
തിയേറ്ററുകളിൽ പ്രേക്ഷകരെ കൊണ്ട് എങ്ങനെ കയ്യടിപ്പിക്കണമെന്ന് കൃത്യമായി അറിയാവുന്ന സംവിധായകനാണ് വൈശാഖ്. അദ്ദേഹത്തിന്റെ മുൻ സിനിമകൾ തന്നെയാണ് അതിനുള്ള തെളിവ്. ഖലീഫ അത്തരത്തിൽ പക്കാ വൈശാഖ് സിനിമയാണ്. മാമ്പറയ്ക്കൽ ആമിർ അലിയുടെ കഥായാണെങ്കിലും ഖലീഫയുടെ വേരുകൾ നീളുന്നത് മാമ്പറയ്ക്കൽ അഹ്മദ് അലിയിലേക്ക് കൂടിയാണ്. എന്താണ് ഖലീഫയുടെ ലോകം ചർച്ച ചെയ്യുന്നതെന്ന് ചിത്രത്തിന്റെ പുറത്തിറങ്ങിയ അപ്‌ഡേറ്റുകളിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ സൂചന നൽകിയിട്ടുണ്ട്. അത്തരം പ്രതീക്ഷകളോട് നീതിപുലർത്തുന്ന മേക്കിങ് തന്നെയാണ് ചിത്രത്തിന്റേത്. പൃഥ്വി- മോഹൻലാൽ ആരാധകരെ മാത്രം മുന്നിൽകണ്ടുകൊണ്ടല്ല വൈശാഖ് ചിത്രമൊരുക്കിയത്.
പഴയ സ്വർണ്ണകള്ളകടത്തുകാരൻ മാമ്പാറയ്ക്കൽ അഹ്മദ് അലിയുടെ പാരമ്പര്യം അവിചാരിതമായി തന്റെ കുടുംബത്തിന് മേൽ ചാർത്തപ്പെടുമ്പോൾ രൺജി പണിക്കർ അവതരിപ്പിച്ച യൂനുസ് അലി എന്ന കഥാപാത്രവും കുടുംബവും എങ്ങനെയാണ് അത്തരമൊരു പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നതെന്നും അത് പിന്നീട് തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിക്കുന്നതെന്നുമാണ് ഖലീഫയുടെ പ്രമേയം. കഥാപാത്രങ്ങളുടെ പ്രവർത്തികൾക്ക് കൃത്യമായ കാരണങ്ങളും അതിനെ ഭൂതകാലവുമായി ബന്ധപ്പെടുത്തുന്നതും സിനിമ പ്രേക്ഷകനെ കൃത്യമായും എൻഗേജ് ചെയ്ത് നിർത്തുന്നുണ്ട്. തിയേറ്റർ കാഴ്ചയ്ക്ക് വേണ്ടി ഡിസൈൻ ചെയ്തെടുത്ത കഥാപാത്ര നിർമ്മിതികളും, സംഭാഷണങ്ങളും സിനിമയോട് ഫെസ്റ്റിവ് മൂഡ് നിലനിർത്തുന്നുണ്ട്.
ഒരിക്കലും തന്റെ മുത്തച്ഛന്റെ പാത പിന്തുടരാൻ ആഗ്രഹമില്ലെന്ന് പറയുന്ന ആമിർ അലിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറുതെന്ന് തോന്നിക്കുന്ന എന്നാൽ അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സംഭാവത്തോടെയാണ് ഖലീഫ അതിന്റെ ട്രാക്കിൽ കയറുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് ഖലീഫയുടെ ഏറ്റവും വലിയ പോസിറ്റിവ്. പൃഥ്വിയെ പോലെ ഒരു നടനെ എങ്ങനെ ഒരു മാസ് സിനിമയിൽ അവതരിപ്പിക്കാം എന്നുള്ളതിൽ വൈശാഖ് എന്ന സംവിധായകൻ പൂർണമായും വിജയിച്ചുവെന്ന് തന്നെ പറയാവുന്നതാണ്. സിനിമയിൽ സംഘട്ടന രംഗങ്ങൾ തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്.
സിനിമയെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ മറ്റൊരു ഘടകം ജേക്സ് ബിജോയ്‌യുടെ സംഗീതവും പശ്ചാത്തല സംഗീതവുമാണ്. വൈകാരികമായ പല രംഗങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ജേക്സ് ബിജോയ് വഹിച്ച പങ്ക് ചെറുതല്ല. അതോടൊപ്പം തന്നെ സംഘട്ടന രംഗങ്ങളിലെ മാസ് ബിജിഎം തിയേറ്ററുകളിൽ സൃഷ്ടിക്കുന്ന ഓളവും ചെറുതല്ല. ഖലീഫയുടെ അപ്‌ഡേറ്റുകൾ പുറത്തുവന്നപ്പോൾ മുതൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമായിരുന്നു മാമ്പാറയ്ക്കൽ അഹ്മദ് അലി എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ കാമിയോ. ഖലീഫയുടെ രണ്ടാം ഭാഗം മാമ്പറയ്ക്കൽ അഹ്മദ് അലിയെ കേന്ദ്രീകരിച്ചാവുമെന്നതും സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകൾ വാനോളമുയർത്തി. അത്തരം പ്രതീക്ഷകളോടെല്ലാം നീതിപുലർത്തുന്ന അവതരണം തന്നെയായിരുന്നു മാമ്പാറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റേത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രം കൊണ്ട് മാത്രം സിനിമയ്ക്കുണ്ടാവുന്ന നേട്ടം ചെറുതല്ല എന്നത് തന്നെയാണ് ആദ്യ ദിനത്തിൽ തിയേറ്ററിലെ പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത്. ജേക്സ് ബിജോയ്‌യുടെ സംഗീതത്തിനും പശക്‌തല സംഗീതത്തിനുമൊപ്പം ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് വലിയ മുതൽകൂട്ടായിരുന്നു. എന്തായാലും ഇത്തവണത്തെ ഓണം സീസൺ ഖലീഫ കൊണ്ടുപോകുമോ എന്നത് തന്നെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കാര്യം.