ആവേശം തിരക്കഥാകൃത്ത് ജിത്തു മാധവനുമായി ചേർന്ന് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രമാണ് ബാലൻ. 

ആവേശം സംവിധായകന്‍റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍റെ അടുത്ത ചിത്രം. ബാലന്‍ എന്ന ചിത്രത്തിന് അതിന്‍റെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ ലഭിക്കാന്‍ മറ്റൊരു കാരണം വേണ്ടിയിരുന്നില്ല. മഞ്ഞുമ്മല്‍ ബോയ്സ് പോലെ മലയാള സിനിമയുടെ സീന്‍ തന്നെ മാറ്റിയ ഒരു ചിത്രത്തിന് ശേഷം ചിദംബരം ചെയ്യുന്ന സിനിമയേത് എന്ന സിനിമാപ്രേമികളുടെയും കൗതുകകരമായ കാത്തിരിപ്പിനൊടുവില്‍ പ്രഖ്യാപിക്കപ്പെട്ട സര്‍പ്രൈസ് പ്രോജക്റ്റ് ആയിരുന്നു ഇത്. ഛായാഗ്രാഹകന്‍, സംഗീത സംവിധായകന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍, എഡിറ്റര്‍ തുടങ്ങി സാങ്കേതിക മേഖലകളില്‍ മഞ്ഞുമ്മലിലെ അതേ ടീമിനെ നിലനിര്‍ത്തിയിരിക്കുന്ന ചിദംബരം ഇക്കുറി പക്ഷേ കേന്ദ്ര കഥാപാത്രങ്ങളാക്കിയിരിക്കുന്നത് പുതുമുഖങ്ങളെയാണ്. മഞ്ഞുമ്മലിലേതുപോലെ തന്നെ ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടര്‍. ജാന്‍.എ.മന്നും മഞ്ഞുമ്മല്‍ ബോയ്സും പോലെ ഇത്തവണയും മനുഷ്യ വികാരങ്ങളിലേക്കാണ് ചിദംബരം ഫോക്കസ് ചെയ്യുന്നത്. അത് മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത, വേറിട്ടൊരു റൂട്ടിലൂടെയാണ് എന്ന് മാത്രം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പല ദേശങ്ങളില്‍ പല പേരുകളില്‍ സ്വയം പരിചയപ്പെടുത്തുന്ന ഒരു അമ്മയും അവരുടെ കുഞ്ഞു മകനും. ആരെന്നും എന്തെന്നും ചോദിക്കുന്നവരോട് ഓരോ ഇടങ്ങളില്‍ ഓരോ കഥയും അമ്മ പറയുന്നുണ്ട്. അമ്മ പരിശീലിപ്പിക്കുന്നതുപോലെ മകനും. പലപ്പോഴും തൊട്ടുമുന്‍പ് കണ്ട ആരുടെയെങ്കിലും ഐഡന്‍റിറ്റി സ്വന്തമാക്കിയാണ് ആ സ്ത്രീ മുന്നോട്ട് പോകുന്നത്. പലവിധ തൊഴിലുകള്‍ ചെയ്ത്, എവിടെയും ഉറയ്ക്കാതെ ഒരു പായ്വഞ്ചി കണക്കെ മുന്നോട്ടുപോകുന്ന അവരുടെ കഥയാണ് ബാലന്‍. കേന്ദ്ര കഥാപാത്രങ്ങളെ നമ്മുടെ മുന്നില്‍ അവതരിപ്പിച്ച്, എന്നാല്‍ അവരുടെ ഭൂതകാലത്തെക്കുറിച്ച് അധികം പറയാതെ, വ്യാഖ്യാന സാധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് ചിദംബരം ബാലന്‍റെയും അവന്‍റെ അമ്മയുടെയും പിന്നാലെ പോകുന്നത്. ഭൂതകാലത്തില്‍ നിന്നും അകലേയ്ക്ക് ഓടിക്കൊണ്ടിരിക്കുന്ന അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില സാഹചര്യങ്ങള്‍ വന്നുചേരുകയാണ്. അത് ആ അമ്മയുടെയും മകന്‍റെയും മുന്നോട്ടുള്ള ജീവിതത്തിന്റെ ദിശ നിശ്ചയിക്കുന്നതാണ് ബാലന്‍ കാണിച്ചുതരുന്നത്.

ജാന്‍.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയേക്കാളൊക്കെ കുറച്ചുകൂടി അടിസ്ഥാനപരമായ വികാരങ്ങളാണ് ബാലനിലൂടെ ചിദംബരം പങ്കുവെക്കുന്നത്. അമ്മ- മകന്‍ ബന്ധത്തിലൂന്നി ഒരു മനുഷ്യന്‍റെ വളര്‍ച്ചാ ഘട്ടത്തില്‍ സാഹചര്യങ്ങള്‍ എങ്ങനെയൊക്കെ സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ ആവിഷ്കാരം കൂടിയാണ് ചിത്രം. വര്‍ക്കിംഗ് ക്ലാസ് ലൈഫ് സിനിമകളില്‍ എപ്പോഴും നന്നായി അടയാളപ്പെടുത്താറുള്ള ചിദംബരം ഇക്കുറി കുറേക്കൂടി താഴേത്തട്ടിലുള്ള, സമൂഹം കൃത്യമായ അകലം പാലിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്ന മനുഷ്യരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കണ്ടിരിക്കെ കാണികളുടെ ഏറ്റവും സെന്‍സിറ്റീവ് ആയ ഇമോഷനെ തൊടുന്ന ചിത്രം എന്താവും അടുത്ത നിമിഷത്തില്‍ ഈ അമ്മയെയും മകനെയും കാത്തിരിക്കുന്നതെന്ന ഭയം കലര്‍ന്ന ത്രില്ലും സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ ഇമോഷനും ത്രില്ലും അസാധാരണമാംവിധം കലര്‍ത്തിയുള്ളതാണ് ജിത്തു മാധവന്‍റെ തിരക്കഥ.

ആദ്യം കൈയടി അര്‍ഹിക്കുന്ന ഘടകം ചിത്രത്തിന്‍റെ കാസ്റ്റിംഗ് ആണ്. ട്രെയ്‍ലര്‍ വന്നപ്പോഴേ പ്രേക്ഷകരുടെ കണ്ണില്‍ രജിസ്റ്റര്‍ ചെയ്ത അമ്മയും മകനുമായിരുന്നു ഇത്. ബാലനായി ആദിശേഷനും അമ്മയായി ഫര്‍സാന പാലത്തിങ്കലും ഒപ്പം ബാലന്‍റെ കൗമാരഘട്ടം അവതരിപ്പിക്കുന്ന മുഹമ്മദ് സിനാനും. ആദ്യ കാഴ്ചയില്‍ത്തന്നെ ബോധ്യപ്പെടുത്തുക മാത്രമല്ല പ്രകടനത്തിലൂടെയും ഞെട്ടിച്ചിട്ടുണ്ട് ഇവര്‍ മൂന്ന് പേരും. ആഴവും ഭാരവുമുള്ള കോംപ്ലെക്സ് ഇമോഷനുകളിലൂടെ കടന്നുപോകുന്ന ചിത്രത്തെ ഈ മൂന്ന് പുതുമുഖങ്ങളും ചേര്‍ന്നാണ് ഷോള്‍ഡര്‍ ചെയിതിരിക്കുന്നത് എന്നത് അത്ഭുതകരമാണ്. ഇവര്‍ക്കൊപ്പം മറ്റ് കാസ്റ്റിംഗും കൗതുകകരവും കൃത്യമായി ലക്ഷ്യത്തില്‍ എത്തിയവയുമാണ്. ലാല്‍ ജൂനിയറിന്‍റെയും ഗിരീഷ് എഡിയുടെയും പൊലീസുകാര്‍, ബീന ആന്‍റണിയുടെ മുന്‍ തടവുകാരി, ടൊവിനോയുടെ കള്ളന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ ഏറ്റവും രസകരമായ ഭാഗത്തില്‍ വന്നുപോകുന്ന ഒരു മുത്തശ്ശി കഥാപാത്രവും പ്രകടനത്തില്‍ ഞെട്ടിക്കുന്നുണ്ട്.

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് പുറത്ത് ഏതൊരു സിനിമാപ്രേമിക്കും കണക്റ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയ്ക്കായി ഒരു ഇന്‍റര്‍നാഷണല്‍ വിഷ്വല്‍ ലാംഗ്വേജ് ആണ് ഷൈജു ഖാലിദ് ഒരുക്കിയിട്ടുള്ളത്. വയനാടിനെയും മറ്റും ഇതുവരെ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത തരത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് ഷൈജു. ഡിജിറ്റലില്‍ ഇരുട്ടിനെ ഏറ്റവും നന്നായി ചിത്രീകരിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി പകല്‍ ദൃശ്യങ്ങളിലാണ് വിസ്മയിപ്പിച്ചിരിക്കുന്നത്. ക്യാമറയുടെ സാന്നിധ്യം ഒരിക്കലും അറിയിക്കാതെ, അതേസമയം കഥ ആവശ്യപ്പെടുന്ന നിഗൂഢതയുടെ സൗന്ദര്യം ആവോളം പകരുന്നതാണ് ഷൈജുവിന്‍റെ ക്യാമറ. മഞ്ഞുമ്മല്‍ പോലെ തന്നെ ബാലനിലും അതിന്‍റെ അനുഭവത്തെ ലിഫ്റ്റ് ചെയ്യുന്ന ഒരു പ്രധാന ഘടകം സുഷിന്‍ ശ്യാമിന്‍റെ സംഗീതമാണ്. മൂന്ന് ഗാനങ്ങളാണ് ചിത്രത്തില്‍. താക്കോല്‍ എന്ന ഗാനമാണ് ബാലനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇനിയങ്ങോട്ട് കാണികളുടെ മനസിലേക്ക് ആദ്യം എത്തുക. പശ്ചാത്തല സംഗീതവും എടുത്ത് പറയണം. കോംപ്ലെക്സ് ആയ മൂഡ് സെറ്റിംഗും അതിന്‍റെ ട്രാവലും ആവശ്യമായ ചിത്രത്തില്‍ സുഷിന്‍റെ പശ്ചാത്തല സംഗീതം ചില്ലറയൊന്നുമല്ല ചിദംബരത്തെ സഹായിച്ചിരിക്കുന്നത്.

മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടുന്ന മലയാള സിനിമയുടെ ഈ നവകാലത്ത് ഏറ്റവും എണ്ണപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്കാണ് ബാലനും ഇടം പിടിക്കുന്നത്. ചിദംബരത്തിന്‍റെ കണ്‍വിക്ഷന്‍ ഫിലിംമേക്കര്‍ എന്ന നിലയിലുള്ള അയാളുടെ വളര്‍ച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ദേശാന്തരങ്ങള്‍ അനായാസം സഞ്ചരിക്കാനുള്ള നീക്കിയിരുപ്പ് ഉള്ള ചിത്രമാണ് ബാലന്‍. ഇനി എത്ര സിനിമകള്‍ ചെയ്താലും ചിദംബരത്തിന്‍റെ ഏറ്റവും മികച്ച സിനിമകളിലൊന്നായും വരും കാലങ്ങളില്‍ ബാലന്‍ അവിടെ ഉണ്ടാവും.

Kerala Budget 2026 | Asianet News Live | Malayalam Live News | Kerala News Updates | Breaking News