Toxic Review: ഇത് ടോട്ടൽ യഷ് പാക്കേജ്; 'മുതിർന്നവർക്ക്' വേണ്ടി മാത്രമുള്ള ഒരു ഗീതു മോഹൻദാസ് ചിത്രം

Published : Aug 26, 2026, 03:38 PM IST
Toxic Movie Review

Synopsis

Toxic Review. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' യഷിന്റെ ഒരു സമ്പൂർണ്ണ ആക്ഷൻ പാക്കേജാണ്. യഷ് ആരാധകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.

എന്ത് പറഞ്ഞിട്ടാവും ഗീതു മോഹൻദാസ് എന്ന ഡയറക്ടർ യഷ് എന്ന സുപ്രീം സ്റ്റാറിനെ കൺവിൻസ് ചെയ്തിട്ടുണ്ടാകുക— ടോക്സിക് എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതൽ സോഷ്യൽ മീഡിയയിൽ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ധാരാളം കേട്ടിട്ടുള്ള ചോദ്യമാണിത്. ആകെത്തുകയിൽ മൂന്ന് മണിക്കൂറിനപ്പുറം പോയി ഇടയ്ക്കൊക്കെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുമെങ്കിലും, ആദ്യപകുതി കൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം തരാൻ ഗീതു മോഹൻദാസ് എന്ന ഡയറക്ടർക്ക് കഴിഞ്ഞിട്ടുണ്ട്. അടി, ഇടി, വെടി, ചൂട്— എന്ന് വേണ്ട എന്താണോ ഒരു യഷ് ചിത്രത്തിന് വേണ്ട ചേരുവകൾ, അതെല്ലാം അണാ പൈ കുറയാതെ ഡെലിവർ ചെയ്യാൻ ഗീതു ശ്രദ്ധിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ ആദ്യപകുതി കഴിഞ്ഞു.

ആക്ഷൻ, വയലൻസ് എന്നിവയുടെ കാര്യം വരുമ്പോൾ, ക്യാമറക്ക് പിന്നിൽ ഒരു സ്ത്രീയാണ് എന്നതിന്റെ ഒരു സൗജന്യവും ഒരു സമയത്തും ടോക്സിക് തരുന്നില്ല, അല്ലെങ്കിലും അങ്ങനെ ഒരു എടുത്ത് പറച്ചിൽ ആവശ്യമില്ലാത്ത കാലത്താണ് ഗീതു മോഹൻദാസ് ഈ സിനിമ എടുക്കുന്നതും. കഥയും കഥാപരിസരങ്ങളും ഏറെ കണ്ടതാണെങ്കിലും, ലാർജർ ദാൻ ലൈഫ് ഫിഗറുള്ള യഷിനെ പോലെ ഒരു താരത്തെ കയ്യിൽ കിട്ടിയാൽ അത് വെച്ച് എന്തൊക്കെ ചെയ്യാം എന്നൊരു ടെക്സ്റ്റ് ബുക്കാണ് ടോക്സികിന്റെ ആദ്യപകുതി. ഒപ്പം ലേഡി സൂപ്പർ സ്റ്റാറെന്ന് പേരുള്ള നയൻതാരയ്ക്ക് പേരിനൊത്ത ഒരു ട്രിബ്യൂട്ട് കൂടിയാണ് ഗീതു എടുത്ത് വെച്ചിരിക്കുന്നത്. കാരക്ടർ ആർക്കിലും പ്ലേസ്മെന്റിലും ആർക്കും പിന്നിലല്ലാതെ നിന്ന ഗംഗയെ, നയൻതാര സ്വീകരിച്ചത് വെറുതെയല്ല.

സിനിമയ്ക്ക് 18 പ്ലസ് സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്, ടോക്സിക് - എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ് എന്നാണ് സിനിമയുടെ പേര് തന്നെയും. അതുകൊണ്ട് തന്നെ വയലൻസും മസാലയും കൂടിപ്പോയി എന്നതൊരു പരാതി പൊതുവെ ഉയർന്നുവരാൻ സാധ്യതയില്ല.

ഹൈ വോൾട്ടേജ് ആദ്യപകുതിയും മികച്ച രണ്ടാം പകുതിയും ചേർന്ന് ആകെ മൊത്തത്തിൽ യഷിന്റെ ഒരു ആക്ഷൻ പാക്കേജ് തന്നെയാണ് സിനിമ. സ്ക്രീൻ പ്രസൻസ് ആവട്ടെ, ആക്ഷൻ രംഗങ്ങളാവട്ടെ, ടെക്നിക്കൽ ക്വാളിറ്റിയാകട്ടെ, ടോക്സിക് ഗംഭീരമാക്കിയിട്ടുണ്ട്. യഷിനെ റോക്കി ഭായ്ക്ക് ഒപ്പം തന്നെ നിർത്താനായി രാജീവ് രവിയുടെ ക്യാമറയും രവി ബസ്റുറിന്റെ സ്കോറും അറിഞ്ഞ് പണിയെടുത്തിട്ടുണ്ടെങ്കിലും രണ്ടാം പകുതി പലപ്പോഴും രൺബീർ കപൂറിന്റെ അനിമലിനെ പലയിടത്തും ഓർമിപ്പിക്കുന്നുണ്ട് ടോക്സിക്. പ്രശ്നബാധിതമായ കുട്ടിക്കാലവും തുടർന്നുള്ള അതിജീവനവും കഴിഞ്ഞ് എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട രായയുടെ കഥാപാത്രം യഷ് എന്ന സൂപ്പർതാരത്തിന് എന്നും ഓർമ്മിക്കപ്പെടാനുള്ളതാണ്. യഷ് ആരാധകർക്കും ചിത്രം സമ്മാനിക്കുന്നത്.

യഷിനും നയൻതാരയ്ക്കും പുറമേ കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത്, സുദേവ് നായർ തുടങ്ങിയവും പ്രധാന വേഷങ്ങളിൽ തന്നെയുണ്ട്. ഇന്ത്യൻ ഗ്യാങ്സ്റ്റർ - ആക്ഷൻ മോഡിൽ വരുന്ന ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

PREV
Read more Articles on
click me!

Recommended Stories

Khalifa REVIEW: ഇനി വരാനുള്ളത് മാമ്പറയ്ക്കൽ അഹ്മദ് അലി; കയ്യടിപ്പിച്ച് പൃഥ്വിയും വൈശാഖും
ഫണ്‍, ഇമോഷണല്‍ റൈഡ്; 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' റിവ്യൂ