ടോട്ടൽ ഫൺ പാക്കേജ്, തിയേറ്ററുകളിൽ 'അതിരടി' തകർത്ത് ആഘോഷം; റിവ്യൂ

Published : May 14, 2026, 01:06 PM ISTUpdated : May 14, 2026, 01:20 PM IST
Athiradi

Synopsis

ഹ്യൂമറിനെയും ഇമോഷനേയും കൃത്യമായ അളവിൽ ചേർത്തുവച്ച തിരക്കഥയാണ് അതിരടിയുടെ ശക്തി.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു എന്ന അറിയിപ്പോടെ പ്രഖ്യാപന കാലം മുതൽ മലയാളി പ്രേക്ഷകർക്കിടയിൽ ചർച്ചയായ ചിത്രമാണ് 'അതിരടി' . സംവിധായകനായും നടനായും ഒരിക്കലും മോശം പറയിച്ചിട്ടില്ലാത്ത ബേസിൽ ജോസഫ് നിർമ്മാതാവായി അരങ്ങേറ്റം കുറിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുൺ അനിരുദ്ധൻ ആണ്. പേര് കേൾക്കുമ്പോൾ ഔട്ട് ആൻഡ് ഔട്ട് ഇടിപ്പടമാകും എന്ന് തോന്നുമെങ്കിലും മാസും കോമഡിയും ആഘോഷങ്ങളും ഒക്കെയായി ഫുള്ളി പാക്ക്ഡ് തിയേറ്റർ എക്സ്പീരിയൻസ് ആണ് അതിരടി. 

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ കൂടെ കൂട്ടാൻ കഥയ്ക്ക് ആകുന്നതാണ് പ്രധാന പ്ലസ് പോയിന്റ്. സിനിമ ആരംഭിക്കുന്നത് തന്നെ വലിയ ഇമോഷണൽ ഹുക്ക് പ്രേക്ഷകന് നൽകി കൊണ്ടാണ്. ഒരേപേസ് പിടിക്കാതെ ഉയർന്നും താഴ്ന്നും പതിഞ്ഞും, കരഞ്ഞും കയ്യടിച്ചും ആരവങ്ങൾ തീർത്തും കണ്ടനുഭവിക്കാൻ പക്കാ തിയേറ്റർ വാച്ച് ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

അടുത്തകാലത്ത് കൊച്ചിയിലെ പ്രശസ്തമായ ഒരു ക്യാമ്പസിൽ നടന്ന ദാരുണമായ സംഭവങ്ങളെ ഓർമിപ്പിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ആദ്യ സീനുകളിൽ പ്രേക്ഷകർ സിനിമയിലേക്ക് ഇൻ ആകും. ഈ സംഭവം തന്നെയാണ് കഥയെ ക്യാമ്പസ് ട്രാക്കിൽ ഉടനീളം മുന്നോട്ടു കൊണ്ടുപോകുന്നതും. തന്റെ സഹോദരൻ പഠിച്ച സ്വകാര്യ എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആവുകയാണ് ബേസിൽ ജോസഫിന്റെ സാംകുട്ടി എന്ന കഥാപാത്രം. കോളേജിൻ്റെ അഭിമാനമായ ഒരു ഫെസ്റ്റ് ചിലകാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നതും അത് നടത്തിയെടുക്കാൻ സാംകുട്ടി നടത്തുന്ന പ്രയത്നങ്ങളും ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

ഫെസ്റ്റ് നടത്തുക എന്ന ആഗ്രഹം സാംകുട്ടിക്ക് അല്പം വ്യക്തിപരം കൂടിയാകുന്നത് എങ്ങനെയാണെന്നതാണ് അതിരടിയുടെ ഇമോഷണൽ ട്രാക്ക്. ഇതിന് പാരലൽ ആയാണ് ടോവിനോയുടെ തോട്ട കുട്ടൻ എന്ന കഥാപാത്രം വരുന്നത്. വലിയ കേസുകളിൽ പ്രതിയായ, നാട്ടുകാരെയും പോലീസിനെയും വിറപ്പിച്ച, ഗുണ്ടാ പശ്ചാത്തലം ഉള്ള കുട്ടൻ വിവാഹത്തിനുശേഷം കുടുംബമായി, ഗായകൻ ആകണം എന്ന മോഹവും പൊടിതട്ടിയെടുത്ത് നാട്ടിൽ അമ്പലവും പരിപാടികളുമായി കൂടിയിരിക്കുകയാണ്. ഫെസ്റ്റ് ഫ്ലാഗ് ഓൺ ചെയ്യുന്ന ദിവസം തന്നെയാണ് കുട്ടന്റെ അമ്പലത്തിലെ ഉത്സവ ഘോഷയാത്രയും തുടങ്ങുന്നത്. അതിനിടയിൽ ഉണ്ടാകുന്ന ചെറിയ അടിപിടി പിന്നീട് ഫെസ്റ്റ് മുടങ്ങാൻ കാരണമാകും എന്ന ഘട്ടത്തിൽ ആണ് സാം കുട്ടിയും തോട്ട കുട്ടനും തമ്മിൽ പ്രശ്നങ്ങൾ കനക്കുന്നത്. സംഘട്ടന രംഗങ്ങളെ പോലും ഫൺ ട്രാക്കിനൊപ്പം പ്ലേസ് ചെയ്ത് മുഴുവൻ നേരവും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യാൻ സംവിധായകനായിട്ടുണ്ട്.

രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുണ്ട് ചിത്രത്തിന്. രണ്ടാം പകുതിയിൽ എത്തുമ്പോൾ ചിത്രം കൂടുതൽ സംഭവബഹുലമാവുകയും വേഗം കൈവരിക്കുകയുമാണ്. ബേസിലും ടോവിനോയും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്. രണ്ടാം പകുതിയിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും എത്തി സാഹചര്യങ്ങളെ കൂടുതൽ രസകരമാക്കുന്നു. വിഷ്ണു അഗസ്ത്യയുടെ കഥാപാത്രമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം. റിയാ ഷിബുവിന്റെ സ്വാതിയും സാംകുട്ടിയുമായുള്ള ലൗ ട്രാക്കും സിനിമയെ രസമുള്ള അനുഭവമാക്കുന്നുണ്ട്. ചില സിനിമകളുടെയും സോഷ്യൽ മീഡിയയിലെയും റഫറൻസുകളെ രസകരമായി പ്ലേസ് ചെയ്തു പോകാൻ അതിരടിക്കായി. അവയെല്ലാം തന്നെ വർക്കൗട്ട് ആകുന്നത് തിയേറ്ററിൽ തുടർച്ചയായി ചിരി പടർത്തുന്നുണ്ട്. സിനിമയുടെ താളം പതിഞ്ഞതാകുന്നു എന്ന് പ്രേക്ഷകനു തോന്നുന്ന അതേനിമിഷം പ്ലേസ് ചെയ്തിരിക്കുന്ന 'സ്പെഷ്യൽ കാമിയോ' തീയറ്ററിനെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പ് ആക്കുകയായിരുന്നു. 

ഹ്യൂമറിനെയും ഇമോഷനേയും കൃത്യമായ അളവിൽ ചേർത്തുവച്ച തിരക്കഥയാണ് അതിരടിയുടെ ശക്തി. ക്യാമ്പസ് ഗെറ്റപ്പിൽ പാളി പോകാൻ സാധ്യതയുള്ള സാംകുട്ടി എന്ന കഥാപാത്രത്തെ രക്ഷിച്ചെടുക്കുന്നത് ബേസിൽ ജോസഫിന്റെ യങ് എനർജി ആണ്. ടൊവിനോയുടെ കരിയറിലെ വ്യത്യസ്തമായ ശ്രമമാണ് ശ്രീക്കുട്ടൽ വെള്ളായനി. വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും തിയേറ്ററിൽ ചിരി പടർത്തി. ദർശന രാജേന്ദ്രൻ, സെറിൻ ശിഹാബ്, ജിയോ ബേബി, പി സുകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അതിവേഗം സഞ്ചരിക്കുന്ന കഥാഗതിക്ക് കൃത്യമായ താളം നൽകുകയാണ് ചമൻ ചാക്കോയുടെ എഡിറ്റിംഗ്. ഗ്രാൻഡ് ആയ വിഷ്വലുകളും വൈബ്രൻസുമാണ് സാമുവൽ ഹെൻറി ചിത്രത്തിന് നൽകുന്നത്. വിഷ്ണു വിജയുടെ പശ്ചാത്തല സംഗീതവും മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്നുണ്ട്. റിയലിസ്റ്റിക് ആയി ക്യാമ്പസിനെ അവതരിപ്പിക്കുന്നതിനൊപ്പം സിനിമയുടെ ലാർജർ ഡാൻസ് ലൈഫ് മൊമന്റുകളെയും മനോഹരമായി ബ്ലെൻഡ് ചെയ്തു അതിരടി.

ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധാന അരങ്ങേറ്റം, ഒപ്പം കാതൽ- ദ കോർ, നെയ്മർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് പോൾസൺ സ്‌കറിയയും സംവിധായകനും ചേർന്നാണ് അതിരടിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസ്സും ചേർന്നാണ് നിർമ്മാണം. കോമഡിയും സ്റ്റണ്ടും ആഘോഷങ്ങളുമായി തിയേറ്ററുകളിൽ ആഘോഷിച്ചു കണ്ടിരിക്കാൻ അതിരടിക്ക് ടിക്കറ്റെടുക്കാം.

PREV
Read more Articles on
click me!

Recommended Stories

ജീത്തു ജോസഫ് സ്കൂളിൽ നിന്ന് 'ദൃഢം', ക്ലീൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; റിവ്യൂ
സിനിമയ്ക്കുള്ളിലെ ഒരു പുതിയ സൂപ്പർ ഹീറോ; 'റിവോൾവർ റിങ്കോ' റിവ്യു