ആവേശം വിതറി ജേക്സ് ബിജോയ്; 'വിലായത്ത് ബുദ്ധ'യിലെ പ്രൊമോ ഗാനം പുറത്ത്; പിന്നിൽ 'എൻജോയ് എൻജാമി' ടീം

Published : Nov 24, 2025, 08:41 PM IST
Vilayath Buddha promo song

Synopsis

പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ' സിനിമയുടെ പ്രൊമോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ആലപിച്ച ഗാനം ഒരുക്കിയത് 'എൻജോയ് എൻജാമി'യുടെ അണിയറപ്രവർത്തകരാണ്.

ആവേശത്തോടെ ആടിപ്പാടാൻ 'വിലായത്ത് ബുദ്ധ'യിലെ പ്രൊമോ ഗാനം പുറത്ത്. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേ‍ർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഭാഷാഭേദമന്യേ ലോകമാകെ ആരാധകരെ സൃഷ്ടിച്ച 'എന്‍ജോയ് എന്‍ജാമിയുടെ അണിയറ പ്രവർത്തകരാണ് ഈ പ്രൊമോ ഗാനത്തിന് പിന്നിലും ഒന്നിച്ചിരിക്കുന്നത്. ചടുലവും ആരും ചുവടുവെച്ചുപോകുന്നതുമാണ് ഈ ഗാനത്തിലെ വരികളും സംഗീതവും.

പ്രൊമോ ഗാനത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഏറെ പേരുകേട്ട മോക്ക സ്റ്റുഡിയോയിലെ അമിത്ത് കൃഷ്ണനാണ്. 'എൻജോയ് എൻജാമി' ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങളും കോക്ക് സ്റ്റുഡിയോയുടെ കീഴിൽ ഇറങ്ങിയിട്ടുള്ള ശ്രദ്ധേയ ഗാനങ്ങളുടേയും സംവിധാനം നി‍‍ർവ്വഹിച്ച് ഏറെ പ്രശംസ നേടിയയാളാണ് അമിത്ത് കൃഷ്ണൻ. 'എൻജോയ് എൻജാമി'യുടെ ക്യാമറ ചലിപ്പിച്ച അഭിമന്യൂ സദാനന്ദനാണ് ഈ പ്രൊമോ ഗാനത്തിന്‍റേയും ക്യാമറ. രാജ് ബി ഷെട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളായ 'കരാവലി', 'ജുഗാരി ക്രോസ്' എന്നീ സിനിമകൾക്കും ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഭിമന്യൂ സദാനന്ദനാണ്. ശ്രദ്ധേയ കോറിയാഗ്രഫറായ റിയ സൂദാണ് ഈ ഗാനത്തിന്‍റെ കോറിയോ ഗ്രാഫർ. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.

'വിലായത്ത് ബുദ്ധ'യുടെ തിയേറ്റർ റിലീസിന് പിന്നാലെയാണ് സിനിമയുടെ പ്രൊമോ സോങ്ങ് തരംഗം സൃഷ്ടിക്കാനായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഏവരേയും ആവേശപ്പെരുമഴയിൽ ആറാടിക്കാൻ പോന്നതെല്ലാം ഈ ഗാനത്തിലുണ്ട്. പൃഥ്വിരാജും ഷമ്മി തിലകനും മത്സരിച്ചഭിനയിച്ചിരിക്കുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ മികച്ച ജനപിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവു മികവ് പുലർത്തിയിട്ടുമുണ്ട്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്