മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 3 റിവ്യൂ. Drishyam 3 movie review starring Mohanlal Jeethu Joseph
മലയാള സിനിമാ ചരിത്രത്തിലെ നാഴികകല്ലായി മാറിയ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. 2013 ൽ മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമെന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയും, മലയാളത്തിലെ ക്രൈം- ത്രില്ലർ ചിത്രങ്ങളുടെ പരമ്പരാഗതമായ വാർപ്പുമാതൃകകളെ പൊളിച്ചെഴുതുകയും ചെയ്ത ദൃശ്യം ഇന്നും ആഘോഷിക്കപ്പെടാൻ ഒറ്റ കാരണമേയുള്ളൂ- സിനിമയുടെ പഴുതടച്ച

മേക്കിങ്. അതുകൊണ്ട് തന്നെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും മുൻവിധികൾക്കും കുറവുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ദൃശ്യം 3 യ്ക്ക് ഉണ്ടായ പ്രീ സെയിൽ കണക്കുകൾ.
35 കോടി അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ മാത്രം ചിത്രം സ്വന്തമാക്കി എന്ന് പറയുന്നത് തന്നെയാണ് മോഹൻലാൽ എന്ന താരത്തിന്റെ ഉന്നതിയെ പ്രതിഫലിപ്പിക്കുന്നത്. റിലീസിന് മുൻപ് ഉണ്ടായ എല്ലാ പ്രീ റിലീസ് ഹൈപ്പുകളെയും തൃപ്തിപ്പെടുത്തുന്ന സിനിമാനുഭവമാണ് ദൃശ്യം 3 പ്രേക്ഷകന് സമ്മാനിക്കുന്നത്. സിനിമ തുടങ്ങി ആദ്യ നിമിഷം മുതൽ പ്രേക്ഷകനും ജോർജുകുട്ടിക്കും കുടുംബത്തിനുമൊപ്പം സഞ്ചരിക്കും. ജോർജ്ജുകുട്ടിയുടെ സങ്കടവും ഭയവും പ്രേക്ഷകന്റേത് കൂടിയാണ്. ജോർജ്ജുകുട്ടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ചിന്ത പ്രേക്ഷനിൽ സൃഷ്ടിച്ചെടുക്കാൻ സംവിധായകന് സാധിച്ചു എന്നതാണ് ദൃശ്യം ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ വിജയം. സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ മോഹൻലാൽ തന്നെ പറയുന്നുണ്ട്, ഗീത പ്രഭാകറിന് നീതി ലഭിക്കണമെന്നും ഒരു പ്രേക്ഷകന് എന്ന നിലയിൽ താൻ അവരുടെ കൂടിയാണെന്നും. അത്തരത്തിൽ ഓരോ കഥാപാത്രത്തിന്റെയും വൈകാരിക തലത്തിലൂടെയാണ് ദൃശ്യം 3 സഞ്ചരിക്കുന്നത്.
ദൃശ്യം 2 എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് ദൃശ്യം 3 തുടങ്ങുന്നത്. സാമ്പത്തികപരമായി ജോർജുകുട്ടിയും കുടുംബവും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അയാൾ ഇന്നൊരു സിനിമ നിർമ്മാതാവ് കൂടിയാണ്. ആദ്യ സിനിമയുടെ വിജയം അയാളെ ഭ്രമിപ്പിക്കുന്നില്ല. അയാൾക്ക് മനസറിഞ്ഞ് സന്തോഷിക്കാൻ കൂടി സാധിക്കുന്നില്ല. ഭൂതകാലം അയാളിലെ സന്തോഷത്തെയും സമാധാനത്തെയും വേട്ടയാടാൻ തന്നെ തുനിഞ്ഞിറങ്ങിയതാണ് എന്നത് തന്നെയാണ് ദൃശ്യം 3 സിനിമ തുടങ്ങി കുറച്ച് നിമിഷങ്ങളിൽ തന്നെ പ്രേക്ഷകർക്ക് മനസിലാക്കികൊടുക്കുന്നത്.

കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങൾ
ഓരോ കഥാപാത്രത്തിന്റെയും ഒരു ചെറിയ ഇടപെടൽ പോലും വലിയ മാറ്റമാണ് ജോർജ്ജുകുട്ടിയുടെ ജീവിതത്തിൽ കൊണ്ടുവരുന്നതെന്ന് നമ്മൾ ദൃശ്യത്തിൽ കണ്ടതാണ്. ചായക്കടക്കാരനും, ബസ് കണ്ടക്ടറും, ഹോട്ടൽ മുതലാളിയും, ലോഡ്ജിലെ ജീവനക്കാരനും അടക്കം വന്നുപോവുന്ന ഒരോ കഥാപാത്രവും അത്തരത്തിൽ സിനിമയുടെ കഥാഗതിയിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ദൃശ്യം 3 യിലേക്ക് വരുമ്പോൾ മുൻ ചിത്രങ്ങളുടെ തുടർച്ചയെന്നോണം ഓരോ കഥാപാത്രവും അവരുടെ ചെയ്തികളും തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന ചിന്ത അവരെ വേട്ടയാടുന്നുണ്ട്. പലരും അതിൽ പശ്ചാത്തപിക്കുന്നുണ്ട്, പലർക്കും പല ചെയ്തികളും തെറ്റാണെന്ന് തോന്നുന്നുണ്ട്. അത്തരത്തിൽ ഓരോ കഥാപാത്രത്തിന്റെയും മാനസിക- വൈകാരിക തലങ്ങൾക്കാണ് ദൃശ്യം 3 പ്രാധാന്യം നൽകിയിരിക്കുന്നത്.
ഭൂതകാലം തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ അയാൾ വീണ്ടും തന്റെ കുടുംബം സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കുകയാണ്. ആ നാലാം ക്ലാസുകാരൻ തന്റെ വാക്കുപാലിച്ചു. മോഹൻലാലിന്റെ സൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. ജോർജ്ജുകുട്ടിയുടെ എല്ലാ വൈകാരിക തലങ്ങളും മോഹൻലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. ഭയം എന്ന വികാരത്തെ ഒരു നോട്ടം കൊണ്ടും, ഞെട്ടലുകൾ കൊണ്ടും അദ്ദേഹം ഗംഭീരമാക്കുന്നു. നിസ്സഹായത, സ്നേഹം, കരുണ, ക്രൗര്യം തുടങ്ങീ എല്ലാം അയാളിൽ വന്നുപോകുന്നു.
എന്നിരുന്നാലും പലപ്പോഴും റിയലിസ്റ്റിക് അല്ലാത്ത പല കാര്യങ്ങൾ കൊണ്ടും സിനിമ മുന്നോട്ട് പോകുമ്പോൾ വളരെ മടുപ്പിക്കുന്നതായും തോന്നുന്നുണ്ട്. മോഹൻലാലിന്റെ പ്രകടനം മാറ്റിനിർത്തിയാൽ ഫ്രാഞ്ചൈസിയുടെ തുടർച്ചയ്ക്കായി ഒരുക്കിയ ഒരു ഇടത്തരമായ ഒരു ചിത്രമെന്നും ദൃശ്യം 3 യെ വിശേഷിപ്പിക്കാം. ഗംഭീരമായ തിരക്കഥകൊണ്ടും അതിന്റെ എക്സിക്യൂഷൻ കൊണ്ടും ഞെട്ടിച്ച സിനിമയാണ് ദൃശ്യം. എന്നാൽ അലസമായ എഴുത്തുകൊണ്ടും, തന്റെ തന്നെ സ്ഥിരം ശൈലിയുടെ ആവർത്തനം കൊണ്ടും ഗംഭീരമാവേണ്ടിയിരുന്ന ദൃശ്യം 3 യിൽ അതിന്റെ ബോക്സ് ഓഫീസ് കളക്ഷൻ മാത്രമാവാം വരും ദിവസങ്ങളിൽ ആരാധകർക്ക് ആഘോഷിക്കാനായി അവശേഷിക്കാൻ പോകുന്നത്!



