കരിയറിലെ 200-ാം ചിത്രം; ഔസേപ്പച്ചന് ആശംസകളുമായി എ ആര്‍ റഹ്മാന്‍

By Web TeamFirst Published Oct 27, 2021, 5:16 PM IST
Highlights

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' ഔസേപ്പച്ചന്‍റെ 200-ാം ചിത്രമാണ്

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ (Ouseppachan) സംഗീത ജീവിതത്തിലെ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ചലച്ചിത്ര സംഗീതത്തില്‍ 200 ചിത്രങ്ങള്‍ (200 Movies) പിന്നിടുകയാണ് അദ്ദേഹം. ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' (Ellam Sheriyakum) ആണ് 200-ാം ചിത്രം. ചിത്രത്തിലെ 'പിന്നെന്തേ എന്തേ മുല്ലേ' എന്ന ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പ്രിയസുഹൃത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ (A R Rahman) ആണ്.

ദിലീപ് കുമാര്‍ എന്ന പേരില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരുന്ന കാലം മുതല്‍ റഹ്മാനുമൊത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഔസേപ്പച്ചന്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന ചില ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട് ഔസേപ്പച്ചന്‍. 'ഔസേപ്പച്ചന്‍ജീ' എന്ന് സംബോധന ചെയ്‍തുകൊണ്ടാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ റഹ്മാന്‍ ഔസേപ്പച്ചന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 200-ാം ചിത്രത്തിന് എല്ലാ ആശംസകളും നേരുന്ന അദ്ദേഹം ചിത്രത്തിലെ ഗാനത്തിന്‍റെ ലിങ്ക് പങ്കുവച്ചിട്ടുമുണ്ട്.

മനോഹര മെലഡിയുമായി ഔസേപ്പച്ചന്‍; 'എല്ലാം ശരിയാകും' വീഡിയോ ഗാനം

ആശംസകള്‍ക്ക് നന്ദി അറിയിച്ച് ഔസേപ്പച്ചനും പോസ്റ്റ് ചെയ്‍തിട്ടുണ്ട്. "നേട്ടങ്ങളുടെയും വിജയങ്ങളുടെയും കൊടുമുടിയിലും, നിങ്ങള്‍ എക്കാലത്തെയും പോലെ എളിമയോടെ നില്‍ക്കുന്നു. ഈ ഉദാര മനസ്‍കതയ്ക്ക് നന്ദി സുഹൃത്തേ", ഔസേപ്പച്ചന്‍ കുറിച്ചു. 

'പിന്നെന്തേ എന്തേ മുല്ലേ' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തിറക്കിയത്. തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം തിയറ്ററുകളിലെത്തിക്കും. 

click me!