മൊമെന്റം ഷിഫ്റ്റ് ചെയ്യുന്നത്. വ്യത്യസ്തമായ ദിശകളിലേയ്ക്ക് പ്രേക്ഷകരെ നയിക്കാൻ പല ട്രാക്കുകൾ സ്വീകരിച്ചിട്ടുണ്ട് തിരക്കഥ. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന സിനിമകളുടെ കുത്തൊഴുക്കുള്ള മലയാള സിനിമയിൽ പുതിയ പരീക്ഷണമാണ് ഡോസ് സ്വീകരിച്ചത്.
വിഷ്ണു പ്രസാദ് ആണ് ഡോസിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്യാം ശരിധരനാണ് എഡിറ്റർ. സീനുകൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ബാക്ക് ഗ്രൗണ്ട് സ്കോർ കഥാഗതിയെ കൃത്യമായ ഇംപാക്റ്റൊടെ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. ഗോപി സുന്ദറിൻ്റെ സംഗീതത്തിൽ മനോഹരമായ ഗാനങ്ങളും ഡോസിലുണ്ട്. മെഡിക്കൽ മേഖലയിൽ നടക്കുന്ന സാധരണമെന്ന് തോന്നാവുന്ന സംഭവങ്ങളിലെ അസ്വഭാവികതകളെക്കുറിച്ച് കൂടി ചിന്തിപ്പിക്കുന്നുണ്ട് ഡോസ്. മടുപ്പിക്കാത്ത ഒരു സസ്പെൻസ് ത്രില്ലർ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് എന്തായാലും ഡോസ് തിയേറ്ററുകളിൽ പരിഗണിക്കാം.